ലഖ്നൗ : മഹാ കുംഭമേളയ്ക്കായി ഉത്തർപ്രദേശിൽ എത്തിയ സ്റ്റീവ് ജോബ്സിന്റെ ഭാര്യ ലോറീൻ പവൽ ജോബ്‌സ് അസുഖബാധിതയായതായി വിവരം. അലർജി പ്രശ്നങ്ങൾ മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്നതിനാൽ ലോറീൻ വിശ്രമത്തിൽ ആണെന്നാണ് ആദ്ധ്യാത്മിക നേതാവ് സ്വാമി കൈലാസാനന്ദ് ഗിരി അറിയിച്ചത്. കൈലാസാനന്ദ് ഗിരിയുടെ ആശ്രമത്തിലാണ് മഹാകുംഭമേളയ്ക്ക് എത്തിയ ലോറീൻ തങ്ങുന്നത്.
അസുഖം ആണെങ്കിലും താൻ ത്രിവേണി സംഗമ സ്നാനം മുടക്കില്ല എന്ന് ലോറീൻ പവൽ ജോബ്‌സ് വ്യക്തമാക്കിയിട്ടുണ്ട്. മഹാ കുംഭമേളയുടെ കടുത്ത തിരക്ക് തന്നെ തളർത്തുന്നുണ്ട്. ജീവിതത്തിൽ ഇതുവരെ ഇല്ലാത്ത ഒരു അനുഭവമാണിത്. ഇത്രയേറെ തിരക്ക് താൻ ജീവിതത്തിൽ ഒരിക്കലും കണ്ടിട്ട് പോലുമില്ല. എങ്കിലും സംഗമ സ്നാനം പൂർത്തിയാക്കും എന്നും ലോറീൻ വ്യക്തമാക്കി.
144 വർഷങ്ങൾക്ക് ശേഷം സംഭവിക്കുന്ന വിശുദ്ധ ചടങ്ങ് ആയ മഹാകുംഭമേളയുടെ ഭാഗമാകാൻ ഞായറാഴ്ച വൈകുന്നേരമാണ് ലോറീൻ പവൽ ജോബ്‌സ് ഇന്ത്യയിൽ എത്തിയിരുന്നത്. പ്രയാഗ്‌രാജിലെ സ്വാമി കൈലാസാനന്ദ് ഗിരി ജി മഹാരാജിൻ്റെ ആശ്രമത്തിലാണ് ലോറീൻ ആചാരാനുഷ്ഠാനങ്ങളോടെ കഴിയുന്നത്. സനാതന ധർമ്മത്തെക്കുറിച്ച് കൂടുതൽ പഠനത്തിനായി കൂടിയാണ് ലോറീൻ പവൽ ജോബ്‌സ് കൈലാസാനന്ദ് ഗിരിയുടെ ആശ്രമത്തിൽ കഴിയുന്നത്. അസുഖം ഭേദമായ ശേഷം അടുത്ത ദിവസങ്ങളിലായി തന്നെ ലോറീൻ ഗംഗ-യമുന-സരസ്വതി സംഗമത്തിൽ ഷാഹി സ്നാൻ നടത്തുമെന്നാണ് വിവരം.
Leave a Comment