നഗരത്തിലെ രൂക്ഷമായ തെരുവുനായ ശല്യം നിയന്ത്രിക്കുന്നതിനും വളർത്തുനായ്ക്കളുടെ പരിപാലനം ശാസ്ത്രീയമായി ക്രമീകരിക്കുന്നതിനുമായി കർശന വ്യവസ്ഥകളോടെ തിരുവനന്തപുരം കോർപറേഷൻ പുതിയ കരട് നിയമാവലി തയ്യാറാക്കി. പുതിയ നിർദ്ദേശപ്രകാരം വളർത്തുനായ്ക്കൾക്ക് നിലവിലുള്ള ലൈസൻസ് ഫീസിന് പുറമേ പ്രത്യേക ‘സേവന ഫീസും’ (സർവീസ് ഫീസ്) ഏർപ്പെടുത്തും. ഇതിലൂടെ സമാഹരിക്കുന്ന തുക ഉപയോഗിച്ച് പ്രത്യേക നായപരിപാലന ഫണ്ട് രൂപീകരിക്കാനാണ് കോർപറേഷന്റെ തീരുമാനം. നഗരവാസികളെയും മൃഗസ്‌നേഹികളെയും ഒരുപോലെ ബാധിക്കുന്ന നിർണ്ണായക ശുപാർശകളാണ് കരട് നിയമാവലിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
സേവന ഫീസിലൂടെ ലഭിക്കുന്ന തുക തെരുവുനായ്ക്കളുടെ വന്ധ്യംകരണം (എ.ബി.സി പദ്ധതി), ആധുനിക സൗകര്യങ്ങളോടു കൂടിയ ഷെൽറ്റർ ഹോമുകളുടെ നിർമ്മാണം, വളർത്തുനായ്ക്കളെ തിരിച്ചറിയുന്നതിനുള്ള മൈക്രോചിപ്പ് ഘടിപ്പിക്കൽ തുടങ്ങിയ പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കും. വളർത്തുനായ്ക്കളെ ഉടമകൾ തെരുവിൽ ഉപേക്ഷിക്കുന്നത് തടയാനും, കൃത്യമായ വാക്സിനേഷൻ ഉറപ്പാക്കാനും മൈക്രോചിപ്പിംഗ് സഹായകമാകും. കോർപറേഷൻ കൗൺസിൽ ഈ കരട് നിയമാവലിക്ക് അംഗീകാരം നൽകിയ ശേഷം തുടർനടപടികൾക്കായി തദ്ദേശസ്വയംഭരണ വകുപ്പിന് കൈമാറും. തദ്ദേശ, നിയമ വകുപ്പുകളുടെ ഔദ്യോഗിക അംഗീകാരം ലഭിക്കുന്നതോടെ പുതിയ ചട്ടങ്ങൾ നഗരത്തിൽ പ്രാബല്യത്തിൽ വരും.
പുതിയ നിയമാവലി നടപ്പിലാകുന്നതോടെ പൊതുസ്ഥലങ്ങളിൽ തെരുവുനായ്ക്കൾക്ക് തോന്നുംപടി ഭക്ഷണം വിതരണം ചെയ്യുന്നതിന് കർശന നിയന്ത്രണം വരും. തെരുവുനായ്ക്കൾക്ക് സ്ഥിരമായി ഭക്ഷണം നൽകുന്ന വ്യക്തികളും സന്നദ്ധ സംഘടനകളും ‘നായ പരിപാലകർ’ എന്ന പേരിൽ കോർപറേഷനിൽ നിർബന്ധമായും റജിസ്റ്റർ ചെയ്യണം. പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകാത്ത തരത്തിൽ ഓരോ വാർഡിലും കോർപറേഷൻ പ്രത്യേക സ്ഥലങ്ങൾ കണ്ടെത്തി നിശ്ചയിക്കും. ഈ ഫീഡിംഗ് സോണുകളിൽ മാത്രമേ തെരുവുനായ്ക്കൾക്ക് ഭക്ഷണം നൽകാൻ അനുവാദമുണ്ടായിരിക്കുകയുള്ളൂ.
വളർത്തുനായ ഉടമകൾക്കും കർശന നിർദ്ദേശങ്ങളാണ് നിയമാവലിയിലുള്ളത്. വളർത്തുനായ്ക്കളെ കൃത്യമായി തുടലിൽ (ലീഷ്) കെട്ടി മാത്രമേ പൊതുസ്ഥലങ്ങളിൽ കൊണ്ടുപോകാൻ പാടുള്ളൂ. ജോലിക്കും മറ്റുമായി പോകുന്ന ഉടമകളുടെ വളർത്തുനായ്ക്കൾക്ക് പകൽ സമയത്ത് താൽക്കാലിക പരിചരണം ഒരുക്കുന്നതിനായി കോർപറേഷന്റെ നേതൃത്വത്തിൽ ‘ഡോഗ് ഡേ കെയർ സെന്ററുകൾ’ സ്ഥാപിക്കാനും പദ്ധതിയുണ്ട്.
പൊതുജനങ്ങളുടെ സുരക്ഷ മുൻനിർത്തി വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആശുപത്രികൾ, ബസ് സ്റ്റാൻഡുകൾ, റെയിൽവേ സ്റ്റേഷനുകൾ, പൊതു കായിക കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ തെരുവുനായ ശല്യം പൂർണ്ണമായും ഒഴിവാക്കുന്നതിനുള്ള പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തും. ഇതിനുപുറമെ, നഗരത്തിലെ തെരുവുനായ്ക്കളുടെ എണ്ണം കൃത്യമായി തിട്ടപ്പെടുത്തുന്നതിനായി വാർഡ് അടിസ്ഥാനത്തിൽ സർവേ നടത്തും. വന്ധ്യംകരണത്തിനായി പിടികൂടുന്ന ഓരോ നായയുടെയും വിവരങ്ങൾ, പിടികൂടിയ സ്ഥലം, ചികിത്സാ രീതികൾ എന്നിവ കൃത്യമായി രേഖപ്പെടുത്തുന്നതിനായി പ്രത്യേക ഡിജിറ്റൽ റജിസ്ട്രി സംവിധാനവും കോർപറേഷൻ സജ്ജമാക്കും.












