ഡൽഹിയിലെ രാംലീല മൈതാനത്ത് ഇൻഡി മുന്നണി സംഘടിപ്പിച്ച ‘വോട്ട് ബച്ചാവോ, ദേശ് ബച്ചാവോ’ റാലിയിൽ പങ്കെടുക്കാതിരുന്ന ഇരുനൂറിലധികം യൂത്ത് കോൺഗ്രസ് ഭാരവാഹികൾക്കെതിരെ കടുത്ത അച്ചടക്ക നടപടി സ്വീകരിച്ച് കോൺഗ്രസ് നേതൃത്വം. ഗുജറാത്ത്, മധ്യപ്രദേശ്, പശ്ചിമ ബംഗാൾ, ഉത്തർപ്രദേശ്, തെലങ്കാന, ഹരിയാന, ഝാർഖണ്ഡ് തുടങ്ങി വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള 200-ലധികം നേതാക്കളെയാണ് പാർട്ടി ചുമതലകളിൽ നിന്ന് സസ്പെൻഡ് ചെയ്തത്. സംഘടനയിലെ അച്ചടക്കലംഘനവും ഉത്തരവാദിത്തമില്ലായ്മയും ചൂണ്ടിക്കാട്ടിയാണ് യൂത്ത് കോൺഗ്രസ് ദേശീയ നേതൃത്വത്തിന്റെ ഈ നിർണ്ണായക തീരുമാനം.
നവംബർ 1-ന് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ നടന്ന വലിയ പ്രക്ഷോഭ പരിപാടിയിൽ പങ്കെടുക്കാൻ നേതാക്കൾക്ക് കർശന നിർദ്ദേശം നൽകിയിരുന്നു. എന്നാൽ മുൻകൂട്ടി അറിയിക്കാതെ റാലിയിൽ നിന്നും വിട്ടുനിന്നവർക്കെതിരെയാണ് നിലവിൽ നടപടിയെടുത്തിരിക്കുന്നത്. അതേസമയം, കുടുംബത്തിലെ ചടങ്ങുകളും വ്യക്തിപരമായ ശാരീരിക ബുദ്ധിമുട്ടുകളും മുൻകൂട്ടി അറിയിച്ചിട്ടും തങ്ങൾക്കെതിരെ വൻ നടപടിയെടുത്തു എന്ന് സസ്പെൻഷനിലായ ചില പ്രാദേശിക നേതാക്കൾ പരാതി ഉയർത്തിയത് പാർട്ടിയിൽ ആഭ്യന്തര അമർഷത്തിന് വഴിവെച്ചിട്ടുണ്ട്.
റാലിയിൽ സ്വന്തം പ്രവർത്തകർ പോലും പങ്കെടുക്കാത്തതും തുടർന്നുണ്ടായ അച്ചടക്ക നടപടിയും ചൂണ്ടിക്കാട്ടി പ്രതിപക്ഷത്തെ കടുത്ത ഭാഷയിൽ പരിഹസിച്ച് ബി.ജെ.പി രംഗത്തെത്തി. സ്വന്തം പാർട്ടിക്കാർക്ക് പോലും രാഹുൽ ഗാന്ധിയിൽ വിശ്വാസമില്ലെന്നും റാലി പരാജയപ്പെട്ടതിന്റെ നിരാശയിലാണ് നേതാക്കൾക്കെതിരെ നടപടിയെടുക്കുന്നതെന്നും ബി.ജെ.പി വക്താക്കൾ കുറ്റപ്പെടുത്തി. തങ്ങളുടെ സ്വന്തം പ്രവർത്തകരെ പോലും ഒപ്പം നിർത്താൻ കഴിയാത്ത പ്രതിപക്ഷത്തിന്റെ നാടകങ്ങൾ ജനങ്ങൾ തിരിച്ചറിയുമെന്നും ഭരണകക്ഷി പരിഹസിച്ചു.









