വെസ്റ്റ് ഇൻഡീസിനെതിരായ പരമ്പര ഓസ്ട്രേലിയ 3-0 ന് നേടിയതോടെ 2025–27 ലെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് (ഡബ്ല്യുടിസി) സ്റ്റാൻഡിംഗിൽ ഒന്നാം സ്ഥാനം നിലനിർത്താൻ ഓസ്‌ട്രേലിയക്ക് സാധിച്ചിരിക്കുകയാണ്. സബീന പാർക്കിൽ നടന്ന മൂന്നാം ടെസ്റ്റിൽ 176 റൺസിന്റെ വിജയത്തോടെ ഓസ്ട്രേലിയ പരമ്പര തൂത്തുവാരുക ആയിരുന്നു. ഇടംകൈയ്യൻ പേസർ മിച്ചൽ സ്റ്റാർക്ക് വെറും 15 പന്തിൽ അഞ്ച് വിക്കറ്റുകൾ വീഴ്ത്തി റെക്കോഡ് സ്വന്തമാക്കി. താരമാകെ 6 വിക്കറ്റുകളാണ് വീഴ്ത്തിയത്. അദ്ദേഹത്തിന്റെ മിന്നുന്ന പ്രകടനം വെസ്റ്റ് ഇൻഡീസ് ബാറ്റിംഗ് നിരയെ തകർത്തു, ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ രണ്ടാമത്തെ ഏറ്റവും കുറഞ്ഞ സ്കോറായ 27 റൺസിൽ ആണ് ടീം പുറത്തായത്.
പുതിയ WTC സൈക്കിളിലെ ഓസ്‌ട്രേലിയയുടെ ആദ്യ അസൈൻമെന്റായിരുന്നു ഈ പരമ്പര,. 3-0 വിജയത്തോടെ അവർ ഒരിക്കൽക്കൂടി ശക്തമായ ഒരു പ്രസ്താവന നടത്തിയിരിക്കുകയാണ്. നവംബർ 21 ന് പെർത്തിൽ ആരംഭിക്കാനിരിക്കുന്ന ആഷസ് ആയിരിക്കും അവരുടെ അടുത്ത റെഡ്-ബോൾ ടൂർണമെന്റ്. അതേസമയം, ഒക്ടോബറിൽ രണ്ട് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരയ്ക്കായി വെസ്റ്റ് ഇൻഡീസ് ഇന്ത്യയിൽ എത്തും.
മറ്റൊരു WTC മത്സരത്തിൽ, ലോർഡ്‌സിൽ നടന്ന ആൻഡേഴ്‌സൺ-ടെണ്ടുൽക്കർ ട്രോഫിയുടെ മൂന്നാം ടെസ്റ്റിൽ ഇന്ത്യയ്‌ക്കെതിരെ 22 റൺസിന്റെ ആവേശകരമായ വിജയം നേടിയ ഇംഗ്ലണ്ട് പരമ്പരയിൽ 2-1ന് മുന്നിലെത്തി. പോയിന്റ് പട്ടികയിലേക്ക് വന്നാൽ 6 ടീമുകളിൽ നാല് ടീമുകൾ മൂന്ന് മത്സരങ്ങൾ കളിച്ചു കഴിഞ്ഞപ്പോൾ ശ്രീലങ്കയും ബംഗ്ലദേശും രണ്ട് മത്സരങ്ങൾ കളിച്ചു. ഓസ്ട്രേലിയ പോയിന്റ് പട്ടികയിൽ ഒന്നാമത് നിൽക്കുമ്പോൾ ലങ്ക രണ്ടാമതും ഇംഗ്ലണ്ട് മൂന്നാമതുമാണ് നിൽക്കുന്നത്.
നിലവിൽ പട്ടികയിൽ നാലാം സ്ഥാനത്തുള്ള ഇന്ത്യ ഈ പരമ്പരയിൽ തിരിച്ചു വന്നില്ലെങ്കിൽ വീണ്ടും പിന്നിലേക്ക് പോകാനാണ് സാധ്യത.
Discussion about this post