കണ്ണൂർ : പഴയങ്ങാടിയിൽ നിന്നും കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് പോവുകയായിരുന്ന ആംബുലൻസിന് വഴി തടസ്സം സൃഷ്ടിച്ച ബൈക്ക് യാത്രക്കാരന് പിഴ. 5000 രൂപയാണ് പിഴ ചുമത്തിയിരിക്കുന്നത്. ആംബുലൻസിന്റെ യാത്ര തടസ്സപ്പെടുത്തുന്ന രീതിയിൽ ഇയാൾ ബൈക്ക് ഓടിക്കുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവിട്ടതോടെയാണ് നടപടി സ്വീകരിച്ചിരിക്കുന്നത്.
താഴെ ചൊവ്വ സ്വദേശി കൗശിക്കിനെതിരെയാണ് നടപടി. ഇന്നലെ വൈകിട്ട് താഴെ ചൊവ്വയിലാണ് ബൈക്ക് ആംബുലൻസിൻ്റെ വഴിമുടക്കിയത്. കുളത്തിൽ വീണ കുട്ടിയുടെ ജീവൻ രക്ഷിക്കാനായി കണ്ണൂരിലെ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു ആംബുലൻസ്. ഈ സമയം കൗശിക്ക് ആംബുലൻസിന് മാർഗതടസ്സം സൃഷ്ടിക്കുന്ന രീതിയിൽ ബൈക്ക് ഓടിക്കുകയായിരുന്നു.
ആംബുലൻസ് സൈറൺ മുഴക്കിയിട്ടും ബൈക്ക് യാത്രക്കാരൻ സൈഡ് കൊടുക്കാത്തതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. വലിയ ജനരോഷമാണ് ഈ സംഭവത്തിന് പിന്നാലെ ഉണ്ടായത്. തുടർന്ന് കണ്ണൂർ ട്രാഫിക് പോലീസ് ബൈക്ക് യാത്രക്കാരന് പിഴ ചുമത്തുകയായിരുന്നു. ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടിയുടെ നില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്.
Discussion about this post