ജോഷിയും ഉണ്ണിമുകുന്ദനും ഒന്നിക്കുന്നു ; ഒരുങ്ങുന്നത് ബിഗ് ബജറ്റ് ആക്ഷൻ ചിത്രം

Published by
Brave India Desk

സംവിധായകൻ ജോഷിയുടെ പിറന്നാൾ ദിനത്തിൽ, ഉണ്ണി മുകുന്ദൻ ഫിലിംസും(യു എം എഫ്) ഐൻസ്റ്റീൻ മീഡിയയും ചേർന്ന് പുതിയ ബിഗ് ബജറ്റ് ആക്ഷൻ ചിത്രം പ്രഖ്യാപിച്ചു. ഉണ്ണി മുകുന്ദൻ നായകനായി എത്തുന്ന ചിത്രം ശ്രീ ജോഷിയാണ് സംവിധാനം നിർവ്വഹിക്കുന്നത്. മലയാള സിനിമയിൽ തന്നെ നാഴികകല്ലായി മാറാനായി, പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന കൂടുകെട്ടിനാണ് തുടക്കം കുറിക്കുന്നത്. ഉണ്ണി മുകുന്ദൻ ഫിലിംസും ഐൻസ്റ്റിൻ മീഡിയയും ചേർന്ന് തങ്ങളുടെ ഏറ്റവും വലിയ സംയുക്ത സംരംഭം പ്രഖ്യാപിച്ചു. ഇന്ത്യന്‍ സിനിമയിലെ ഇതിഹാസ സംവിധായകരിൽ ഒരാളായ ശ്രീ ജോഷിയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ഒരു ഹൈ ഒക്ടെയ്ൻ ആക്ഷൻ ചിത്രമാണിത്.

ചിത്രത്തിലെ പ്രധാന നായകവേഷത്തിലെത്തുന്നത് ഉണ്ണി മുകുന്ദനാണ്. മാർക്കോയിലൂടെ പാൻ ഇന്ത്യൻ സ്റ്റാർ എന്ന പദവിയിലേക്കുയർന്ന ഉണ്ണി മുകുന്ദൻ, ഇതുവരെ കണ്ടിട്ടില്ലാത്ത ഒരാക്ഷൻ ലുക്കിലാണ് എത്തുന്നത് എന്നുള്ള സൂചനകൾ അണിയറ പ്രവർത്തകർ പുറത്തു വിട്ടു. ഇന്ത്യൻ സിനിമയിൽ തന്റേതായ മുദ്ര പതിപ്പിച്ച ജോഷി സാറിന്റെ പിറന്നാൾ ദിനത്തിലാണ് ചിത്രത്തിന്റെ പ്രഖ്യാപനം നടന്നത്. പകരം വെക്കാനില്ലാത്ത പൈതൃകവുമായി നിരവധി തലമുറകൾക്ക് തന്റെ ബ്ലോക്ക്ബസ്റ്റ്ർ ചിത്രങ്ങളിലൂടെ പ്രചോദനം നൽകിയ ശ്രീ ജോഷി, ഐൻസ്റ്റീൻ മീഡിയ തന്നെ നിർമിച്ച ആന്റണിക്ക് ശേഷം സംവിധാനം ചെയ്യുന്ന ചിത്രമാണെന്ന പ്രത്യേകതകൂടി ഇതിനുണ്ട്.

ദേശീയ അവാർഡ് ലഭിച്ച ‘മേപ്പടിയാൻ’ എന്ന ചിത്രവും, 100 കോടി ക്ലബ്ബിൽ കയറി പാൻ ഇന്ത്യൻ ബ്ലോക്ക്‌ബസ്റ്ററായ മാർക്കോക്ക് ശേഷം ഉണ്ണി മുകുന്ദൻ ഫിലിംസ് (യു എം എഫ്) മലയാള സിനിമയിലേക്ക് ഒരു പുതിയ കൊമേർഷ്യൽ ആക്ഷൻ ചിത്രവുമായി എത്തുകയാണ് എന്നത് പ്രതീക്ഷയോടെയാണ് സിനിമാലോകവും പ്രേക്ഷകരും നോക്കിക്കാണുന്നത്. സംവിധായകൻ ജോഷിക്കൊപ്പം ചേരുന്നത് ‘പൊറിഞ്ചു മറിയം ജോസ്’, ‘ കിംഗ് ഓഫ് കൊത്ത’ എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തായ അഭിലാഷ് എൻ. ചന്ദ്രനാണ്. കഥാപാത്രങ്ങളുടെ സൂക്ഷ്മതകളെ കേന്ദ്രീകരിച്ചുള്ള ആഴമുള്ള തിരക്കഥകൾക്ക് പേരുകേട്ട അദ്ദേഹത്തിന്റെ തനത് ശൈലിയിൽ ആവേശകരമായ ആക്ഷൻ രംഗങ്ങൾക്കൊപ്പം ഹൃദയസ്പർശിയായ കഥയും പ്രേക്ഷകർക്ക് പ്രതീക്ഷിക്കാം. ‘ആന്റണി’, ‘പുരുഷ പ്രേതം’ എന്നീ ചിത്രങ്ങൾക്ക് ശേഷം ഐൻസ്റ്റീൻ മീഡിയ നിർമ്മിക്കുന്ന ഈ ചിത്രം, മലയാള സിനിമയെ ദേശീയ അന്തർദേശീയ തലങ്ങളിലേക്ക് ഉയർത്താൻ ഉതകുന്ന ഒന്നാകുമെന്ന് സിനിമാലോകം പ്രത്യാശിക്കുന്നു.

യുവ തലമുറയെയും കുടുംബ പ്രേക്ഷകരെയും ഒരുപോലെ ആകർഷിക്കുന്ന രീതിയിലുള്ള ഒരു ചിത്രം ജനങ്ങളിലേക്ക് എത്തിക്കുക എന്നുള്ളതാണ് യു എം എഫിന്റെ ലക്ഷ്യം. യുവഎംഎഫും ഐൻസ്റ്റിൻ മീഡിയയും ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രം മലയാള സിനിമയിൽ തന്നെ ഒരു നാഴികകല്ലായി മാറും എന്നാണ് ഏവരുടെയും പ്രതീക്ഷ. മാർക്കറ്റിംഗും കമ്യൂണിക്കേഷനും കൈകാര്യം ചെയ്യുന്നത് ഡോ.സംഗീത ജനചന്ദ്രനാണ് (സ്റ്റോറീസ് സോഷ്യൽ).

Share
Leave a Comment

Recent News