എനർജി ഡ്രിങ്കുകളുടെയും സ്റ്റിമുലന്റ് സപ്ലിമെന്റുകളുടെയും ഉപയോഗം ചെറുപ്പക്കാരായ ആളുകളിൽ ഗുരുതരമായ ഹൃദയസംബന്ധമായ പ്രശ്നങ്ങൾക്ക് കാരണമാകുന്നതായി പുതിയ പഠനങ്ങൾ മുന്നറിയിപ്പ് നൽകുന്നു. അമേരിക്കൻ ഹാർട്ട് അസോസിയേഷന്റെ ശാസ്ത്രീയ സമ്മേളനത്തിൽ അവതരിപ്പിച്ച പ്രാഥമിക ഗവേഷണ വിവരങ്ങളിലാണ് ഈ ആശങ്കാജനകമായ കണക്കുകൾ പുറത്തുവിട്ടിരിക്കുന്നത്.
എനർജി ഡ്രിങ്കുകളും മറ്റ് സ്റ്റിമുലന്റ് സപ്ലിമെന്റുകളും പതിവായി ഉപയോഗിക്കുന്നവരിൽ കാർഡിയാക് അറസ്റ്റ് വരാനുള്ള സാധ്യത സാധാരണ ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നവരെ അപേക്ഷിച്ച് 11 മടങ്ങ് കൂടുതലാണെന്ന് പഠനം വ്യക്തമാക്കുന്നു. കൂടാതെ ഹൃദയാഘാത സാധ്യത 4.5 മടങ്ങും, ക്രമരഹിതമായ ഹൃദയമിടിപ്പ് (Ventricular Arrhythmias) നാല് മടങ്ങും അധികമാണ്.
ഹൃദയസംബന്ധമായ ഇത്തരം പ്രശ്നങ്ങളുമായി ബന്ധപ്പെട്ട റിപ്പോർട്ടുകളിൽ ഏകദേശം 45 ശതമാനത്തോളം പേരും 18നും 34നും ഇടയിൽ പ്രായമുള്ളവരാണ്.
സാധാരണ കാപ്പിയേക്കാൾ മൂന്നിടങ്ങ് വരെ കൂടുതൽ കഫീൻ ചില എനർജി ഡ്രിങ്കുകളിൽ അടങ്ങിയിട്ടുണ്ടാകാം. ഇതിനുപുറമെ ഗ്വാറാന (Guarana), ടൗറിൻ (Taurine) തുടങ്ങിയ മറ്റ് ഉത്തേജക ഘടകങ്ങളും രക്തസമ്മർദ്ദവും ഹൃദയമിടിപ്പും പെട്ടെന്ന് ഉയർത്താൻ കാരണമാകുന്നു.
സോഡയും വെള്ളവും പോലെ സാധാരണമായി വിപണിയിൽ ലഭിക്കുന്നതുകൊണ്ട് ആളുകൾ ഇതിൽ വലിയ അപകടമൊന്നും കാണുന്നില്ലെന്നും, എന്നാൽ തുടർച്ചയായ ഉപയോഗം ശരീരത്തിലെ കഫീന്റെ സുരക്ഷിതമായ അളവ് കടന്നുപോകാൻ ഇടയാക്കുമെന്നും ഗവേഷകർ ചൂണ്ടിക്കാണിക്കുന്നു.
ആരോഗ്യവാനായ ഒരു വ്യക്തിക്ക് ദിവസവും പരമാവധി 400 മില്ലിഗ്രാം വരെ കഫീൻ സുരക്ഷിതമായി ഉപയോഗിക്കാമെങ്കിലും, ഹൃദയസംബന്ധമായ പ്രശ്നങ്ങളുള്ളവരും ആരോഗ്യപ്രശ്നങ്ങളുള്ളവരും ഇത്തരം ഡ്രിങ്കുകൾ കർശനമായി ഒഴിവാക്കണമെന്ന് വിദഗ്ധർ നിർദ്ദേശിക്കുന്നു.











