കേന്ദ്ര സർക്കാരിന്റെ മണ്ഡല പുനർനിർണ്ണയ (ഡീലിമിറ്റേഷൻ) ബില്ലിനെ എതിർക്കാൻ ഡിഎംകെ അധ്യക്ഷൻ എം.കെ. സ്റ്റാലിനോട് അഭ്യർത്ഥിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി രംഗത്തെത്തി. നവംബർ 30-ന് ആരംഭിക്കുന്ന പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിൽ അവതരിപ്പിക്കുന്ന ഭരണഘടനാ ഭേദഗതി ബില്ലിനെ ഒന്നിച്ച് നിന്ന് പരാജയപ്പെടുത്തണമെന്ന് എക്സ് പോസ്റ്റിലൂടെയാണ് രാഹുൽ ആവശ്യപ്പെട്ടത്. തമിഴ് വിരുദ്ധ ശക്തികൾക്കെതിരെ പാറപോലെ ഉറച്ചുനിന്ന ‘സഹോദരൻ’ എന്നാണ് രാഹുൽ സ്റ്റാലിനെ വിശേഷിപ്പിച്ചത്. ഭരണഘടനയെയും രാജ്യത്തിന്റെയും തമിഴ്‌നാടിന്റെയും താല്പര്യങ്ങളെയും സംരക്ഷിക്കാൻ ഈ ബില്ലിനെ എതിർക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. ലോക്‌സഭയിലെ സീറ്റുകളുടെ എണ്ണം 850 ആയി ഉയർത്തുന്നത് ബിജെപിക്കും ആർഎസ്എസിനും രാഷ്ട്രീയ നേട്ടമുണ്ടാക്കാൻ മാത്രമേ സഹായിക്കൂ എന്നും രാഹുൽ ഗാന്ധി ആരോപിച്ചു.
രാഹുൽ ഗാന്ധിയുടെ അഭ്യർത്ഥനയോട് പ്രതികരിച്ച എം.കെ. സ്റ്റാലിൻ, ഭരണഘടനയും സംസ്ഥാനങ്ങളുടെ അവകാശങ്ങളും സംരക്ഷിക്കുന്നതിൽ ഡിഎംകെയുടെ പങ്ക് അംഗീകരിച്ചതിന് നന്ദി അറിയിച്ചു. തമിഴ്‌നാടിന്റെയും തമിഴ് ജനതയുടെയും താല്പര്യങ്ങൾക്കാണ് തങ്ങൾ എപ്പോഴും പ്രഥമ പരിഗണന നൽകുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. ഈ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്നും ചരിത്രം തങ്ങളെ വീരപാണ്ഡ്യ കട്ടബൊമ്മൻമാരായാണ് വിലയിരുത്തുകയെന്നും ഒറ്റുകാരായിട്ടല്ലെന്നും സ്റ്റാലിൻ പറഞ്ഞു. എല്ലാ സംസ്ഥാനങ്ങളിലെയും ലോക്‌സഭാ സീറ്റുകൾ 50 ശതമാനം വർദ്ധിപ്പിക്കാനും 2051 വരെ നിലവിലെ അനുപാതം തുടരാനുമുള്ള കേന്ദ്രത്തിന്റെ പുതുക്കിയ നിർദ്ദേശങ്ങൾ തങ്ങളുടെ പ്രധാന ആവശ്യങ്ങൾ അംഗീകരിക്കുന്നതാണെന്നാണ് ഡിഎംകെയുടെ നിലപാട്.
ഇതിലൂടെ ലോക്‌സഭയിലെ തമിഴ്‌നാടിന്റെ നിലവിലുള്ള 7.18 ശതമാനം പ്രാതിനിധ്യം നഷ്ടമാകില്ലെന്നും സീറ്റുകളുടെ എണ്ണം 39-ൽ നിന്ന് 59 ആയി ഉയരുമെന്നും ഡിഎംകെ ചൂണ്ടിക്കാട്ടുന്നു.
മണ്ഡല പുനർനിർണ്ണയ ബില്ലിനെ അനുകൂലിക്കാൻ ഡിഎംകെ എംപിമാരുടെ യോഗം തീരുമാനിച്ചതിന് പിന്നാലെയാണ് പ്രതിപക്ഷ സഖ്യമായ ഇന്ത്യ (INDIA) മുന്നണിയിലെ നേതാക്കൾ അനുനയ നീക്കങ്ങളുമായി ചെന്നൈയിലെത്തിയത്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, സോണിയ ഗാന്ധി, രാഹുൽ ഗാന്ധി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സ്റ്റാലിനുമായി നേരിട്ട് ചർച്ച നടത്തുന്നുണ്ട്. ഡിഎംകെയ്ക്ക് പുറമെ എൻസിപി (ശരദ് പവാർ വിഭാഗം), വൈഎസ്ആർസിപി എന്നീ പാർട്ടികളും ബില്ലിനെ പിന്തുണയ്ക്കാൻ തീരുമാനിച്ചത് പ്രതിപക്ഷ നിരയിൽ വലിയ സമ്മർദ്ദമുണ്ടാക്കിയിട്ടുണ്ട്. മുംബൈയിലെത്തി ശരദ് പവാറിനെ കണ്ട് നിലപാട് മാറ്റാൻ ആവശ്യപ്പെടാനും പ്രതിപക്ഷ നേതാക്കൾ തീരുമാനിച്ചിട്ടുണ്ട്. അതേസമയം, വനിതാ സംവരണം നടപ്പിലാക്കുന്നതിനെ എതിർക്കുന്നവരാണ് ബില്ലിനെതിരെ രംഗത്തുവരുന്നതെന്നാണ് ബിജെപി നേതാക്കളുടെ ആരോപണം.







