ദീപാവലി ആഘോഷത്തെ ‘സന്തോഷത്തിന്റെ ഈദ്’ എന്ന് വിശേഷിപ്പിച്ച കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ പരാമർശം രാജ്യത്ത് പുതിയ രാഷ്ട്രീയ വിവാദത്തിലേക്ക്. ഖാർഗെയുടെ വാക്കുകൾക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി രംഗത്തെത്തി. ദീപാവലി ആശംസകൾ അറിയിക്കുന്നതിനിടെയാണ് ഖാർഗെ ഈ പരാമർശം നടത്തിയത്. പ്രസ്താവന പുറത്തുവന്നതിന് പിന്നാലെ കോൺഗ്രസിന്റേത് പ്രീണന രാഷ്ട്രീയവും വോട്ട് ബാങ്ക് തന്ത്രവുമാണെന്ന് ആരോപിച്ച് ബി.ജെ.പി രൂക്ഷമായ വിമർശനവുമായി രംഗത്തെത്തി. കോൺഗ്രസ് എല്ലാ കാലത്തും സനാതന ധർമ്മത്തിനും ഹിന്ദു ആചാരങ്ങൾക്കും എതിരാണെന്ന് ബി.ജെ.പി വക്താക്കൾ കുറ്റപ്പെടുത്തി.
ബി.ജെ.പി ദേശീയ വക്താക്കളായ പ്രദീപ് ഭണ്ഡാരി, സി.ആർ. കേശവൻ തുടങ്ങിയവർ കോൺഗ്രസിന്റെ നിലപാടിനെ രൂക്ഷമായി വിമർശിച്ചു. ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് ഇത്തരം പ്രീണന പ്രസ്താവനകൾ നടത്തുന്നതെന്ന് അവർ ആരോപിച്ചു. ഹിന്ദു ആഘോഷ വേളയിൽ പോലും ഒരു പ്രത്യേക വോട്ട് ബാങ്കിനെ പ്രീതിപ്പെടുത്താനാണ് കോൺഗ്രസ് ശ്രമിക്കുന്നത്. സനാതന ധർമ്മത്തെ അപമാനിക്കുന്ന പ്രസ്താവനകൾ മുൻപും ഉണ്ടാകുമ്പോൾ കോൺഗ്രസ് നിശ്ശബ്ദത പാലിച്ചിരുന്നുവെന്ന് ബി.ജെ.പി ഓർമ്മിപ്പിച്ചു.
കേന്ദ്രമന്ത്രി ഗിരിരാജ് സിങ്ങും ഖാർഗെയെ വിമർശിച്ച് രംഗത്തെത്തി. കോൺഗ്രസ് അധ്യക്ഷൻ ഗാന്ധി കുടുംബത്തിന്റെ നിർദേശപ്രകാരമാണ് സംസാരിക്കുന്നതെന്നും രാജ്യത്ത് ന്യൂനപക്ഷ പ്രീണന രാഷ്ട്രീയം നടത്താനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. ബിഹാർ ബിജെപി അധ്യക്ഷൻ സഞ്ജയ് സരാവോഗിയും ഖാർഗെയുടെ പരാമർശത്തെ വിമർശിച്ചു.











