വ്യാജ ഡോക്ടർമാർക്ക് തടയിടുന്നതിനും ആരോഗ്യ മേഖലയിൽ സുതാര്യത ഉറപ്പാക്കുന്നതിനുമായി നിർണ്ണായക തീരുമാനവുമായി പശ്ചിമ ബംഗാൾ ആരോഗ്യ വകുപ്പ്. സംസ്ഥാന മെഡിക്കൽ കൗൺസിലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള 1.1 ലക്ഷത്തിലധികം ഡോക്ടർമാരുടെ വിവരങ്ങളും സർട്ടിഫിക്കറ്റുകളും വീണ്ടും പരിശോധിക്കാൻ സർക്കാർ തീരുമാനിച്ചു. Know Your Doctor – (KYD) പദ്ധതിയുടെ ഭാഗമായാണ് ഈ സമഗ്ര പരിശോധന നടപ്പിലാക്കുന്നത്. 1996 മുതൽ രജിസ്റ്റർ ചെയ്തിട്ടുള്ള മുഴുവൻ ഡോക്ടർമാരുടെയും വിവരങ്ങൾ ഇതിലൂടെ പുനഃപരിശോധിക്കും.
ഡോക്ടർമാരുടെ വിദ്യാഭ്യാസ യോഗ്യതകളും സർവകലാശാലാ സർട്ടിഫിക്കറ്റുകളും കൃത്യമായി പരിശോധിച്ച് വ്യാജ ബിരുദങ്ങൾ ഉപയോഗിച്ച് ചികിത്സ നടത്തുന്നവരെ കണ്ടെത്തുകയാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം. പരിശോധനാ നടപടികൾ പൂർത്തിയാക്കാൻ ഡോക്ടർമാർക്ക് നേരിട്ടോ വീഡിയോ കോൺഫറൻസിംഗ് വഴിയോ ആവശ്യമായ രേഖകൾ സമർപ്പിക്കാനുള്ള സൗകര്യം ഒരുക്കും. മുതിർന്ന ഡോക്ടർമാർക്കും ദൂരസ്ഥലങ്ങളിൽ സേവനമനുഷ്ഠിക്കുന്നവർക്കും ബുദ്ധിമുട്ടില്ലാതെ പ്രക്രിയ പൂർത്തിയാക്കാനാണ് ഓൺലൈൻ സൗകര്യം ഏർപ്പെടുത്തുന്നത്. കൂടാതെ മരണപ്പെട്ടവരുടെയും വിദേശത്തേക്ക് ചേക്കേറിയവരുടെയും പേരുകൾ ലിസ്റ്റിൽ നിന്ന് ഒഴിവാക്കും.
പൊതുജനങ്ങൾക്ക് ഡോക്ടർമാരുടെ യോഗ്യതയും രജിസ്ട്രേഷൻ വിവരങ്ങളും എളുപ്പത്തിൽ ഉറപ്പാക്കാൻ കഴിയും വിധമാണ് ഈ സംവിധാനം രൂപകൽപ്പന ചെയ്യുന്നത്. വരും ദിവസങ്ങളിൽ സ്വകാര്യ ആശുപത്രികളിലും ക്ലിനിക്കുകളിലും ഘടിപ്പിച്ചിട്ടുള്ള ക്യൂ.ആർ കോഡുകൾ വഴി രോഗികൾക്ക് ഡോക്ടർമാരുടെ ഔദ്യോഗിക വിവരങ്ങൾ കാണാനാകും. തടസ്സമില്ലാതെ പരിശോധന പൂർത്തിയാക്കാൻ ആവശ്യമായ നിർദ്ദേശങ്ങൾ ആരോഗ്യ വകുപ്പ് നൽകിക്കഴിഞ്ഞു. സംസ്ഥാനത്തെ ആരോഗ്യ രംഗത്തെ വിശ്വസനീയത വർദ്ധിപ്പിക്കാൻ സർക്കാരിന്റെ ഈ കർശന നടപടി സഹായിക്കും.









