സി.പി.എം. വോളന്റിയര്‍സേനയ്ക്ക് ആര്‍.എസ്.എസ്. മോഡല്‍ കുറുവടി നല്‍കാന്‍ തീരുമാനം

Published by
Brave India Desk

കണ്ണൂര്‍: വോളന്റിയര്‍ സേനയ്ക്ക് പുതിയ പരിഷ്‌കരണവുമായി സി.പി.എം.ചുവപ്പുസേനയ്ക്ക് ആര്‍.എസ്.എസ്. മാതൃകയില്‍ കുറുവടി നല്കാനാണ് തീരുമാനം. യുവാക്കളില്‍നിന്ന് പാര്‍ട്ടി അകന്നുപോകുന്നുവെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണിത്. ഇവര്‍ക്ക് പ്രത്യേക പരിശീലനം നല്കി സംസ്ഥാനത്താകെ പ്രതിരോധമാര്‍ച്ച് നടത്താനും തീരുമാനിച്ചിട്ടുണ്ട്. ആദ്യ ശക്തിപ്രകടനം മെയ് 26ന് കണ്ണൂര്‍ നഗരത്തിലായിരിക്കും. കുറുവടിയേന്തിയ ചുവപ്പ് വോളന്റിയര്‍മാരാണ് പ്രതിരോധമാര്‍ച്ചില്‍ പങ്കെടുക്കുന്നത്.

സി.പി.എം. വോളന്റിയര്‍സേന രൂപവത്കരിച്ച ആദ്യകാലങ്ങളില്‍ ഇവര്‍ക്ക് കുറുവടി നല്കിയിരുന്നു. എന്നാല്‍, അപൂര്‍വമായി മാത്രമേ മാര്‍ച്ചിന് കുറുവടി ഉപയോഗിച്ചിട്ടുള്ളൂ. ബി.ജെ.പി.യുടേയും ആര്‍.എസ്.എസ്സിന്റേയും ആയോധന പരിശീലനങ്ങളില്‍ യുവാക്കള്‍ ആകൃഷ്ടരാകുന്നത് വിലയിരുത്തിയാണ് വോളന്റിയര്‍സേന പരിഷ്‌കരിക്കാന്‍ സി.പി.എം. തീരുമാനിച്ചത്. അതിന്റെ ആദ്യപടിയാണ് കുറുവടിയുടെ തിരിച്ചുവരവും അതിന്റെ പ്രയോഗപരിശീലനവും.

ഒരു ലോക്കല്‍ കമ്മിറ്റിക്കുകീഴില്‍നിന്ന് 30 വോളന്റിയര്‍മാര്‍ക്കാണ് കണ്ണൂരില്‍ പരിശീലനം നല്കുന്നത്. ഓരോ ലോക്കല്‍ കേന്ദ്രങ്ങളിലുമാണ് പരിശീലനം നല്‍കുന്നത്. ഏരിയാ ജില്ലാ തലങ്ങളില്‍നിന്ന് തിരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് നേരത്തേ പ്രത്യേക പരിശീലനക്യാമ്പ് സംഘടിപ്പിച്ചിരുന്നു. ഇവരാണ് ലോക്കല്‍തലത്തിലെ പരിശീലകര്‍.
കുറുവടിസേനയുടെ മാര്‍ച്ചിനൊപ്പം എല്ലാ ജില്ലയിലും റാലിയും ഒരുക്കണമെന്നാണ് സി.പി.എം. നിര്‍ദേശം. കണ്ണൂര്‍ ഇതിന്റെ മാതൃകയാകും. പതിനായിരത്തോളം വോളന്റിയര്‍മാരെ മാര്‍ച്ചില്‍ അണിനിരത്താനാണ് ജില്ലാ നേതാക്കളുടെ ശ്രമം. മലബാര്‍ മേഖലയില്‍ പാര്‍ട്ടി കേന്ദ്രങ്ങളില്‍പ്പോലും ആര്‍.എസ്.എസ്. ശാഖകള്‍ തുടങ്ങിയതാണ് സി.പി.എമ്മിനെ മാറ്റി ചിന്തിപ്പിച്ചത്.

കോഴിക്കോട് ജില്ലയിലെ വടകര, ഓര്‍ക്കാട്ടേരി, അഴിയൂര്‍, നാദാപുരം മേഖലകളില്‍ ആര്‍.എസ്.എസ്. പുതുതായി ശാഖകള്‍ തുടങ്ങി. ഇതില്‍ പോകുന്നതിലേറെയും സി.പി.എമ്മിനും ഇടതുപക്ഷത്തിനും ഒപ്പംനിന്ന യുവാക്കളാണ്. കണ്ണൂരില്‍ ചിറക്കുനി, അണ്ടല്ലൂര്‍ക്കാവ്, പാറപ്രം, പിണറായി തുടങ്ങിയ സ്ഥലങ്ങളിലും സംഘപരിവാര്‍ സംഘടനകളുടെ സ്വാധീനം കൂടിയിട്ടുണ്ട്. പാര്‍ട്ടി അംഗങ്ങളുടെ കൊഴിഞ്ഞുപോക്കും യുവജനങ്ങളെ ആകര്‍ഷിക്കാന്‍ കഴിയാത്തതും വീഴ്ചയായി സി.പി.എം. സംഘടനാറിപ്പോര്‍ട്ടില്‍ വിലയിരുത്തുന്നുണ്ട്.

പാര്‍ട്ടി അംഗങ്ങള്‍ക്കെതിരെയുള്ള അതിക്രമങ്ങളെ ചെറുക്കാന്‍ എസ്.ഡി. എന്ന ചുരുക്കപ്പേരില്‍ സി.പി.എമ്മിന് പ്രതിരോധസേന നിലവിലുണ്ട്. ഇവര്‍ ആരാണെന്നുള്ളതും പരിശീലനം നല്കുന്നതും രഹസ്യമായിരിക്കും. അതിനുപുറമെ വോളന്റിയര്‍സേനയില്‍ അംഗമായവര്‍ക്കുകൂടി കായികക്ഷമതാപരിശീലനും ആയോധന പരിശീനവും നല്കാനാണ് തീരുമാനം. പാര്‍ട്ടി അംഗങ്ങളുടെ മാനസികശാരീരിക ആരോഗ്യത്തിന് യോഗപോലുള്ള വ്യായാമങ്ങളും സി.പി.എം. നടപ്പാക്കുന്നുണ്ട്.

Share
Leave a Comment