വീട്ടിലും ബലിതർപ്പണം നടത്താം; ഒരുക്കങ്ങൾ ഇങ്ങനെ

Published by
Brave India Desk

കർക്കിട വാവുബലിയ്ക്ക് ഇനി മണിക്കൂറുകൾ മാത്രം. ക്ഷേത്ര സന്നിധികളിലും സമുദ്ര-നദീ തീരത്തോ പോയി ബലിയിടാനുള്ള സാഹചര്യമില്ലെന്ന വിഷമത്തിലാണ് പലരും. എന്നാൽ മനസ് വെച്ചാൽ പിതൃക്കൾക്കായി വീട്ടിൽ ബലിതർപ്പണം നടത്താം. ക്രിയകളേക്കാൾ പ്രധാനം ആത്മസമർപ്പണത്തിനാണ്. പൂർണമായ ആത്മാർത്ഥതയോടെ ബലിതർപ്പണം നടത്തിയാൽ പിതൃക്കൾ പൂർണ മനസോടെ സ്വീകരിക്കുമെന്ന് തീർച്ച.

ബലി മുടക്കാൻ പാടില്ലെന്നാണ് വിശ്വാസം. ആണ്ടിൽ ഒരിക്കലെങ്കിലും പിതൃക്കൾക്ക് ബലി ഇട്ടേ തീരു എന്നാണ്. കാരണം ജ്യോതിഷ പ്രകാരം മനുഷ്യന്റെ ജീവിത വിജയത്തിന് തടസ്സം ആയേക്കാവുന്ന മൂന്ന് കാര്യങ്ങൾ പിതൃകോപം,ധർമ്മ ദേവത അപ്രീതി, സർപ്പകോപം എന്നിവയാണ്. ഇതിൽ സുപ്രധാനമാണ് പിതൃ ഋണം. ഇത് മാറ്റാനും പിതൃക്കളുടെ ആത്മശാന്തിക്കും അതുവഴി അവരുടെ അനുഗ്രഹം കുടുംബത്തിന് ലഭിക്കാനുമാണ് ബലി തർപ്പണം.

ഒരു നാക്കില, നാലോ അഞ്ചോ ദർഭപ്പുല്ല്, നിലവിളക്ക് തെക്കുവടക്ക് തിരിയായി വെക്കുക, കിണ്ടിയിൽ വെള്ളം, ചന്ദനം, ചെറുള ഇല, തുളസി, പുഷ്പങ്ങൾ, എള്ള്, എള്ള്, പിണ്ഡം (പച്ചരിയും എള്ളും ശർക്കരയും പഴവും തേനും ചേർത്ത് കുഴച്ചത്), വാഴയില, ദർഭ (പവിത്രം) എന്നിവയാണ് ബലിതർപ്പണത്തിന് ആവശ്യമായ വസ്തുക്കൾ.

ബലി തർപ്പണം ചെയ്യേണ്ട വിധം

ചാണകം കൊണ്ട് ബലിയിടാൻ ഉദ്ദേശിക്കുന്ന സ്ഥലം മെഴുകുക. ചാണകം ലഭ്യമല്ലെങ്കിൽ ജലം ഉപയോഗിച്ച് ശുദ്ധമാക്കുക. രണ്ടു തിരിയിട്ട് ഒരു നിലവിളക്ക് കൊളുത്തി വെക്കുക. ഒരു തിരി തെക്കോട്ടും, ഒരു തിരി വടക്കോട്ടുമാണ് കത്തിക്കേണ്ടത്. വൃത്തിയാക്കിയ ഇടത്ത് നാക്കില വയ്ക്കുക. ഇതിൽ മൂന്നുപിടി രച്ചരിയും എള്ളും ചേർത്ത് കുഴച്ചുവയ്ക്കുക. നാക്കിലയുടെ ഇടതുവശത്ത് ചെറൂള എന്ന ചെടിയുടെ ഇലയും പുഷ്പവും വയ്ക്കുക. ചെറൂല ലഭിച്ചില്ലെങ്കിൽ പൂക്കളും തുളസിയും ഉപയോഗിക്കുക. ബലി ഇടുന്ന ആൾ അതിരാവിലെ കുളിക്കണം. ആദ്യം ഭഗവാനിനായി കുറച്ച് നേദ്യം തയ്യാറാക്കുക. ഈ നേദ്യം ഉരുട്ടി ഒരു ഉരുളയാക്കി വെക്കുക. കിണ്ടി തെക്കോട്ട് തിരിച്ച് വെച്ച് ബലിയിടുന്ന വ്യക്തിയും തെക്കോട്ട് തിരിഞ്ഞ് ഇരിക്കുക. എന്നാൽ ഇരിക്കുമ്പോൾ ഒരിക്കലും വെറും നിലത്ത് ഇരിക്കരുത്. ഒരു പലകയോ മറ്റോ ഇട്ടതിന് ശേഷം മാത്രം അതിന്റെ പുറത്ത് ഇരിക്കാൻ ശ്രദ്ധിക്കുക.

കുളിച്ച് ശുദ്ധമായി വന്ന് അഞ്ച് തിരിയിട്ട നിലവിളക്ക് കൊളുത്തി വെക്കുക. തെക്കോട്ട് തിരിഞ്ഞിരുന്ന് മുന്നിൽ തളിച്ച് ശുദ്ധമാക്കി തൂശനില തെക്കോട്ടായി വെച്ച് പൂവെടുത്ത് പ്രാർത്ഥിക്കുക (ശുക്ലാംബരധരം വിഷ്ണും ശശിവർണം ചതുർഭുജം, പ്രസന്നവദനം ധ്യായേത് സർവവിഘ്നോപശാന്തയേ),കൈകൾ കൂപ്പി ഹൃദയത്തോടു ചേർത്തുവച്ച് കണ്ണുകൾ അടച്ചുവച്ച് നട്ടെല്ലു നിവർത്തി ‘മമ ഉപാത്ത സമസ്ത ദുരിത ക്ഷയദ്വാരാ ശ്രീ പിതൃ പരമ്പരാ പ്രീത്യർത്ഥം പാർവ്വണ ശ്രാദ്ധം അഹം കരിഷ്യേ എന്നു ചൊല്ലുക.അതിന് ശേഷം ഒരു കൈയ്യിൽ അൽപം പുഷ്പം, ചന്ദനം എന്നിവ എടുത്ത് ഒരു കൈ കൊണ്ട് കിണ്ടി അടച്ച് പിടിച്ച് സപ്തനദികളെ മനസ്സിൽ ധ്യാനിക്കുക. ‘ഗംഗേ ച യമുനേ ചൈവ/ഗോദാവരി സരസ്വതി/ നർമ്മദേ സിന്ധു കാവേരി/ ജലേസ്മിൻ സന്നിധിം കുരു’ എന്ന മന്ത്രം ചൊല്ലിയാണ് പുണ്യനദികളെ ആവാഹിക്കുന്നത്.

അതിന് ശേഷം കുറച്ച് വെള്ളം എടുത്ത് തെക്കോട്ട് തിരിച്ചിട്ടിരിക്കുന്ന ഇലയുടെ നടുവിൽ തളിക്കുക. അതിന് ശേഷം പുഷ്പവും എള്ളും കൈയ്യിലെടുത്ത് അത് അൽപം ചന്ദന വെള്ളത്തിൽ മുക്കി രണ്ട് കൈകൾ കൊണ്ടും തൊഴുത് പിടിച്ച് പ്രാർത്ഥിച്ച ശേഷം കൈകൾ തലക്ക് മുകളിൽ ഉയർത്ത് പിതൃക്കളെ സ്മരിച്ച് കൈക്കൊള്ളുന്ന ബലി സ്വീകരിക്കണം എന്ന് പ്രാർത്ഥിച്ച് ആ പുഷ്പം ദർഭപ്പുല്ലിന്റേയും ഇലയുടേയും നടുവിൽ വെക്കുക. എന്നിട്ട് തൊഴുത് പ്രാർത്ഥിക്കുക. തൊഴുമ്പോൾ ശ്രദ്ധിക്കണം. ക്ഷേത്രത്തിലെങ്കിൽ മാത്രമാണ് കൈകൾ മുകളിലേക്ക് ഉയർത്തി തൊഴേണ്ടത്. എന്നാൽ പിതൃക്കളെ കൈകൾ കീഴ്പ്പോട്ടാക്കിയാണ് തൊഴേണ്ടത്.

ഇത് കഴിഞ്ഞ് കിണ്ടിയിൽ നിന്ന് മൂന്ന് പ്രാവശ്യം വെള്ളം ഇലയുടെ മധ്യത്തിൽ ഒഴിച്ച് കൊടുക്കേണ്ടതാണ്. വെള്ളമൊഴിക്കുമ്പോൾ ചൂണ്ടുവിരലിനും നടുവിരലിനും ഇടയിലൂടെയാണെങ്കിൽ ഉത്തമം എന്നാണ് പറയുന്നത്. ഇതിനെ പിതൃതീർത്ഥം എന്നും പറയുന്നുണ്ട്. മൂന്ന് പ്രാവശ്യം മുൻപ് ചെയ്ത പോലെ തന്നെ പുഷ്പവും ചന്ദനവും വെച്ച് ആരാധിക്കുക. അതിന് ശേഷം പിണ്ഡം കൈയ്യിലെടുത്ത് അതിൽ എള്ള് നല്ലതുപോലെ ചേർക്കുക. പിന്നീട് പിണ്ഡം കൈയ്യിലെടുത്ത് പിതൃക്കളെ നല്ലതുപോലെ മനസ്സിൽ സ്മരിക്കുക.

‘വസുരുദ്ര ആദിത്യ സ്വരൂപാൻ
അസ്മത് പിതൃ പിതാമഹ പ്രപിതാമഹ
മാതൃ മാതാമഹ മാതൃ പിതാമഹ മാതൃ പിതാമഹീൻ ധ്യായാമി അസ്മിൻ കൂർച്ചേ ഉഭയ വംശ പിതൃൺ ആവാഹയാമി, സ്ഥാപയാമി, പൂജയാമി. ശേഷം കൈകൂപ്പി മമ വർഗ്ഗ ദ്വയ പിതൃഭ്യോ നമഃ എന്ന് ചൊല്ലി അച്ഛന്റേയും അമ്മയുടേയും വംശത്തിലെ മുഴുവൻ പിതൃക്കളേയും സ്മരിയ്ക്കുക. ശേഷം ഓം നമോ നാരായണായ എന്ന മന്ത്രം കൊണ്ട് 3 തവണ തീർത്ഥം അർപ്പിക്കുക.

നല്ലതു പോലെ പ്രാർത്ഥിച്ച ശേഷം പിണ്ഡം ഇലയിൽ സമർപ്പിക്കുക. പിതൃകർമ്മങ്ങൾ ചെയ്യുമ്പോൾ സ്വധാ എന്ന് പറഞ്ഞു സമർപ്പിക്കുന്നതാണ് ഉത്തമം. തുടർന്ന് ഒന്നു കൂടി കീഴ്പ്പോട്ട് തൊഴുത് പ്രാർത്ഥിക്കുക. പിണ്ഡം സമർപ്പിച്ചതിന് ശേഷം മൂന്ന് പ്രാവശ്യം കിണ്ടിയിലെ വെള്ളം സമർപ്പിക്കുക, അതിന് ശേഷം മൂന്ന് തവണ ചന്ദനവെള്ളം സമർപ്പിക്കുക, മൂന്ന് പ്രാവശ്യം പുഷ്പം സമർപ്പിക്കുക.ശേഷം ഒരു പൂവെടുത്ത്

ആദിപിതൃൺ ആവാഹയാമി, സ്ഥാപയാമി, പൂജയാമി എന്ന് ചൊല്ലി ആദി പിതൃക്കളെ സ്മരിച്ച് പീഠത്തിൽ സമർപ്പിയ്ക്കുക. നേരത്തെ തയ്യാറാക്കിവെച്ച ചോറുരുള എള്ള് കൂട്ടി വലതു കയ്യിൽ എടുത്ത് ഹൃദയത്തോട് ചേർത്തുപിടിച്ച് കണ്ണുകൾ അടച്ചുവച്ച് നട്ടെല്ല് നിവർത്തി ഇനിപ്പറയുന്ന മന്ത്രം ചൊല്ലുക
മാതൃ വംശേ മൃതായേ ച/ പിതൃ വംശേ തഥൈവ ച/ ഗുരുശ്വശുര ബന്ധൂനാം/ യേ ചാന്യേ ബാന്ധവാ മൃതാ: തിലോദകം ച പിണ്ഡം ച/ പിതൃനാം പരിതുഷ്ടയേ

സമർപ്പയാമി ഭക്ത്യാഹം/ പ്രാർത്ഥയാമീ പ്രസീദ മേ
പിണ്ഡം പീഠത്തിലേക്കു സമർപ്പിക്കുക.

പിന്നീട് പതുക്കെ എഴുന്നേറ്റ് പിണ്ഡത്തിനേയും നിലവിളക്കിനേയും മൂന്ന് പ്രാവശ്യം വലം വെച്ച് തെക്കോട്ട് നമസ്‌കരിക്കുക.
യാനി കാനി ച പാപാനി/ ജന്മാന്തരകൃതാനി ച/ താനി താനി വിനശ്യന്തി/ പ്രദക്ഷിണ പദേ പദേ എന്ന് ചൊല്ലിയാണ് നമസ്‌കരിക്കേണ്ടത്. അതിന് ശേഷം അവിടെ തന്നെ ഇരുന്ന് പുഷ്പം രണ്ട് കൈയ്യിലും എടുത്ത് പ്രാർത്ഥിച്ച് ആ പുഷ്പം മുകളിലേക്ക് ഇടുക. പവിത്രം കെട്ടഴിച്ച് കളയുക. ശേഷം പിണ്ഡവും ഇലയും എല്ലാം എടുത്ത് പുറത്ത് വെച്ച് കൈകൊട്ടി കാക്കയെ വിളിക്കുക. അല്ലെങ്കിൽ ജലാശയങ്ങളിൽ ഒഴുക്കിക്കളയാവുന്നതും ആണ്. വൃത്തിയുള്ള ശുദ്ധിയുള്ള സ്ഥലത്താണ് പിണ്ഡം നിമഞ്ജനം ചെയ്യേണ്ടത് എന്നുള്ളതാണ് ശ്രദ്ധിക്കേണ്ട കാര്യം

Share
Leave a Comment

Recent News