തിരുവനന്തപുരം : ഇന്നുമുതൽ തിരുവനന്തപുരം വിമാനത്താവളത്തിൽ വിമാന സർവീസുകളുടെ സമയത്തിൽ പുനഃക്രമീകരണം. രാവിലെ 9 മുതൽ വൈകിട്ട് 6 വരെയുള്ള സമയത്ത് തിരുവനന്തപുരത്ത് വിമാന സർവീസുകൾ ഉണ്ടായിരിക്കില്ല. വൈകുന്നേരം 6 മണിക്ക് ശേഷം സർവീസുകൾ ആരംഭിക്കുന്നതായിരിക്കും. അടുത്ത രണ്ടര മാസത്തേക്ക് ഇതേ രീതിയിൽ വൈകുന്നേരം 6 മണി മുതൽ രാവിലെ 9 മണി വരെ മാത്രമായിരിക്കും സർവീസുകൾ ഉണ്ടായിരിക്കുക.
ജനുവരി 14 മുതൽ മാർച്ച് 29 വരെയാണ് വിമാന സർവീസുകളുടെ സമയ ക്രമീകരണം ഏർപ്പെടുത്തിയിരിക്കുന്നത്. റൺവേയിൽ നവീകരണ പ്രവർത്തനങ്ങൾ നടക്കുന്നതിനാലാണ് വിമാന സർവീസുകൾക്ക് സമയമാറ്റം ഉണ്ടായിരിക്കുന്നത്. റൺവേയിൽ കാർപെറ്റിങ് അടക്കമുള്ള പ്രവൃത്തികളാണ് തിരുവനന്തപുരം വിമാനത്താവളത്തിൽ നടക്കുന്നത്.
റൺവേ നവീകരണം മൂലം യാത്രക്കാർക്കും വിമാന കമ്പനികൾക്കും വലിയ രീതിയിലുള്ള ബുദ്ധിമുട്ട് ഉണ്ടാവാതിരിക്കാനായി സമഗ്ര പദ്ധതി നടപ്പിലാക്കുമെന്നാണ് തിരുവനന്തപുരം വിമാനത്താവള അധികൃതർ അറിയിക്കുന്നത്. റൺവേ നവീകരണം നടക്കുന്ന ദിവസങ്ങളിൽ വിമാനങ്ങളുടെ ലാൻഡിങ്ങും ടേക്ക്ഓഫും അടക്കം പ്രതിദിനം 96 എയർ ട്രാഫിക് മൂവ്മെൻ്റുകൾ ആണ് നിശ്ചയിച്ചിട്ടുള്ളത്. സർവീസുകളിലെ സമയമാറ്റം മൂലം യാത്രക്കാർക്ക് ഉണ്ടാകുന്ന അസൗകര്യങ്ങൾ ലഘൂകരിക്കുന്നതിനായാണ് ഈ നടപടി.
എട്ടു വർഷങ്ങൾക്ക് ശേഷമാണ് തിരുവനന്തപുരം വിമാനത്താവളത്തിന്റെ റൺവേയിൽ കാർപെറ്റിങ് പ്രവൃത്തികൾ നടക്കുന്നത്. 2017ലായിരുന്നു ഇവിടെ ഒടുവിലായി റൺവേ റീകാർപെറ്റിങ് നടന്നത്. 3374 മീറ്റർ നീളവും 60 മീറ്റർ വീതിയുമുള്ള റൺവേ ആണ് തിരുവനന്തപുരം വിമാനത്താവളത്തിൽ ഉള്ളത്. റൺവേയും ടാക്സിവേയും ഉൾപ്പെടെ 3.48 ലക്ഷം സ്ക്വയർ മീറ്റർ മേഖലയിൽ കാർപെറ്റിങ് പ്രവൃത്തി നടക്കും. 100 കോടി രൂപയോളം ആണ് ഇതിനായി ചിലവഴിക്കുന്നത്.
Leave a Comment