സനാ : നിമിഷപ്രിയയുടെ വധശിക്ഷ നീട്ടിവെച്ചതുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ട് നിമിഷപ്രിയയുടെ മോചനത്തിനായി പ്രവർത്തിച്ച ആക്ഷൻ കൗൺസിലിന് നേതൃത്വം നൽകിയ സാമുവൽ ജെറോം. നിമിഷ പ്രിയയുടെ വധശിക്ഷ നീട്ടിവെച്ചതിൽ ഒരു മത നേതാവിനെയും ഇടപെടൽ ഇല്ല എന്ന് സാമുവൽ വ്യക്തമാക്കി. എല്ലാ ചർച്ചകളും സർക്കാർതലത്തിലാണ് നടന്നത് എന്നും അദ്ദേഹം അറിയിച്ചു.
എംഎൽഎ ചാണ്ടി ഉമ്മൻ, കേരള ഗവർണർ രാജേന്ദ്ര ആർലേക്കർ, പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, സൗദി അറേബ്യയിലെ ഇന്ത്യൻ കോൺസുലേറ്റ് എന്നിവരോടാണ് നന്ദി പറയുന്നത് എന്നും സാമുവൽ ജെറോം അറിയിച്ചു. യമനുമായി നയതന്ത്ര ബന്ധം ഇല്ലാത്ത രാജ്യം എന്ന നിലയിൽ കേന്ദ്രസർക്കാരിന് നിരവധി പരിമിതികൾ ഉണ്ടായിരുന്നു. സൗദി എംബസി വഴിയാണ് കേന്ദ്രസർക്കാർ നടപടികൾ നീക്കിയത് എന്നും നിമിഷപ്രിയ ആക്ഷൻ കൗൺസിൽ വ്യക്തമാക്കി. സൗദിയിൽ നിന്നുള്ള ഷെയ്ഖ് അബ്ദുൽ മാലിക് മെഹയ ആണ് യമനിലെ സർക്കാർതലത്തിൽ വലിയ ഇടപെടൽ നടത്തിയത് എന്നും സാമുവൽ വ്യക്തമാക്കി.
ഇപ്പോഴും കൊല്ലപ്പെട്ട യമൻ പൗരന്റെ കുടുംബം ദയാധനം സ്വീകരിക്കാനോ വധശിക്ഷയിൽ ഇളവ് നൽകാനോ തയ്യാറായിട്ടില്ല എന്നും നിമിഷപ്രിയ ആക്ഷൻ കൗൺസിൽ വ്യക്തമാക്കി. കൊല്ലപ്പെട്ട വ്യക്തിയുടെ കുടുംബത്തിന്റെ സമ്മതമില്ലാതെയാണ് നിലവിൽ നിമിഷപ്രിയയുടെ വധശിക്ഷ സർക്കാർ തലത്തിലുള്ള ഇടപെടൽ മൂലം നീട്ടി വെച്ചിരിക്കുന്നത്. വരും ദിവസങ്ങളിൽ കൊല്ലപ്പെട്ട താലാലിന്റെ കുടുംബവുമായി കൂടുതൽ ചർച്ചകൾ നടത്താനുള്ള സമയം എന്ന നിലയ്ക്കാണ് വധശിക്ഷ നീട്ടി വെച്ചിരിക്കുന്നത് എന്നാണ് കേന്ദ്രസർക്കാർ അറിയിക്കുന്നത്. കേസ് റദ്ദാക്കിയിട്ടില്ലെന്നും വധശിക്ഷ കുറച്ചു ദിവസങ്ങൾ നീട്ടിവയ്ക്കുക മാത്രമാണ് ചെയ്തിരിക്കുന്നത് എന്നും കേന്ദ്രസർക്കാർ വ്യക്തമാക്കി.
Discussion about this post