ആലപ്പുഴ : വിവാഹ വാഗ്ദാനം നൽകി സാധാരണക്കാരായ സ്ത്രീകളെ കബളിപ്പിച്ച് പണവും വസ്തുവകകളും തട്ടിയെടുക്കുന്നയാൾ പിടിയിൽ. പത്തനംതിട്ട റാന്നി സ്വദേശി സെബാസ്റ്റ്യനെയാണ് ചെങ്ങന്നൂർ പോലീസ് പിടികൂടിയത്. വിവാഹ വാഗ്ദാനം നൽകി കബളിപ്പിച്ചുവെന്നും അഞ്ച് ലക്ഷം രൂപയും വീട്ടിൽ വളർത്തിയിരുന്ന 11 ആടുകളെയും അടക്കം കൊണ്ടുപോയെന്നും ചെങ്ങന്നൂർ സ്വദേശിനിയായ യുവതി പരാതിപ്പെട്ടു. ഇതിലാണ് നടപടി.
പത്രത്തിൽ നൽകിയ വിവാഹ പരസ്യത്തിലൂടെയാണ് സെബാസ്റ്റ്യൻ ഇവരുമായി സൗഹൃദം സ്ഥാപിച്ചത്. സർക്കാർ ഉദ്യോഗസ്ഥൻ എന്നാണ് പരിചയപ്പെടുത്തിയത്. തുടർന്ന് വിവാഹം കഴിക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് പലതവണകളായി 5 ലക്ഷം രൂപ വാങ്ങിയെടുത്തു. യുവതി വീട്ടിൽ വളർത്തി വന്ന 11 ആട്ടിൻകുട്ടികളെയും ഇയാൾ കൊണ്ടുപോയി. വളർത്തി വലുതായശേഷം തിരികെ നൽകാം എന്ന് പറഞ്ഞാണ് ആട്ടിൻകുട്ടികളെ കൊണ്ടുപോയത്. പിന്നീട് ഇയാൾ മുങ്ങിയെന്ന് യുവതി പരാതിപ്പെട്ടു.
കഴിഞ്ഞ ഒരു മാസമായി പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിൽ റാന്നി ബസ് സ്റ്റേഷനിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. നിരവധി സ്ത്രീകളെ ഇത്തരത്തിൽ ഇയാൾ തട്ടിപ്പിനിരയാക്കിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.












