ന്യൂഡൽഹി: ബംഗ്ലാദേശിലെ ഹിന്ദുക്കളുടെ സുരക്ഷയെക്കുറിച്ച് ഓർത്ത് ഇന്ത്യയിലെ 140 കോടി ജനങ്ങളും ആശങ്കയിലാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. എത്രയും വേഗം ബംഗ്ലാദേശിലെ പ്രശ്‌നങ്ങൾ പരിഹരിക്കപ്പെടുമെന്നാണ് കരുതുന്നത് എന്ന് അദ്ദേഹം പറഞ്ഞു. സ്വാതന്ത്ര്യദിന പ്രസംഗത്തിൽ ആയിരുന്നു പ്രധാനമന്ത്രിയുടെ പരാമർശങ്ങൾ.
അയൽരാജ്യമെന്ന നിലയിൽ ബംഗ്ലാദേശിൽ എന്താണ് നടക്കുന്നത് എന്നതിനെക്കുറിച്ച് തനിക്ക് വ്യക്തമായി അറിയാം. അധികം വൈകാതെ തന്നെ ബംഗ്ലാദേശിലെ സ്ഥിതിഗതികൾ സാധാരണ നിലയിൽ ആകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബംഗ്ലാദേശിലെ ഹിന്ദുക്കളുടെ സുരക്ഷയെക്കുറിച്ച് നമ്മുടെ രാജ്യത്തെ 140 കോടി ജനങ്ങൾക്കും ആശങ്കയുണ്ടെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
വരും നാളുകളിലും ബ്ംഗ്ലാദേശിന് ഇന്ത്യയുടെ എല്ലാവിധ പിന്തുണയും ഉണ്ടാകും. ബംഗ്ലാദേശിന്റെ വികസനയാത്രയ്‌ക്കൊപ്പം ഇന്ത്യയും ഉണ്ടാകും. കാരണം മനുഷ്യസമൂഹത്തിന്റെ നന്മയ്ക്കാണ് നമ്മൾ പ്രാധാന്യം നൽകുന്നത് എന്നും പ്രധാനമന്ത്രി പറഞ്ഞു.
രാവിലെ ഏഴ് മണിയോടെയായിരുന്നു രാജ്യത്ത് സ്വാതന്ത്ര്യദിനാഘോഷങ്ങൾക്ക് തുടക്കമായത്. രാജ്ഘട്ടിൽ എത്തിയ പ്രധാനമന്ത്രി ഗാന്ധി സ്മാരകത്തിൽ ആദരവർപ്പിച്ചു. ഇതിന് ശേഷമാണ് അദ്ദേഹം ചെങ്കോട്ടയിൽ എത്തിയത്. ഏഴരയ്ക്കായിരുന്നു അദ്ദേഹം ദേശീയ പതാക ഉയർത്തി സ്വാതന്ത്ര്യദിനാഘോഷങ്ങൾക്ക് തുടക്കമിട്ടത്. ഇതിന് പിന്നാലെ രാജ്യവ്യാപകമായി ആഘോഷപരിപാടികളും നടത്തും.
Discussion about this post