“ക്ഷേത്രം എന്നും ഭക്തരുടേത്. ദേവസ്വത്തിന്റെ സ്വത്തല്ല ക്ഷേത്രങ്ങള്‍. ആചാരങ്ങള്‍ ലംഘിക്കാന്‍ സര്‍ക്കാരിന് അവകാശമില്ല”: പിണറായിക്ക് മറുപടിയായി പന്തളം രാജകുടുംബം

Published by
Brave India Desk

ശബരിമലയില്‍ യുവതി പ്രവേശന വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി മുന്നോട്ട് വന്നിരിക്കുകയാണ് പന്തളം രാജകുടുംബം. ക്ഷേത്രം എന്നും ഭക്തരുടേതാണെന്നും ക്ഷേത്രത്തില്‍ നടത്തിവരുന്ന ആചാരങ്ങള്‍ ലംഘിക്കാന്‍ സര്‍ക്കാരിന് അവകാശമില്ലെന്നും പന്തളം കൊട്ടാരം ട്രസ്റ്റ് പ്രസിഡന്റ് പി.ജി.ശശികുമാര്‍ പറഞ്ഞു.

1949ലെ കവനന്റ് പ്രകാരം ക്ഷേത്രങ്ങളിലെ എല്ലാ ആചാരങ്ങളും ഒരു ദോഷവും കൂടാതെ സര്‍ക്കാര്‍ നടപ്പിലാക്കുമെന്ന് പറഞ്ഞിട്ടുണ്ട്. ‘ക്ഷേത്രം ഭരിച്ചിരുന്നവരുടെ മേല്‍ക്കോയ്മ അവകാശമാണ് ദേവസ്വം ബോര്‍ഡിന് നല്‍കിയിട്ടുള്ളത്. ഭരണാധികാരി ചെയ്തുകൊണ്ടിരുന്ന എല്ലാ കാര്യങ്ങളും അന്ന് മുതല്‍ ചെയ്യാനുള്ള അധികാരം ദേവസ്വത്തിന് നല്‍കുകയായിരുന്നു. എന്നാല്‍ നിലവിലുള്ള ആചാരങ്ങള്‍ തുടര്‍ന്ന് കൊണ്ട് പോകുമെന്നും സര്‍ക്കാര്‍ കവനന്റില്‍ പറയുന്നുണ്ട്,’ ശശികുമാര്‍ പറഞ്ഞു

രാജ്യങ്ങള്‍ ഇന്ത്യന്‍ യൂണിയനിലേക്ക് ലയിപ്പിക്കുമ്പോള്‍ തയ്യാറാക്കുന്നതാണ് കവനന്റ്. 949ല്‍ തിരുവിതാംകൂര്‍, കൊച്ചി എന്നീ രാജ്യങ്ങള്‍ ഇന്ത്യന്‍ യൂണിയനിലേക്ക് ലയിപ്പിക്കുന്ന സമയത്താണ് കവനന്റ് തയ്യാറാക്കിയത്.

പന്തളം രാജകുടുംബം ഒരിക്കലും ശബരിമലയിലെ വരുമാനത്തിലേക്ക് കണ്ണുനട്ടിരുന്നിട്ടില്ലെന്നും ശശികുമാര്‍ പറഞ്ഞു. സര്‍ക്കാരിനെ പോലെ അഞ്ച് വര്‍ഷം കൂടുമ്പോള്‍ തീരുന്നതല്ല പന്തളം രാജകുടുംബത്തിന് ശബരിമലയുമായുള്ള ബന്ധമെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ കുറച്ച് ദിവസങ്ങളില്‍ ശബരിമലയില്‍ നടന്നത് യുദ്ധസമാനമായ കാര്യങ്ങളാണെന്നും നിലയ്ക്കലില്‍ പോലീസ് ആദ്യം അടിച്ചത് മലയരയന്മാരെയാണെന്നും പന്തളം രാജകുടുംബം വ്യക്തമാക്കി. ഇത് ആരും കാണിച്ചില്ലെന്നും അവര്‍ പറഞ്ഞു.

അതേസമയം ക്ഷേത്രത്തില്‍ പ്രവേശിക്കാനായി വന്ന യുവതികള്‍ ഭക്തരല്ലെന്നും ശശികുമാര്‍ പറഞ്ഞു. ശബരിമലയില്‍ വരുന്ന ഭക്തര്‍ക്ക് അടിസ്ഥാന സൗകര്യം പോലും നല്‍കാതെയാണ് സര്‍ക്കാര്‍ വിശ്വാസികളല്ലാത്ത യുവതികള്‍ക്ക് സംരക്ഷണം നല്‍കിയതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഇത് കൂടാതെ ക്ഷേത്രത്തിന്റെ ഉടമസ്ഥര്‍ ദേവസ്വമാണെന്ന് വാദവും തെറ്റാണെന്ന് പന്തളം രാജകുടുംബം പറഞ്ഞു. കവനന്റ് പ്രകാരം ക്ഷേത്രത്തിന്റെ ട്രസ്റ്റി എന്ന രീതിയിലാണ് ദേവസ്വം പ്രവര്‍ത്തിക്കുന്നതെന്ന് പന്തളം കൊട്ടാരം സെക്രട്ടറി നാരായണ വര്‍മ്മ പറഞ്ഞു. ‘കവനന്റ് ഒരു അടിത്തറയാക്കിയാണ് ദേവസ്വം ആക്റ്റ് വന്നത്. അത് കൊണ്ട് തന്നെ ദേവസ്വമല്ല ക്ഷേത്രത്തിന്റെ ഉടമസ്ഥര്‍,’ അദ്ദേഹം പറഞ്ഞു.

ഇത് കൂടാതെ ക്ഷേത്രത്തിന്റെ ആചാരങ്ങളെപ്പറ്റിയുള്ള ആവസാന വാക്ക് നല്‍കാനുള്ള അധികാരം ക്ഷേത്ര തന്ത്രിക്കാണെന്ന് നാരായണ വര്‍മ്മ ദേവസ്വം ആക്റ്റിനെ ചൂണ്ടി പറഞ്ഞു. ആചാരങ്ങളില്‍ ലംഘനം വന്നാല്‍ ക്ഷേത്രേശന്മാരായ പന്തളം രാജകുടുംബത്തിന് ശബരിമല അടച്ച് പരിഹാര കര്‍മ്മങ്ങള്‍ ചെയ്യാനുള്ള അധികാരമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Share
Leave a Comment

Recent News