ജമ്മു കശ്മീരിലെ സാവൽകോട്ട് ജലവൈദ്യുത പദ്ധതിക്ക് 1,400 കോടി രൂപയുടെ ഗ്രാന്റ് അനുവദിച്ച് പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ബോർഡ് (PIB). അതേസമയം, പദ്ധതിക്കായി ആവശ്യപ്പെട്ട 18,730.25 കോടി രൂപയുടെ പലിശരഹിത വായ്പാ നിർദേശത്തിന് പ്രത്യേക അനുമതി വേണമെന്ന് ബോർഡ് നിർദേശിച്ചു. സാമ്പത്തികകാര്യ വകുപ്പിന്റെ ബജറ്റ് വിഭാഗത്തിന്റെ പരിഗണനയ്ക്കാണ് ഈ നിർദേശം കൈമാറിയത്. ചെനാബ് നദിയിൽ നടപ്പാക്കുന്ന 1,800 മെഗാവാട്ട് ശേഷിയുള്ള പദ്ധതിയാണിത്. പദ്ധതിയുടെ അടിസ്ഥാന സൗകര്യ വികസനത്തിനായാണ് 1,400 കോടി രൂപയുടെ ഗ്രാന്റ് അനുവദിച്ചത്. കേന്ദ്ര വൈദ്യുതി മന്ത്രാലയമാണ് വായ്പാ സഹായം ഉൾപ്പെടെയുള്ള സാമ്പത്തിക നിർദേശങ്ങൾ മുന്നോട്ടുവച്ചത്. പദ്ധതിയുടെ ആകെ ചെലവ് നേരത്തെ കണക്കാക്കിയ 35,000 കോടി രൂപയിൽ നിന്ന് 26,373 കോടി രൂപയായി പുതുക്കിയിട്ടുണ്ട്. പദ്ധതിയുടെ സാമ്പത്തിക ഘടനയിൽ 75:25 എന്ന കടം-ഓഹരി അനുപാതത്തിനും ബോർഡ് അംഗീകാരം നൽകി. ഇതനുസരിച്ച് പദ്ധതിയുടെ 25 ശതമാനം ഓഹരി വിഹിതമായ 6,243 കോടി രൂപ എൻഎച്ച്പിസി വഹിക്കും.
നിർമാണ കാലയളവിൽ 18,730.25 കോടി രൂപ പലിശരഹിത സബോർഡിനേറ്റ് ഡെബ്റ്റായി നൽകണമെന്നാണ് വൈദ്യുതി മന്ത്രാലയത്തിന്റെ നിർദേശം. പദ്ധതി വാണിജ്യാടിസ്ഥാനത്തിൽ പ്രവർത്തനം ആരംഭിച്ചതിന് ശേഷം 25 വർഷത്തിനുള്ളിൽ പ്രതിവർഷം ഒരു ശതമാനം പലിശ നിരക്കിൽ ഈ തുക തിരിച്ചടയ്ക്കാനാണ് നിർദേശിച്ചിരിക്കുന്നത്. ഈ സാമ്പത്തിക സഹായം ലഭിച്ചാൽ വൈദ്യുതി ഉൽപാദനച്ചെലവ് കുറയ്ക്കാൻ കഴിയുമെന്നാണ് കണക്കുകൂട്ടൽ. നിലവിൽ യൂണിറ്റിന് 9.57 രൂപയിലധികമാകുമെന്ന് പ്രതീക്ഷിക്കുന്ന വൈദ്യുതി നിരക്ക് 5 രൂപയ്ക്ക് മുകളിലുള്ള നിലയിലേക്ക് കുറയ്ക്കുകയാണ് ലക്ഷ്യം.
ഏകദേശം നാല് പതിറ്റാണ്ടായി വിവിധ കാരണങ്ങളാൽ മുടങ്ങിക്കിടന്ന പദ്ധതിയാണിത്. രാംബൻ, റിയാസി, ഉധംപൂർ ജില്ലകളിലായി 1,401 ഹെക്ടറിലധികം പ്രദേശത്താണ് പദ്ധതി വ്യാപിക്കുന്നത്. ഇതിൽ 847 ഹെക്ടറിലധികം വനഭൂമിയും ഉൾപ്പെടുന്നു. പദ്ധതിയുടെ ഭാഗമായി വലിയ അണക്കെട്ടും തുരങ്കങ്ങളും വൈദ്യുത നിലയവും നിർമിക്കും. നേരത്തെ പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി നടപടികളും വനഭൂമി ഉപയോഗിക്കുന്നതിനുള്ള പ്രാഥമിക അനുമതിയും ലഭിച്ചിരുന്നു. 2021ൽ പദ്ധതി എൻഎച്ച്പിസിക്ക് 40 വർഷത്തെ ബിൽഡ്-ഓൺ-ഓപ്പറേറ്റ്-ട്രാൻസ്ഫർ മാതൃകയിൽ കൈമാറിയിരുന്നു. പാകിസ്ഥാനുമായുള്ള സിന്ധു നദീജല കരാർ ഇന്ത്യ താൽക്കാലികമായി നിർത്തിവച്ചതിന് പിന്നാലെ ചെനാബ് നദിയിലെ ജലവൈദ്യുത പദ്ധതികൾക്ക് കേന്ദ്രം കൂടുതൽ പ്രാധാന്യം നൽകുന്നുണ്ട്.










