ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രിയായി ബിജെപി വനിതാ നേതാവ് രേഖാ ഗുപ്ത ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. ബിജെപി നേതൃത്വം ഇന്നലെ വൈകീട്ട് ആയിരുന്നു രേഖയുടെ പേര് പ്രഖ്യാപിച്ചത്. മുഖ്യമന്ത്രിയ്ക്ക് പുറമേ ആറ് മന്ത്രിമാരുടെ സത്യപ്രതിജ്ഞയും ഇന്ന് നടക്കും. ഡൽഹിയ്ക്ക് ലഭിക്കുന്ന നാലാമത്തെ വനിതാ മുഖ്യമന്ത്രിയാണ് രേഖ.
വൈകീട്ടോടെയാണ് സത്യപ്രതിജ്ഞ. പരിപാടിയിൽ ബിജെപിയിലെ മുതിർന്ന നേതാക്കൾ പങ്കെടുക്കും. ബിജെപി നേതാവ് പർവേഷ് വർമയാണ് ഉപമുഖ്യമന്ത്രി. വിജേന്ദർഗുപ്തയെ സ്പീക്കറായും നിയമിച്ചു. സുഷമാ സ്വരാജിന് ശേഷം ബിജെപിയ്ക്ക് ഡൽഹിയിൽ ലഭിക്കുന്ന വനിതാ മുഖ്യമന്ത്രി കൂടിയാണ് രേഖ.
നിയമസഭാ കക്ഷിയോഗത്തിൽ ഡൽഹി മുഖ്യമന്ത്രിയായി രേഖയെ ഐക്യകണ്‌ഠേനയാണ് തീരുമാനിച്ചത്. ആദ്യഘട്ടത്തിൽ ഏഴ് പേരുകൾ ആണ് മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് ഉയർന്ന് വന്നത്. ഒൻപത് പേർ രേഖയെ മുഖ്യമന്ത്രിയാക്കണം എന്ന് നിർദ്ദേശിച്ചതായാണ് വിവരം. ഈ നിർദ്ദേശത്തെ പർവേഷ് വർമ്മയും വിജേന്ദർ ഗുപ്തയും മറ്റ് നേതാക്കളും പിൻതാങ്ങി. ഇതോടെ ബിജെപി ഡൽഹി മുഖ്യമന്ത്രിയുടെ പേര് പുറത്തുവിടുകയായിരുന്നു.
ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കാൻ അവസരം നൽകിയതിൽ നന്ദിയുണ്ടെന്നും, ഡൽഹിയിലെ ജനങ്ങൾക്ക് നൽകിയ എല്ലാ വാഗ്ദാനങ്ങളും പൂർത്തിയാക്കുമെന്നും രേഖ ബിജെപിയുടെ പ്രഖ്യാപനത്തിന് പിന്നാലെ പ്രതികരിച്ചു.
70 അംഗ നിയമസഭയിൽ 48 സീറ്റുകളും പിടിച്ചടക്കിക്കൊണ്ട് ആയിരുന്നു ബിജെപി ഡൽഹിയിൽ അധികാരം ഉറപ്പിച്ചത്. 27 വർഷങ്ങൾക്ക് ശേഷം ആണ് ഈ നേട്ടം എന്നതാണ് ശ്രദ്ധേയം. ഷാലിമാർ ബാഗിൽ നിന്നായിരുന്നു രേഖ ഗുപ്ത വിജയിച്ചത്. മുനിസിപ്പൽ കൗൺസിലർ ആയിരുന്ന രേഖ ആദ്യമായാണ് നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. അതേസമയം സത്യപ്രതിജ്ഞ ചടങ്ങിന്റെ പശ്ചാത്തലത്തിൽ ഡൽഹിയിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. 25,000 സുരക്ഷാ സേനാംഗങ്ങൾ ആണ് വിന്യസിച്ചിട്ടുള്ളത്.
Discussion about this post