മലപ്പുറം : കേരള രാഷ്ട്രീയത്തിൽ വലിയ ചർച്ചകൾക്ക് വഴിതുറക്കുന്ന പ്രസ്താവനയുമായി മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. യുഡിഎഫ് അധികാരത്തിലെത്തിയാൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് വി.ഡി. സതീശന് പിന്തുണ നൽകുമെന്ന് മുസ്ലിം ലീഗ് അധ്യക്ഷൻ വ്യക്തമാക്കി. മുഖ്യമന്ത്രി പദവി ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ജനവികാരം നിർണ്ണായകമാണെന്നും സാദിഖലി തങ്ങൾ സൂചിപ്പിച്ചു.
വിവിധ മാധ്യമങ്ങൾ നടത്തിയ സർവേകളിൽ അടുത്ത മുഖ്യമന്ത്രിയായി ജനങ്ങൾ കൂടുതൽ താൽപ്പര്യം പ്രകടിപ്പിച്ചത് വി.ഡി. സതീശനെ ആണെന്നും ലീഗ് അധ്യക്ഷൻ ചൂണ്ടിക്കാട്ടി. യു.ഡി.എഫിനെ ഒറ്റക്കെട്ടായി മുന്നോട്ട് കൊണ്ടുപോകുന്നതിലും സർക്കാരിനെതിരെയുള്ള സമരങ്ങൾ ഏകോപിപ്പിക്കുന്നതിലും സതീശൻ വിജയിച്ചുവെന്നാണ് ലീഗിന്റെ വിലയിരുത്തൽ. ജനാധിപത്യത്തിൽ ജനങ്ങളുടെ ശബ്ദത്തിനാണ് പ്രാധാന്യം. മുഖ്യമന്ത്രി പദവി അടക്കമുള്ള കാര്യങ്ങളിൽ ജനവികാരം എന്താണോ അത് പരിഗണിക്കാൻ മുന്നണി ബാധ്യസ്ഥമാണ് എന്നും സാദിഖലി തങ്ങൾ വ്യക്തമാക്കി.











