ദിസ്പൂർ : ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയിൽ ശക്തമായ വിശ്വാസമുണ്ടെന്ന് ലോക ബാങ്ക്. ഇന്ത്യയുടെ സാമ്പത്തിക സാധ്യതകളെക്കുറിച്ച് ലോക ബാങ്കിന് ശുഭാപ്തിവിശ്വാസം ഉണ്ടെന്ന് ലോകബാങ്ക് കൺട്രി ഡയറക്ടർ അഗസ്റ്റെ ടാനോ കൊവാമെ വ്യക്തമാക്കി. അഡ്വാന്റേജ് അസം 2.0 ബിസിനസ് ഉച്ചകോടിയിൽ സംസാരിക്കുമ്പോഴാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ഇന്ത്യയിൽ കൂടുതൽ നിക്ഷേപങ്ങൾ നടത്താൻ ലോകജനതയോട് പറയാൻ ആഗ്രഹിക്കുന്നതായും അഗസ്റ്റെ ടാനോ കൊവാമെ അഭിപ്രായപ്പെട്ടു. നിലവിൽ ഇന്ത്യയുടെ ഭാവിയെക്കുറിച്ചും വളർച്ചയെക്കുറിച്ചും ലോക ബാങ്കിന് യാതൊരു ആശങ്കയുമില്ല. സാമ്പത്തിക വളർച്ചയിലെ ഒരു ശതമാനം ഏറ്റക്കുറച്ചിലുകൾ ലോകബാങ്കിന്റെ പോസിറ്റീവ് വീക്ഷണത്തെ മാറ്റില്ല. ഇന്ത്യ ലോകത്തിന് മുന്നിൽ ഒരു പ്രകാശമാണ്. നിങ്ങൾക്ക് നിക്ഷേപിക്കണമെങ്കിൽ ഇവിടെ വന്ന് നിക്ഷേപിക്കൂ. ഇന്ത്യയുടെ വളർച്ച അതിനെ നിക്ഷേപത്തിന് അനുയോജ്യമായ സ്ഥലമാക്കി മാറ്റുന്നു എന്നും അഗസ്റ്റെ ടാനോ കൊവാമെ അറിയിച്ചു.
സംസ്ഥാനത്ത് നവീകരണവും സുസ്ഥിര വികസനവും വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് അഡ്വാന്റേജ് അസം 2.0 ഇൻഫ്രാസ്ട്രക്ചർ ആൻഡ് ഇൻവെസ്റ്റ്‌മെന്റ് ഉച്ചകോടി 2025 അസമിലെ ഗുവാഹത്തിയിൽ നടക്കുന്നത്. ചൊവ്വാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഉച്ചകോടിയുടെ ഉദ്ഘാടനം നിർവഹിച്ചത്. നിരവധി അന്താരാഷ്ട്ര കമ്പനികൾ ഉച്ചകോടിയിൽ പങ്കെടുത്തു. റിലയൻസും അദാനി ഗ്രൂപ്പും അസമിൽ 50,000 കോടി രൂപയുടെ നിക്ഷേപം പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റു നിരവധി കമ്പനികളും അസമിൽ നിക്ഷേപം നടത്തുന്നതിനുള്ള ധാരണാപത്രങ്ങൾ ഒപ്പുവച്ചു.
Leave a Comment