ബാർബഡോസ്: ട്വന്റി 20 ലോകകപ്പ് ഫൈനലിൽ ദക്ഷിണാഫ്രിക്കയെ തകർത്ത് കിരീടം ചൂടി ഇന്ത്യ. അവസാന നിമിഷം വരെ ആവേശം അലതല്ലിയ കലാശപ്പോരിൽ 7 റൺസിനാണ് ഇന്ത്യയുടെ വിജയം. ഭാഗദേയങ്ങൾ മാറിമറിഞ്ഞ മത്സരത്തിൽ സമ്മർദ്ദം അതിജീവിച്ചാണ് ഇന്ത്യ വിജയം വരിച്ചത്. ഇന്ത്യ ഉയർത്തിയ 177 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ദക്ഷിണാഫ്രിക്കയുടെ പോരാട്ടം 8വിക്കറ്റ് നഷ്ടത്തിൽ 169 റൺസിൽ അവസാനിച്ചു.
നേരത്തേ, ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ നിശ്ചിത ഓവറുകൾ പൂർത്തിയാകുമ്പോൾ 7 വിക്കറ്റ് നഷ്ടത്തിൽ 176 റൺസ് നേടി. അർദ്ധ സെഞ്ച്വറി നേടിയ വിരാട് കോഹ്ലിയും ഉറച്ച പിന്തുണ നൽകിയ അക്ഷർ പട്ടേലും ശിവം ദുബെയുമാണ് ഇന്ത്യക്ക് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്.
6 ഓവറുകൾ പൂർത്തിയാകുന്നതിന് മുൻപ്, 3 വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായിരുന്നത്. 9 റൺസെടുത്ത ക്യാപ്ടൻ രോഹിത് ശർമ്മയെ സ്പിന്നർ കേശവ് മഹാരാജ് ക്ലാസന്റെ കൈകളിൽ എത്തിച്ചു. തൊട്ട് പിന്നാലെ വന്ന ഋഷഭ് പന്ത് ബാലിശമായി പുറത്തായി. സമ്മർദ്ദത്തിനടിപ്പെട്ട് സൂര്യകുമാർ യാദവും 3 റണ്ണുമായി മടങ്ങിയതോടെ, അപ്രതീക്ഷിതമായ തകർച്ചയിലേക്ക് ഇന്ത്യ കൂപ്പുകുത്തി.
എന്നാൽ അക്ഷർ വന്നതോടെ കാര്യങ്ങൾ ഇന്ത്യക്ക് അനുകൂലമായി മാറാൻ തുടങ്ങി. തുടരെ സിക്സറുകൾ കണ്ടെത്തിയ അക്ഷർ സമ്മർദ്ദമില്ലാതെ ഇന്നിംഗ്സ് കെട്ടിപ്പടുക്കാൻ കോഹ്ലിക്ക് സഹായകമായി. 31 പന്തിൽ 47 റൺസ് നേടിയ അക്സർ, ദൗർഭാഗ്യകരമായ റണ്ണൗട്ടിലൂടെ പുറത്താകുകയായിരുന്നു. ഇന്നിംഗ്സ് കെട്ടിപ്പടുക്കാൻ ശ്രമിക്കുന്നതിനിടെ റൺ നിരക്ക് താഴാതെ നോക്കാൻ ഒരു പരിധി വരെ കോഹ്ലിക്ക് സാധിച്ചുവെന്ന് പറയാം. അർദ്ധ സെഞ്ച്വറിക്ക് ശേഷം തകർത്തടിക്കാൻ ശ്രമിച്ച കോഹ്ലി പത്തൊൻപതാം ഓവറിൽ 76 റണെടുത്ത് പുറത്തായി. ശിവം ദുബെ 16 പന്തിൽ 27 റൺസ് നേടി.
ദക്ഷിണാഫിക്കക്ക് വേണ്ടി കേശവ് മഹാരാജും നോർട്ട്യേയും 2 വിക്കറ്റ് വീതം വീഴ്ത്തി. ജാൻസനും റബാഡക്കും നോർട്ട്യേക്കും ഓരോ വിക്കറ്റ് ലഭിച്ചു.
ഇന്ത്യ ഉയർത്തിയ വിജയലക്ഷ്യം പിന്തുടരാൻ ഇറങ്ങിയ ദക്ഷിണാഫ്രിക്കക്ക് തുടക്കം പിഴച്ചു. 6 ഓവറുകൾ പൂർത്തിയാകുന്നതിനിടെ അവർക്ക് 2 വിക്കറ്റുകൾ നഷ്ടമായി. 4 റൺസെടുത്ത ക്യാപ്ടൻ മാർക്രാമിനെ അർഷ്ദീപ് സിംഗ് ഋഷഭ് പന്തിന്റെ കൈകളിൽ എത്തിച്ചു. 4 റൺസെടുത്ത ഓപ്പണർ റീസ ഹെൻഡ്രിക്സിനെ ബൂമ്ര ക്ലീൻ ബൗൾഡാക്കി.
10 ഓവറുകൾ പൂർത്തിയാകുമ്പോൾ 3 വിക്കറ്റിന് 81 റൺസ് എന്ന നിലയിലായിരുന്നു ദക്ഷിണാഫ്രിക്ക. മൂന്നാം വിക്കറ്റിൽ ഡി കോക്കും സ്റ്റബ്സും ചേർന്ന് 68 റൺസ് ചേർത്തതോടെ ദക്ഷിണാഫ്രിക്ക മത്സരത്തിലേക്ക് തിരിച്ച് വന്നു. എന്നാൽ 31 റൺസെടുത്ത സ്റ്റബ്സിനെ അക്ഷർ പട്ടേൽ ക്ലീൻ ബൗൾഡാക്കിയത് ഇന്ത്യക്ക് വീണ്ടും പ്രതീക്ഷ നൽകി.
പിന്നീട് രണ്ടും കൽപ്പിച്ച് ബാറ്റ് വീശിയ ക്ലാസൻ 27 പന്തിൽ 52 റൺസുമായി ഇന്ത്യക്കും വിജയത്തിനും മദ്ധ്യേ നിലയുറപ്പിച്ചു. നിർണായക സമയത്ത് അർഷ്ദീപിനെയും ബൂമ്രയെയും മടക്കി വിളിച്ച രോഹിത് വീണ്ടും കളി തിരിച്ചു. ക്ലാസനെ പാണ്ഡ്യ മടക്കിയതോടെ പ്രോട്ടീസ് വീണ്ടും സമ്മർദ്ദത്തിലായി. അവസാന 5 ഓവറിൽ 6 റൺസ് ശരാശരിയിൽ കളിച്ചാൽ ജയിക്കാം എന്ന അവസ്ഥയിൽ നിന്ന ദക്ഷിണാഫ്രിക്കയെ ഇന്ത്യൻ ബൗളർമാർ വരിഞ്ഞു മുറിക്കിയതോടെ ഇന്ത്യ വിജയകിരീടം ചൂടുകയായിരുന്നു.
Discussion about this post