ജമൈക്കൻ പാരീഷ് ലീഗ് എന്ന വലിയ പ്രശസ്തമല്ലാത്ത ഫുട്ബോൾ ടൂർണമെന്റിൽ കളിച്ച ഒരു മിടുക്കനായ ഗോൾകീപ്പർ മികച്ച ഒരു കരിയർ തനിക്കുണ്ടെന്ന് വിശ്വസിച്ച് അതിനായി പ്രയത്നിച്ചു. ജമൈക്കയിലെ സാഹചര്യങ്ങളും ഫുട്ബോളിന് നൽകാത്ത പ്രാധാന്യവും അവനെ അതിൽ നിന്ന് വിലക്കി . എങ്കിലും ഫുട്ബോളിനോടുള്ള അവന്റെ ആഗ്രഹം അവസാനിച്ചില്ല, കാൽപന്ത് കളിയിലെ രാജാക്കന്മാരായ ബ്രസീലിലെ കുട്ടിത്താരങ്ങളോട് സ്കൂൾ ടൂർണമെന്റിൽ സമനില പിടിച്ച ടീമിലും ഗോൾകീപ്പർ ആയിരുന്നു താരം. പിന്നീട് ഫുടബോളിന്റെ അനന്തസാധ്യതകൾ മനസിലാക്കിയ അവന് ഫുട്ബാൾ റഫറി ആയി ലോകകകപ്പ് മത്സരം വരെ നിയന്ത്രിക്കാൻ സാധിച്ചു .എന്നാൽ വിധി അവനെ 22 യാർഡിന്റെ ചുമതലക്കാരനാക്കി,ക്രിക്കറ്റ് അമ്പയർ എന്ന നിലയിലേക്ക് ഉയർത്തി.ഇന്ത്യയും വെസ്റ്റിൻഡീസും ഏറ്റുമുട്ടിയ 1989 ൽ നടന്ന ടെസ്റ്റ് മത്സരത്തിൽ അരങ്ങേറ്റം കുറിച്ച് പ്രശസ്തവും കുപ്രശശസ്തവുമായ മത്സരങ്ങൾ നിയന്ത്രിച്ച് വിഖ്യാതനായ, സാക്ഷാൽ സ്റ്റീവ് ബക്‌നർ.
ജമൈക്കയിലെ മോണ്ടെഗോ ബേയിലായിരുന്നു സ്റ്റീവിന്റെ ജനനം. കായികപരമ്പര്യം ഉള്ള രാജ്യമായതിനാൽ തന്നെ സ്റ്റീവിന്റെ താത്പര്യങ്ങൾക്ക് മാതാപിതാക്കളുടെ പിന്തുണ ഉണ്ടായിരുന്നു. അമ്പയർ ആയി 10 ൽ താഴെ മാത്രം മത്സരങ്ങൾ നിയന്ത്രിച്ച് നിൽക്കുന്ന സമയത്താണ് ഒരു മഹാഭാഗ്യം സ്റ്റീവിനെ തേടിയെത്തുന്നത്.1992 ലോകകകപ്പിൽ ഫൈനൽ ഉൾപ്പടെ മത്സരങ്ങൾ നിയന്ത്രിക്കാൻ സ്റ്റീവിന് ഭാഗ്യം ലഭിച്ചു. പിന്നീട് 1996,1999 ,2003 ,2007, വർഷങ്ങളിലും ലോകകപ്പിൽ സ്റ്റീവ് മത്സരങ്ങൾ നിയന്ത്രിച്ചു. മികച്ച തീരുമാങ്ങളെക്കാൾ സ്റ്റീവിന്റെ മോശം തീരുമാങ്ങൾ ആയിരിക്കും കൂടുതൽ ആളുകളും ഓർക്കുന്നത്. 2007 ലോകകകപ്പ് ഫൈനൽ മത്സരം വെളിച്ചക്കുറവ് ഉണ്ടായിട്ടും നടത്താൻ തീരുമാനിച്ച രീതിയെ വിദഗ്ധർ വിമർശിക്കുകയും തത്ഭലമായി 2007 ട്വന്റി ട്വന്റി ലോകകപ്പിൽ നിന്ന് സസ്‌പെൻഡ് കിട്ടുക വരെ ചെയ്തു. അമ്പയറിന് വേണ്ട കൃത്യത അളക്കുന്ന സമിതി നൽകുന്ന പോയിന്റിൽ ഓരോ വർഷവും സ്റ്റീവിന് കുറവുണ്ടായി വന്നു.
ടെസ്റ്റ് ക്രിക്കറ്റിന് തന്നെ നാണകേടായ , വിവാദങ്ങൾ അവസാനിക്കാത്ത ഒരു ടെസ്റ്റ് ആയിരുന്നു 2008 ൽ നടന്ന ഇന്ത്യയുടെ ഓസ്ട്രയിലയൻ പര്യടനം . വിവാദ തീരുമാങ്ങളും മങ്കി ഗേറ്റ് സംഭവും കൊണ്ട് കീർത്തി കേട്ട പരമ്പരയിൽ ഏറ്റവും വിമർശനം കേൾക്കേണ്ടി വന്ന ആളാണ് സ്റ്റീവ് .ഓസ്ട്രേലിയ ജയിച്ച ആദ്യ ടെസ്റ്റിന് ശേഷം രണ്ടാം മത്സരത്തിൽ ഇന്ത്യ മികച്ച രീതിയിൽ തിരിച്ചുവന്നു .സിഡ്നി നടന്ന രണ്ടാം ടെസ്റ്റിൽ ആദ്യം ബാറ്റ് ചെയ്ത ഓസീസ് 135/6 എന്ന നിലയിൽ തകർന്നടിഞ്ഞപ്പോൾ ഇഷാന്ത് ശർമയുടെ പന്തിൽ ആൻഡ്ര്യു സൈമണ്ട്സ് ക്യാച്ച് നൽകിയിയെങ്കിലും ബക്നർ അനുവദിച്ചില്ല. ഇൻസൈഡ് എഡ്ജ് ചെയ്തുവെന്ന് വ്യക്തമായ പന്തിൽ ഇന്ത്യൻ താരങ്ങൾ പരമാവധി അപ്പീൽ ചെയ്തിട്ടും ബക്നർ വഴങ്ങിയില്ല.
30 റൺസായിരുന്നു അപ്പോൾ സൈമണ്ട്സിന്റെ വ്യക്തിഗത സ്കോർ. മത്സരത്തിൽ പിന്നീട് 160 റൺസടിച്ച സൈമണ്ട്സ് ഓസീസിനെ 463 റൺസിലെത്തിച്ചു. സച്ചിന്റെയും ലക്ഷ്മണിന്റെയും സെഞ്ചുറികളുടെ കരുത്തിൽ ഇന്ത്യ 69 റൺസിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടി. അഞ്ചാം ദിനം 72 ഓവറിൽ 333 റൺസിന്റെ വിജയലക്ഷ്യമാണ് ഓസീസ് ഇന്ത്യക്ക് മുന്നിൽവെച്ചത് . സമനില ഉറപ്പായ രീതിയിൽ ഇന്ത്യ ബാറ്റിങ്ങിന് ഇറങ്ങി, ദ്രാവിഡും ഗാംഗുലിയും തമ്മിൽ ഇന്ത്യക്കായി മികച്ച കൂട്ടുകെട്ട് പടുത്തുയർത്തുന്നതിനിടെ സൈമണ്ട്സിന്റെ പന്തിൽ ദ്രാവിഡിനെ ഔട്ട് വിളിച്ചതായിരുന്നു അടുത്ത തെറ്റ്. 38 റൺസെടുത്ത ദ്രാവിഡിന്റെ ബാറ്റിൽ തട്ടാത്ത പന്തിലായിരുന്നു ബക്നർ ഔട്ട് വിളിച്ചത്. റീപ്ലേകളിൽ പന്ത് ബാറ്റിൽ തട്ടിയിട്ടില്ലെന്ന് വ്യക്തമായിരുന്നു. ഇതോടെ ബാറ്റിംഗ് തകർച്ച നേരിട്ട ഇന്ത്യ മത്സരം കൈവിടുകയും ചെയ്തു.
“2008 ലെ സിഡ്നി ടെസ്റ്റിൽ ഞാൻ രണ്ട് തെറ്റുകൾ വരുത്തി. ഇന്ത്യ മികച്ച പ്രകടനം കാഴ്ചവെച്ചപ്പോൾ സംഭവിച്ച ഒരു തെറ്റ്, ഒരു ഓസ്ട്രേലിയൻ ബാറ്റ്സ്മാനെ സെഞ്ച്വറി നേടാൻ അനുവദിച്ചു. രണ്ടാമത്തെ തെറ്റ് അഞ്ചാം ദിനത്തിലായിരുന്നു, അതായിരിക്കാം ഇന്ത്യയ്ക്ക് മത്സരം നഷ്ടമാവാൻ കാരണമായിട്ടുണ്ടാവുക. അഞ്ച് ദിവസത്തിനുള്ളിലെ രണ്ട് തെറ്റുകൾ ആണ് അവ . ഒരു ടെസ്റ്റിൽ രണ്ട് തെറ്റുകൾ വരുത്തിയ ആദ്യ അമ്പയർ ഞാനാണോ? ഇപ്പോഴും ആ രണ്ട് തെറ്റുകൾ എന്നെ വേട്ടയാടുന്നതായി തോന്നുന്നു,” ബക്‌നർ ഒരു അഭിമുഖത്തിൽ പറഞ്ഞു. ബക്നറിന്റെ കുമ്പസാരത്തെ അനുകൂലിച്ചും പ്രതികൂലിച്ചും ആളുകൾ എത്തിയെങ്കിലും എതിർപ്പുകൾ ആയിരുന്നു കൂടുതൽ. ഒരുപാട് മത്സരങ്ങൾ പരിചയസമ്പത്തുള്ള ആളിന്റെ ഭാഗത്ത് നിന്നും ഒരിക്കലും ആ പിഴവ് ഉണ്ടാകാൻ പാടില്ലെന്ന് ആളുകൾ പറഞ്ഞു .
1989 മുതൽ 2009 വരെയുള്ള കാലത്ത് 128 ടെസ്റ്റുകളും 181 ഏകദിനങ്ങളും ബക്‌നർ അമ്പയറായി നിയന്ത്രിച്ചിട്ടുണ്ട്. അഞ്ച് ഫൈനലുകൾ അടക്കം അഞ്ച് ലോകകപ്പിലും ബക്‌നർ അമ്പയറായിട്ടുണ്ട്.100 ഏകദിന മത്സരം നിയന്ത്രിച്ചതിനുള്ള ബ്രോൺസ് ബെയ്‌ലും 100 ടെസ്റ്റ് മത്സരങ്ങൾ നിയന്ത്രിച്ചതിനുള്ള ഗോൾഡൻ ബെയ്‌ലും ലഭിച്ചിട്ടുണ്ട്
Leave a Comment