കൊച്ചി: നടനും കേന്ദ്ര സഹമന്ത്രിയുമായ സുരേഷ് ഗോപിക്ക് പിറന്നാളാശംസ നേർന്നതിന് നടൻ ഷമ്മി തിലകനെതിരെ സൈബർ ആക്രമണം. ഷമ്മി പോസ്റ്റ് ചെയ്ത ചിത്രത്തിന്റെ കമന്റ് ബോക്‌സിലാണ് സുരേഷ് ഗോപിയെ പിന്തുണച്ചതിന് രൂക്ഷ കമന്റുകൾ വന്നത്. ഇതിൽ പലതിനും ചുട്ട മറുപടിയും ഷമ്മി നൽകിയിട്ടുണ്ട്.
ശ്രുതികളിൽ തിളങ്ങുന്ന സാന്നിധ്യം…!ശ്രേഷ്ഠതയാൽ നിറഞ്ഞ പോരാളി, സിനിമയും സേവനവും ഒരുമിച്ചുച്ചേർന്ന, തൃശ്ശൂരിന്റെ മിടുക്കൻ നായകൻ, സംഗീതമാം ജീവിത പാതയിൽ, സന്തോഷങ്ങൾ നിറയട്ടെ എന്നും, പിറന്നാളാശംസകൾ പ്രിയ സുഹൃത്തേ.. സ്‌നേഹത്തിൻ പര്യായമേ’ എന്നായിരുന്നു സുരേഷ് ഗോപിക്ക് പിറന്നാൾ ആശംസകൾ നേർന്നുകൊണ്ട് ഷമ്മി തിലകൻ ഫേസ്ബുക്കിൽ കുറിച്ചത്. ഈ പോസ്റ്റിന് താഴെയാണ് കമന്റുകൾ നിറഞ്ഞത്.
‘താങ്കളിൽ നിന്ന് ഇത്രയും പ്രതീക്ഷിച്ചില്ല , കാരണം നിങ്ങൾക്ക് അവരാരെങ്കിലും നല്ലൊരു അവസരം ഉണ്ടാക്കി തന്നിട്ടില്ല’ എന്നായിരുന്നു ഒരു കമന്റ്. ‘ആ ഇവരിൽ സുരേഷ് ജിയെ ഉൾപ്പെടുത്തേണ്ടതില്ല. ഉണ്ടാക്കി തന്നിട്ടില്ലായിരിക്കാം, എന്നാൽ മണ്ണുവാരിയിട്ടിട്ടില്ല’ എന്നായിരുന്നു ഇതിനോടുള്ള ഷമ്മി തിലകന്റെ മറുപടി.
കമന്റ് ഇങ്ങനെയായിരുന്നു’പോസ്റ്റുമാന്റെ പിതാവും അതുല്യനായ കലാകാരനുമായിരുന്ന ശ്രീ. തിലകൻ സാറിന്റെ രാഷ്ട്രീയ ബോധത്തിന്റെ 1% എങ്കിലും കിട്ടിയിരുന്നുവെങ്കിൽ ഇങ്ങനെ പറയില്ലായിരുന്നു. കഷ്ടം’. അതേസമയം കമന്റിന് ഷമ്മി മറുപടി നൽകിയിട്ടുണ്ട്. ‘പിതാവ് ആനപ്പുറത്ത് കയറിയാൽ മകന് തഴമ്പുണ്ടാകില്ല’ എന്ന ശാസ്ത്രീയ ബോധം അല്പമെങ്കിലും ഉണ്ടായിരുന്നെങ്കിൽ താങ്കളും ഇങ്ങനെ പറയില്ലായിരുന്നു. കഷ്ടം..!, എന്നായിരുന്നു താരം കുറിച്ചത്
നമ്മുടെ ആരാധ്യനായ തിലകൻ ചേട്ടനെ പറയിപ്പിക്കരുതെന്ന കമൻ്റിന് പറഞ്ഞവർ അനുഭവിച്ചിട്ടുണ്ട്, ജാഗ്രതൈ എന്നായിരുന്നു ഷമ്മി നൽകിയ മറുപടി. തിലകൻ സാർ ജീവിച്ചിരുന്നുവെങ്കിൽ മകന്റെ തലയിൽ ഒരു കൊട്ടും കൊടുത്ത് പുറത്താക്കി പിണ്ഡം വെച്ചേനെ, തിലകൻ സാറിനെ ഓർത്ത് ദുഃഖിക്കുന്നു’, എന്നായിരുന്നു വേറൊരു കമന്റ് . ഇതിന് എന്തൊരു തമാശയെന്നായിരുന്നു ഷമ്മി മറുപടി പറഞ്ഞത്
Discussion about this post