2057 രൂപ കുടിശിക; വൈദ്യുതി ബന്ധം വിച്ഛേദിച്ച് ഒരു കുടുംബത്തെ മുഴുവന്‍ ഇരുട്ടിലാക്കി കുത്തിയതോട് കെഎസ്ഇബി

Published by
Brave India Desk

തുറവൂർ: വൈദ്യുതി ബില്ല്‌ അടക്കാന്‍ വൈകിയതിനെ തുടർന്ന് നിർദ്ധന കുടുംബത്തിന്റെ കുടിലിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ച് കുത്തിയതോട് കെഎസ്ഇബി. കോടംതുരുത്ത് പഞ്ചായത്ത് 15-ാം വാർഡ് കൊച്ചുതറ വീട്ടിൽ കെ.ബിന്ദുവിന്റെ വീട്ടില്‍ നിന്നാണ് വൈദ്യുതി ബന്ധം വിച്ഛേദിച്ച് മീറ്റർ അഴിച്ചു കൊണ്ടുപോയത്. 2057 രൂപ കുടിശിക വന്നതിനെ തുടർന്നാണ് നിർദ്ധന കുടുംബത്തെ മുഴുവന്‍ അധികൃതർ ഇരുട്ടിലാക്കിയത്.

പ്ലസ് വണ്ണിനും എട്ടാം ക്ലാസിലും പഠിക്കുന്ന രണ്ട് കുട്ടികളാണ് ബിന്ദുവിനുള്ളത്. വീട്ടില്‍ വൈദ്യുതി ഇല്ലാതായതോടെ രണ്ട് കുട്ടികളുടെയും പഠനം മുടങ്ങുമെന്ന സ്ഥിതിയാണ്. കൂലിവേല ചെയ്ത് കിട്ടുന്ന തുച്ഛമായ വരുമാനത്തിലൂടെയാണ് ബിന്ദു കുടുംബം നോക്കുന്നത്.

എന്നാല്‍,  വീട്ടിലെ ഏല്ലാ ചിലവും ഒന്നിച്ചു കൊണ്ട് പോവാന്‍ കഴിയാത്ത സ്ഥിതി ആയപ്പോൾ കഴിഞ്ഞ ഏപ്രിൽ മാസം മുതല്‍ വൈദ്യുതി ബിൽ കുടിശികയായി. കുടിശിക തുക അയൽക്കൂട്ടങ്ങളിൽ നിന്ന് വായ്പ എടുത്ത് അടക്കാനായി കെ.എസ്.ഇ.ബി ഓഫീസില്‍ ചെന്നപ്പോൾ പണം സ്വീകരിക്കില്ലെന്നും വൈദ്യുതി കണക്ഷൻ ഇനി പുനസ്ഥാപിച്ച് നൽകില്ലെന്നുമുള്ള നിലപാടില്‍ ആയിരുന്നു അധികൃതർ എന്ന് ബിന്ദു പറയുന്നു.

ഇതു സംബന്ധിച്ച് ജില്ലാ കളക്ടർക്ക് ബിന്ദു നിവേദനം നൽകിയതിനെ തുടർന്ന് വൈദ്യുതി പുന:സ്ഥാപിക്കാൻ കെ.എസ്.ഇ.ബിക്ക് നിർദ്ദേശം നൽകിയിട്ടും പുതിയ കണക്ഷൻ മാത്രമേ നൽകാൻ കഴിയൂ എന്നാണ് അധികൃതർ പറയുന്നത്. കെ.എസ്.ഇ.ബി അസി. എൻജിനിയർക്കും എക്സിക്യുട്ടീവ് എൻജിനിയർക്കും ഇതു സംബന്ധിച്ച് പരാതി നൽകിയിട്ടും അവരും കൈയൊഴിഞ്ഞു എന്ന് ബിന്ദു പറഞ്ഞു. കെ.എസ്.ഇ.ബി അധികൃതരുടെ കണ്ണില്ലാത്ത ഈ ക്രൂരതക്കെതിരെ പ്രതിഷേധം ഉയര്‍ന്നു കഴിഞ്ഞു.

Share
Leave a Comment

Recent News