ന്യൂഡൽഹി: മുതിർന്ന പൗരനെ തന്റെ ആഗ്രഹത്തിന് വിരുദ്ധമായി സ്വന്തം വീട് മക്കളുമായി പങ്കിടാൻ നിർബന്ധിക്കാനാവില്ലെന്ന് വ്യക്തമാക്കി ഡൽഹി ഹൈക്കോടതിയുടെ സുപ്രധാന വിധി. മാനസിക പീഡനവും മോശം പെരുമാറ്റവും ആരോപിച്ച് 85-കാരനായ പിതാവ് നൽകിയ ഹർജിയിൽ, അദ്ദേഹം സ്വന്തമായി സമ്പാദിച്ച വീട്ടിൽ നിന്ന് നാലാഴ്ചയ്ക്കുള്ളിൽ ഒഴിഞ്ഞുപോകാൻ മൂത്ത മകനോടും മരുമകളോടും കോടതി ഉത്തരവിട്ടു. വാർദ്ധക്യകാലത്ത് സ്വന്തം വീട്ടിൽ സമാധാനത്തോടെയും അന്തസ്സോടെയും ജീവിക്കാൻ അദ്ദേഹത്തിന് പൂർണ്ണ അവകാശമുണ്ടെന്ന് ജസ്റ്റിസ് അമിത് മഹാജൻ നിരീക്ഷിച്ചു.
നേരത്തെ, ‘മാതാപിതാക്കളുടെയും മുതിർന്ന പൗരന്മാരുടെയും ക്ഷേമവും സംരക്ഷണവും നിയമം’ (Maintenance and Welfare of Parents and Senior Citizens Act, 2007) പ്രകാരം മകനെയും മരുമകളെയും വീട്ടിൽ നിന്ന് ഒഴിപ്പിക്കണമെന്നും ജീവനാംശം നൽകണമെന്നും ആവശ്യപ്പെട്ട് 85-കാരൻ ജില്ലാ മജിസ്‌ട്രേറ്റിനെ സമീപിച്ചിരുന്നു. എന്നാൽ, പീഡന ആരോപണങ്ങൾ തെളിയിക്കാൻ കഴിഞ്ഞില്ലെന്നും, മക്കൾ തമ്മിലുള്ള ബിസിനസ്സ് തർക്കം തീർക്കാൻ പിതാവ് നിയമത്തെ ദുരുപയോഗം ചെയ്യുകയാണെന്നും ചൂണ്ടിക്കാട്ടി ജില്ലാ മജിസ്‌ട്രേറ്റ് പരാതി തള്ളുകയായിരുന്നു. ഇതിനെതിരെ വയോധികൻ നൽകിയ അപ്പീലിലാണ് ഹൈക്കോടതിയുടെ നിർണ്ണായക ഇടപെടൽ.
2022 മുതൽ മകനും മരുമകൾക്കുമെതിരെ നിയമപോരാട്ടം നടത്താനും കോടതി ഉത്തരവിലൂടെ പൊലീസ് സംരക്ഷണം തേടാനും നിർബന്ധിതനായ ഒരു പിതാവിനെ, ബന്ധങ്ങൾ ഇത്രയധികം വഷളായ സാഹചര്യത്തിൽ അവർക്കൊപ്പം താമസിക്കാൻ നിർബന്ധിക്കാനാവില്ലെന്ന് ജസ്റ്റിസ് അമിത് മഹാജൻ വ്യക്തമാക്കി. മക്കൾ തമ്മിലുള്ള ബിസിനസ്സ് തർക്കങ്ങളുടെ പേരിൽ പിതാവിന്റെ പരാതിയിലെ സത്യസന്ധതയെ സംശയിക്കാനോ അദ്ദേഹത്തിന് നിയമപരമായ സംരക്ഷണം നിഷേധിക്കാനോ കഴിയില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
മുതിർന്ന പൗരന്മാർക്ക് നേരെയുള്ള മക്കളുടെ പീഡനങ്ങൾ പലപ്പോഴും വീടിന്റെ നാലുചുവരുകൾക്കുള്ളിലാണ് നടക്കുന്നതെന്നും, അതിന് പുറമെ നിന്നുള്ള തെളിവുകൾ ഹാജരാക്കുക പ്രയാസമാണെന്നും കോടതി നിരീക്ഷിച്ചു. മക്കളെ സ്വന്തം വീട്ടിൽ നിന്ന് ഒഴിപ്പിക്കാൻ അവരുടെ മോശം പെരുമാറ്റത്തിന് വ്യക്തമായ തെളിവുകൾ ഹാജരാക്കണമെന്ന് നിയമം നിർബന്ധിക്കുന്നില്ല. സ്വന്തം വീട്ടിൽ സമാധാനത്തോടെയും അന്തസ്സോടെയും ജീവിക്കാൻ തന്റെ സ്വത്തിന് സംരക്ഷണം ആവശ്യമാണെന്ന് ബോധ്യപ്പെടുത്തിയാൽ മാത്രം മതിയെന്നും ഹൈക്കോടതി വ്യക്തമാക്കി.
2008-ൽ ഇളയ മകന്റെ വിവാഹത്തിന് ശേഷം മാറിത്താമസിക്കാൻ ആവശ്യപ്പെട്ടിട്ടും മൂത്ത മകനും ഭാര്യയും അതിന് തയ്യാറായില്ലെന്നും, പിന്നീട് ഇവരുടെ പെരുമാറ്റം മോശമാവുകയും സാമ്പത്തിക സഹായം നിർത്തലാക്കുകയും ചെയ്തതായി പിതാവ് ഹർജിയിൽ ആരോപിച്ചിരുന്നു. 2020-ൽ ഭാര്യ മരിച്ചതിന് ശേഷം പീഡനം രൂക്ഷമായതായും അദ്ദേഹം കോടതിയെ അറിയിച്ചു. നാലാഴ്ചയ്ക്കുള്ളിൽ ദമ്പതികൾ വീടൊഴിയുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ ബന്ധപ്പെട്ട സ്റ്റേഷൻ ഹൗസ് ഓഫീസർക്ക് (SHO) കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്.












