കേരളത്തിലെ ജനന-മരണ രജിസ്ട്രേഷൻ നടപടികളിൽ സംസ്ഥാന സർക്കാർ സുപ്രധാന മാറ്റങ്ങൾ വരുത്തി. രജിസ്ട്രേഷൻ രേഖകളിൽ പേര്, ലിംഗം എന്നിവ രേഖപ്പെടുത്തുന്ന രീതിയിലാണ് പുതിയ പരിഷ്കാരങ്ങൾ കൊണ്ടുവന്നത്. ഇനിമുതൽ ലിംഗവിഭാഗങ്ങളുടെ പട്ടികയിൽ ട്രാൻസ്ജെൻഡർ വിഭാഗത്തെയും ഉൾപ്പെടുത്തിയിട്ടുണ്ട്. പേര് രേഖപ്പെടുത്തുമ്പോൾ ഫസ്റ്റ് നെയിം, മിഡിൽ നെയിം, ലാസ്റ്റ് നെയിം എന്നിങ്ങനെ പൂർണ്ണമായി തന്നെ എഴുതണം, ഇനീഷ്യലുകളോ ചുരുക്കെഴുത്തുകളോ ഉപയോഗിക്കാൻ പാടില്ല. 2023-ൽ കേന്ദ്ര സർക്കാർ നിർദ്ദേശിച്ച ഭേദഗതികളുടെ അടിസ്ഥാനത്തിലാണ് സംസ്ഥാനത്ത് ഈ മാറ്റങ്ങൾ നടപ്പാക്കുന്നത്.
കുട്ടികളെ ദത്തെടുക്കുന്ന നടപടികൾ ഇനിമുതൽ പ്രത്യേക ഫോമിൽ (ഫോറം നമ്പർ 1) രജിസ്റ്റർ ചെയ്യണമെന്നും പുതിയ ചട്ടത്തിൽ വ്യവസ്ഥയുണ്ട്. മരണകാരണ സർട്ടിഫിക്കറ്റിൽ മുൻകാല രോഗവിവരങ്ങളും ഉൾപ്പെടുത്തേണ്ടതുണ്ട്. രേഖകൾ കൃത്യവും പൂർണ്ണവുമാക്കാൻ ഈ മാറ്റങ്ങൾ സഹായിക്കുമെന്നാണ് കരുതപ്പെടുന്നത്.
ജനന-മരണ രജിസ്ട്രേഷൻ വൈകുന്ന സാഹചര്യങ്ങളിൽ ഈടാക്കുന്ന ഫീസും പുതിയ ചട്ടപ്രകാരം കൂട്ടിയിട്ടുണ്ട്.
21 മുതൽ 30 ദിവസം വരെ വൈകിയാൽ നേരത്തെ രണ്ട് രൂപയായിരുന്ന ഫീസ് ഇനി 20 രൂപയായിരിക്കും. 30 ദിവസത്തിന് ശേഷം ഒരു വർഷത്തിനുള്ളിൽ രജിസ്റ്റർ ചെയ്യാൻ 50 രൂപ ഫീസ് നൽകണം, ഇതിന് ജില്ലാ രജിസ്ട്രാറുടെയോ അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥന്റെയോ അനുമതി ആവശ്യമാണ്. ഒരു വർഷത്തിൽ കൂടുതൽ വൈകിയാൽ മജിസ്ട്രേറ്റിന്റെ ഉത്തരവ് വേണ്ടിവരും, കൂടാതെ പേര് ചേർക്കാതെ രജിസ്റ്റർ ചെയ്ത ജനനങ്ങളിൽ 15 വർഷം കഴിഞ്ഞാൽ പേര് ചേർക്കാനാകില്ലെന്ന കേന്ദ്ര വ്യവസ്ഥയും ചർച്ചയാകുന്നുണ്ട്.











