ഉച്ചഭക്ഷണത്തിന് ശേഷം ഗ്രൗണ്ടിൽ ഏട്ടത്തിയപ്പോൾ ഇംഗ്ലണ്ട് ജയത്തിന് തടസം ആയി നിന്നിരുന്നത് രവീന്ദ്ര ജഡേജ എന്ന പോരാളി ആയിരുന്നു.” ഇവനെ എന്തായാലും പുറത്താക്കാൻ ആകില്ല എന്നാൽ കൂടെ ഉള്ളവരെ വീഴ്ത്താം എന്ന് കരുതിയപ്പോൾ അവരും പോരാടുന്നു”. ഒടുവിൽ ഭാഗ്യത്തിന്റെ സഹായം കൂടി അനുകൂലമായപ്പോൾ സമീപകാലത്തെ ഏറ്റവും ആവേശകരമായ ടെസ്റ്റുകളിൽ ഒന്നിൽ ഇന്ത്യയെ 22 റൺസിന് തോൽപ്പിച്ച് 5 മത്സരങ്ങൾ അടങ്ങിയ ടെസ്റ്റ് പരമ്പരയിൽ 2 – 1 ലീഡ് എടുത്തിരിക്കുകയാണ്.
ഇംഗ്ലണ്ട് – ഇന്ത്യ മൂന്നാം ടെസ്റ്റ് അതിന്റെ ആവേശകരമായ ആന്ത്യത്തിലേക്ക് കടക്കുന്ന സമയം ആയിരുന്നു അപ്പോൾ മുതൽ. ടെസ്റ്റിന്റെ നാലാം ദിനം അവസാനിക്കുമ്പോൾ ആറ് വിക്കറ്റുകൾ ബാക്കി നിൽക്കെ ഇന്ത്യക്ക് ജയിക്കാൻ വേണ്ടത് 135 റൺസ്. പിച്ചിന്റെ സാഹചര്യം നോക്കിയാൽ ആർക്കും ആർക്കും ജയിക്കാവുന്ന സാഹചര്യമായിരുന്നു മുന്നിൽ ഉണ്ടായിരുന്നത്. “ഇന്ത്യക്ക് ജയിക്കണം എങ്കിൽ പന്തോ രാഹുലോ വിചാരിക്കണം” ഇതായിരുന്നു കൂടുതൽ ആളുകളും പറഞ്ഞ അഭിപ്രായം. എന്നാൽ ഇന്ന് അഞ്ചാം ദിനത്തിൽ സ്റ്റോക്സ് – ആർച്ചർ സഖ്യത്തിന്റെ ചീറിപാഞ്ഞ പന്തുകൾക്ക് മുന്നിൽ പിടിച്ചുനിൽക്കാൻ സാധിക്കാതെ ഇന്ത്യ തകർന്നു. ആർച്ചർ പന്തിനെ മടക്കിയപ്പോൾ രാഹുലിനെ സ്റ്റോക്സ് വിക്കറ്റിന് മുന്നിൽ കുടുക്കി.
ആദ്യ ഇന്നിങ്സിൽ ബാറ്റിംഗിൽ മികവ് കാണിച്ച വാഷിംഗ്‌ടൺ സുന്ദർ ജോഫ്രാക്ക് കൂടി വീണതോടെ 112 – 8 എന്ന നിലയിൽ നിന്ന ഇന്ത്യൻ ഇന്നിംഗ്സ് അവസാനിക്കും എന്ന് തോന്നിയപ്പോൾ അവിടെ സർ രവീന്ദ്ര ജഡേജ എന്ന് മഹേന്ദ്ര സിംഗ് ധോണി വിശേഷണം നൽകിയ ഇന്ത്യ കണ്ട ഏറ്റവും മികച്ച ഓൾ റൗണ്ടർ താരങ്ങളിൽ ഒരാൾ ടെസ്റ്റ് ക്രിക്കറ്റിന് എന്താണോ ആ സമയത്ത് ആവശ്യം അത് പോലെ ഒരു ഇന്നിംഗ്സ് കളിക്കാൻ തുടങ്ങുന്നു.
ആദ്യം ബുംറയുമായി ചേർന്ന കൂട്ടുകെട്ടിൽ കൃത്യമായ പ്ലാനോടെ അയാൾ കളിച്ചപ്പോൾ ശരിക്കും ഇംഗ്ലണ്ട് ക്യാമ്പ് അസ്വസ്ഥമാക്കുന്ന കാഴ്ച്ച സ്റ്റോക്‌സിന്റെ മുഖഭാവത്തിൽ നിന്ന് വ്യക്തമായിരുന്നു. ഒടുക്കം ജഡേജയുടെ പ്ലാനിൽ നിന്ന് മാറി ഒരു നിമിഷത്തെ അബദ്ധത്തിൽ അതുവരെ 53 പന്തുകൾ നന്നായി കളിച്ച ബുംറ സ്വന്തം പ്ലാനിൽ കളിച്ചപ്പോൾ ആണ് സ്റ്റോക്‌സിന് വിക്കറ്റ് നൽകി മടങ്ങിയത്. ഇതോടെ ഇന്ത്യയുടെ ഇന്നിംഗ്സ് ഇപ്പോൾ തീരും എന്ന് കരുതിയ സ്ഥലത്ത് ബുംറയുമായി ചേർന്ന് ചെയ്ത അതെ സ്റ്റൈലിൽ അയാൾ സിറാജുമൊത്ത് ഒരു കൂട്ടുകെട്ട് ഉണ്ടാക്കുന്നു. ഒടുവിൽ 30 പന്തുകൾ കളിച്ച് അവസാനം നിർഭാഗ്യത്തിലൂടെ സിറാജ് മടങ്ങുന്ന വരെ “ജഡേജ ഉള്ളപ്പോൾ ഇന്ത്യക്ക് ഇനി സാധ്യതയുണ്ട്” എന്ന് പറയുന്ന ഘട്ടത്തിലേക്ക് അയാൾ ഇന്ത്യൻ ആരാധകരുടെ മനസിനെ എത്തിച്ചിരുന്നു. അത്രമാത്രം ടീമിനായി വിയർപ്പൊഴുക്കി 181 പന്തുകൾ പിടിച്ചുനിന്ന് നേടിയത് 61 റൺസ് ആയിരുന്നു.
അവന്റെ കാലം കഴിഞ്ഞു, ഐപിഎൽ ടീമിനായി വിയർപ്പൊഴുക്കും ഇന്ത്യക്കായി ഒന്നും ചെയ്യില്ല, തുടങ്ങി സമീപകാലത്ത് കേട്ട വിമർശനത്തിന് എല്ലാം അയാളുടെ മറുപടി മികച്ച പ്രകടനങ്ങൾ ആയിരുന്നു. ഇന്ന് നേടിയ 61 റൺസ് ഈ പരമ്പരയിലെ തുടർച്ചയായ അയാളുടെ നാലാം അർദ്ധ സെഞ്ചുറിയാണ്. ടെസ്റ്റ് ക്രിക്കറ്റിന്റെ സൗന്ദര്യം ആക്രമണ ക്രിക്കറ്റും, വാശിയും മാത്രം ആണെന്ന് കരുതുന്ന സഹതാരങ്ങൾ ഉള്ള ടീമിൽ അയാൾ വ്യത്യസ്തനാണ് എപ്പോഴും. ബാറ്റിംഗിലെ സംഭാവനകൾ, മുഖത്ത് എപ്പോഴും ചിരി, സഹതാരങ്ങൾക്ക് നൽകുന്ന ഊർജം, ഫീൽഡിങ്ങിലെ വേഗത, ബോളിങ്ങിലെ പിശുക്ക് തുടങ്ങി ഒരു ഓൾ റൗണ്ടർക്ക് വേണ്ട എല്ലാ ഗുണവും അയാൾക്ക് ഉണ്ട്.
ഗില്ലുമാരും ബുംറയും ഉള്ള ടീമിൽ ആ പ്രകടന മികവ് ഒന്നും അധികരും ശ്രദ്ധിക്കുന്നില്ല എന്ന് മാത്രം….
Discussion about this post