ലഹരിക്കടത്ത്; ഷാനവാസിനെ രക്ഷിക്കാൻ അണിയറ നീക്കം; വാഹനത്തിന്റെ വാടക കരാർ കേസ് രജിസ്റ്റർ ചെയ്ത ശേഷം തയ്യാറാക്കിയതെന്ന് മാത്യു കുഴൽനാടൻ എംഎൽഎ; തെളിവ് സഹിതം നിയമസഭയിൽ

Published by
Brave India Desk

തിരുവനന്തപുരം: കരുനാഗപ്പള്ളിയിൽ നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടിയ കേസിൽ ആരോപണ വിധേയനായ സിപിഎം നേതാവ് ഷാനവാസിനെ സംരക്ഷിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് മാത്യു കുഴൽനാടൻ എംഎൽഎ. വാഹനം വാടകയ്ക്ക് നൽകുന്ന കരാറിൽ രേഖപ്പെടുത്തിയിരിക്കുന്ന തീയതി കേസ് രജിസ്റ്റർ ചെയ്യുന്നതിന് രണ്ട് ദിവസം മുൻപത്തേത് മാത്രമാണ്. ഷാനവാസിനെ രക്ഷിക്കാൻ വേണ്ടി ലഹരി വസ്തുക്കൾ പിടികൂടിയ ശേഷം എഴുതിയുണ്ടാക്കിയ കരാറാണിതെന്നും മാത്യു കുഴൽനാടൻ നിയമസഭയിൽ ചൂണ്ടിക്കാട്ടി.

കരാറിന്റെ പകർപ്പും അദ്ദേഹം ഉയർത്തിക്കാട്ടി. ലഹരി കേസുകളിലെ പ്രതികളെ പോലീസ് സംരക്ഷിക്കുന്നതായി ചൂണ്ടിക്കാട്ടി അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി സംസാരിക്കുകയായിരുന്നു മാത്യു കുഴൽനാടൻ.

പിടിക്കപ്പെടുന്നതിന്റെ തലേന്നിന്റെ തലേന്ന് എഴുതിയുണ്ടാക്കിയ വാലും തുമ്പും ഇല്ലാത്ത കരാറാണിതെന്ന് മാത്യു കുഴൽനാടൻ പറഞ്ഞു. പ്രതിയായ ശേഷം എഴുതി ഉണ്ടാക്കിയ കരാറാണിത്. സംഭവത്തിൽ പിടിയിലായതിൽ ഒരാൾ ഇജാസ് എന്ന ഡിവൈഎഫ്‌ഐ നേതാവാണ്. അയാൾ ഇതിന് മുൻപും മയക്കുമരുന്ന് കേസിൽ പ്രതിയായിട്ടുണ്ടെന്ന് മാത്യു കുഴൽനാടൻ ചൂണ്ടിക്കാട്ടി.

പോലീസ് അന്വേഷണം നടക്കുന്നതിനിടെ ഫിഷറീസ് വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രി സജി ചെറിയാൻ എന്ത് തെളിവിന്റെ അടിസ്ഥാനത്തിലാണ് ഷാനവാസിന് ക്ലീൻ ചിറ്റ് നൽകിയതെന്ന് മാത്യു കുഴൽനാടൻ ചോദിച്ചു. ഇൻവെസ്റ്റിഗേഷൻ ഫയൽ മുൻപിൽ വന്നിട്ടാണോ അദ്ദേഹം അതിന് തയ്യാറായത്. യജമാനന്റെ വെപ്രാളമാണ് കണ്ടതെന്നും മാത്യു കുഴൽനാടൻ പറഞ്ഞു.

വാഹനത്തിൽ നിന്നും ഇത്തരം ലഹരി വസ്തുക്കൾ പിടികൂടിയാൽ പ്രഥമദൃഷ്ട്യാ ആ വാഹനത്തിന്റെ ഉടമ അന്വേഷണ വിധേയമായി പ്രതിസ്ഥാനത്ത് വരും. പക്ഷെ ഇവിടെ ഉടമയെ പ്രതിയാക്കുന്നില്ലെന്ന് മാത്യു കുഴൽനാടൻ ചൂണ്ടിക്കാട്ടി. സിപിഎമ്മിന്റെ തണലും തലോടലുമാണ് സംസ്ഥാനത്ത് ലഹരിമാഫിയ തഴച്ചുവളരാൻ കാരണമെന്ന മാത്യു കുഴൽനാടന്റെ പരാമർശം സഭയിൽ ഭരണ പ്രതിപക്ഷ പോരിനും വഴിയൊരുക്കി.

Share
Leave a Comment

Recent News