തൃശൂർ: വാഹനാപകടത്തിൽ ഹാസ്യ നടനും റിയാലിറ്റി ഷോ താരവുമായ കൊല്ലം സുധി മരിച്ചു. ഇന്ന് രാവിലെയോടെയായിരുന്നു സംഭവം. സുധിയ്‌ക്കൊപ്പമുണ്ടായിരുന്ന മറ്റ് താരങ്ങളായ ബിനു അടിമാലി, ഉല്ലാസ് അരൂർ, മഹേഷ് എന്നിവർക്ക് പരിക്കേറ്റു.
പുലർച്ചെ നാല് മണിയോടെ കയ്പമംഗലം പനമ്പിക്കുന്നിലായിരുന്നു വാഹനാപകടം ഉണ്ടായത്. സ്വകാര്യ ചാനലിന്റെ പരിപാടി കഴിഞ്ഞ് വടകരയിൽ നിന്നും മടങ്ങിയതായിരുന്നു സുധിയും സംഘവും. ഇതിനിടെയാണ് അപകടം ഉണ്ടായത്. ഇവർ സഞ്ചരിച്ച കാറും എതിരെ വന്ന പിക്കപ്പ് വാനും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ സുധിയ്ക്ക് സാരമായി പരിക്കേറ്റിരുന്നു.
ഉടനെ കൊടുങ്ങല്ലൂർ എ ആർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മറ്റുള്ളവർ ആശുപത്രിയിൽ ചികിത്സയിലാണ്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ഒരാഴ്ച്ച മുമ്പ് ഇതേ സ്ഥലത്ത് നിർത്തിയിട്ട ലോറിക്ക് പിറകിൽ ടാങ്കർ ലോറിയിടിച്ച് ഡ്രൈവർ മരിച്ചിരുന്നു. കയ്പമംഗലം പോലീസ് സ്ഥലത്ത് എത്തി പരിശോധന നടത്തി.
Leave a Comment