ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദർശിച്ച് വിവാഹ ക്ഷണക്കത്ത് സമർപ്പിച്ച് തെന്നിന്ത്യൻ താരം വരലക്ഷ്മി ശരത് കുമാർ. പിതാവും എൻഡിഎ നേതാവുമായ ശരത് കുമാറിനും അമ്മ രാധികക്കും ഭാവിവരനും ഒപ്പമാണ് വരലക്ഷ്മി പ്രധാനമന്ത്രിയെ കാണാനായി എത്തിയിരുന്നത്. കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനെയും വരലക്ഷ്മി നേരിൽ കണ്ട് വിവാഹത്തിന് ക്ഷണിച്ചിട്ടുണ്ട്.
ജൂലൈ രണ്ടിന് തായ്‌ലൻഡിൽ വെച്ചാണ് വരലക്ഷ്മി വിവാഹിതയാകുന്നത്. മുംബൈ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ആർട്ട് ഗ്യാലറിസ്റ്റ് നിക്കോളായ് സച്ദേവ് ആണ് വരലക്ഷ്മിയുടെ പ്രതിശ്രുത വരൻ. മുംബൈയിലെ ഗ്യാലറി7 എന്ന ആർട്ട് ഗ്യാലറിയുടെ ഉടമ കൂടിയാണ് അദ്ദേഹം. ഈ വർഷം മാർച്ചിൽ ആയിരുന്നു വരലക്ഷ്മിയുടെയും നിക്കോളായിയുടെയും വിവാഹനിശ്ചയം നടന്നിരുന്നത്.
പ്രധാനമന്ത്രിക്ക് ക്ഷണപത്രിക നൽകിയശേഷം അദ്ദേഹത്തോടൊപ്പം ഉള്ള ചിത്രങ്ങൾ വരലക്ഷ്മി സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെച്ചു.”നമ്മുടെ ബഹുമാനപ്പെട്ട പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിജിയെ കാണാനും ഞങ്ങളുടെ വിവാഹത്തിന് അദ്ദേഹത്തെ ക്ഷണിക്കാനും സാധിച്ചത് വലിയ ബഹുമതിയായി കരുതുന്നു. ഞങ്ങളെ എല്ലാവരെയും വളരെ സ്നേഹത്തോടെ സ്വാഗതം ചെയ്തതിന് നന്ദി. തിരക്കുകൾക്കിടയിലും അദ്ദേഹം ഞങ്ങളോടൊപ്പം സമയം ചെലവഴിച്ചു. ഈ അനുഭവം സാധ്യമാക്കി തന്ന അച്ഛന് നന്ദി ” എന്നും വരലക്ഷ്മി നരേന്ദ്രമോദിയുടെ ചിത്രം പങ്കുവെച്ചുകൊണ്ട് കുറിച്ചു.
പ്രധാനമന്ത്രി നരേന്ദ്രമോദിയെ കൂടാതെ കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമനുമായും തമിഴ്നാട്ടിൽനിന്നുള്ള കേന്ദ്ര മന്ത്രി എല്‍ മുരുകനുമായും ശരത് കുമാറും കുടുംബവും കൂടിക്കാഴ്ച നടത്തുകയും വിവാഹത്തിന് ക്ഷണിക്കുകയും ചെയ്തു. നടനും രാഷ്ട്രീയ നേതാവും മുൻ രാജ്യസഭാംഗവും ആയ ആർ ശരത് കുമാറിന്റെയും മുൻ ഭാര്യ ഛായയുടെയും മകളാണ് വരലക്ഷ്മി. തമിഴ്, തെലുങ്ക്, മലയാളം, കന്നഡ എന്നിങ്ങനെ നിരവധി ഭാഷകളിൽ അഭിനയിച്ചിട്ടുള്ള താരമാണ് വരലക്ഷ്മി ശരത് കുമാർ.
Discussion about this post