കാട്ടുപന്നി കാൽ കടിച്ചു മുറിച്ചു; സ്ത്രീയുടെ നില ഗുരുതരം

Published by
Brave India Desk

പാലക്കാട്: സ്ത്രീയുടെ കാൽ കാട്ടുപന്നി കടിച്ചുമുറിച്ചു. തത്ത എന്ന സ്ത്രീയെയാണ് പന്നി കടിച്ചത്. കുഴൽമന്ദത്താണ് അതിദാരുണമായ സംഭവം. ഇന്ന് രാവിലെയാണ് തത്തയെ പന്നി കടിച്ചത് .

വീടിന് പിറകുവശത്ത് അടിച്ചുവാരുന്നതിനിടെയാണ് സംഭവം. കാട്ടുപന്നി സ്ത്രീയുടെ അടുത്തേക്ക് ചാടിവീഴുകയായിരുന്നു. കുതറിമാറാൻ ശ്രമിച്ചെങ്കിലും പന്നി കാലിൽ നിന്ന് വിട്ടില്ല. പന്നിയുടെ ആക്രമണത്തിൽ സ്ത്രീയുടെ കാൽമുട്ടിനും കണങ്കാലിനുമിടയിലായി മാംസം നഷ്ടപ്പെട്ടു. സംഭവത്തിന് ശേഷം ആദ്യം ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമായതിനാൽ തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. ഇവരുടെ നില ഗുരുതമാണെന്നാണ് വിവരം.

സാമ്പത്തികമായി ഏറെ പ്രയാസപ്പെടുന്ന കുടുംബമാണ് ഇവരുടേത്. കിടപ്പുരോഗിയായ ഭർത്താവിനെ തൊഴിലുറപ്പിന് പോയാണ് തത്ത നോക്കിയിരുന്നത്. അപകടം സംഭവിച്ചതിനെ തുടർന്ന് ആശങ്കയിലാണ് കുടുംബം. ഈ പ്രദേശത്ത് കാട്ടുപന്നി ആക്രമണം സ്ഥിരമാണെന്നാണ് നാട്ടുകാർ പറയുന്നത്. പലതവണ ഇതിനെതിരെ പരാതി നൽകിയെങ്കിലും അധികൃതരുടെ ഭാഗത്ത് നിന്ന് ഒരു നടപടിയും ഉണ്ടായില്ല എന്നും നാട്ടുകാർ കൂട്ടിച്ചേർത്തു.

 

Share
Leave a Comment

Recent News