എറണാകുളം: ചെകുത്താൻ എന്ന് അറിയപ്പെടുന്ന യൂട്യൂബർ അജു അലക്‌സിനെതിരെ നിയമ നടപടിയുമായി നടൻ ബാല. അപകീർത്തിപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടി അജുവിന് ബാല വക്കീൽ നോട്ടീസ് നൽകി. ഇതിന് പുറമേ പാലാരിവട്ടം പോലീസിൽ പരാതിയും നൽകിയിട്ടുണ്ട്.
വീട് കയറി ആക്രമിച്ചുവെന്ന അജുവിന്റെ പ്രസ്താവന അടിസ്ഥാന രഹിതമാണെന്നും സമൂഹത്തിൽ തന്നെ അപകീർത്തിപ്പെടുത്തുക ലക്ഷ്യമിട്ടുള്ളതാണെന്നും ചൂണ്ടിക്കാട്ടിയാണ് വക്കീൽ നോട്ടീസ് നൽകിയിരിക്കുന്നത്. പ്രസ്താവന പിൻവലിച്ച് മൂന്ന് ദിവസത്തിനുള്ളിൽ ഖേദം പ്രകടിപ്പിക്കണം. അപകീർത്തിപ്പെടുത്തിയ സമൂഹമാദ്ധ്യമ പ്ലാറ്റ്‌ഫോമുകളിലൂടെ വേണം ഖേദം പ്രകടിപ്പിക്കാൻ. അല്ലാത്ത പക്ഷം നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്നും നോട്ടീസിലുണ്ട്.
ക്രിമിനൽ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ടാണ് ബാല പാലാരിവട്ടം പോലീസിനെ സമീപിച്ചിരിക്കുന്നത്. തനിക്കെതിരെ അജു ഗൂഢാലോചന നടത്തിയെന്നും, പരാതിയിൽ കേസ് എടുത്ത് ശക്തമായ നടപടി സ്വീകരിക്കണം എന്നും ആവശ്യപ്പെട്ടാണ് പരാതി.
യൂട്യൂബിൽ വീഡിയോ പോസ്റ്റ് ചെയ്തതിന് പിന്നാലെ ബാലയും ഗുണ്ടകളും വീട്ടിൽ അതിക്രമിച്ച് കടന്നുവെന്നും, തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയെന്നും ആരോപിച്ചാണ് അജു രംഗത്ത് വന്നത്. ഇതുമായി ബന്ധപ്പെട്ട പരാതിയിൽ പോലീസ് ബാലയ്‌ക്കെതിരെ കേസ് എടുക്കുകയും ചെയ്തിരുന്നു.
Leave a Comment