13 വർഷം പഴക്കമുള്ള കേസിൽ പശ്ചിമ ബംഗാൾ മുൻ മുഖ്യമന്ത്രി മമത ബാനർജിക്ക് ഡൽഹി പോലീസിന്റെ നോട്ടീസ്. കേസിൽ പ്രതിയായല്ല, മറിച്ച് സാക്ഷിയായാണ് മമതയുടെ മൊഴി രേഖപ്പെടുത്താൻ പോലീസ് നിർദ്ദേശിച്ചിട്ടുള്ളത്. കൊൽക്കത്തയിലെ കാളിഘട്ടിലുള്ള മമതയുടെ വസതിയിൽ നേരിട്ടെത്തിയാണ് ഡൽഹിയിലെ പാർലമെന്റ് സ്ട്രീറ്റ് പോലീസ് സംഘം സി.ആർ.പി.സി 160-ാം വകുപ്പ് പ്രകാരമുള്ള നോട്ടീസ് കൈമാറിയത്. അന്വേഷണ ഉദ്യോഗസ്ഥന് സൗകര്യപ്രദമായ സമയവും സ്ഥലവും അറിയിച്ച് സാക്ഷിമൊഴി നൽകാനാണ് നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
2013 ഏപ്രിൽ 9-ന് ന്യൂഡൽഹിയിലെ യോജനാ ഭവന് മുന്നിൽ നടന്ന പ്രതിഷേധവുമായി ബന്ധപ്പെട്ടാണ് ഈ നടപടി. എസ്.എഫ്.ഐ പ്രവർത്തകൻ സുദീപ്ത ഗുപ്ത കൊൽക്കത്തയിൽ മരണപ്പെട്ടതിനെ തുടർന്ന് അന്നത്തെ ബംഗാൾ ധനമന്ത്രി അമിത് മിത്രയെ ഡൽഹിയിൽ വെച്ച് എസ്.എഫ്.ഐ പ്രവർത്തകർ തടഞ്ഞുവെച്ച് ആക്രമിച്ചിരുന്നു. അന്നത്തെ ആസൂത്രണ കമ്മീഷൻ ഓഫീസിലേക്ക് എത്തിയ മമത ബാനർജിയും തൃണമൂൽ നേതാക്കളും പോലീസുമായി പ്രതിഷേധത്തിനിടെ തർക്കത്തിലേർപ്പെട്ടിരുന്നു. അന്നത്തെ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ പാർലമെന്റ് സ്ട്രീറ്റ് പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറിലാണ് ഇപ്പോൾ നടപടി ഉണ്ടായിരിക്കുന്നത്.
കേസിന്റെ കൂടുതൽ അന്വേഷണ നടപടികൾ മുന്നോട്ട് കൊണ്ടുപോകുന്നതിന്റെ ഭാഗമായാണ് അന്നത്തെ സംഭവത്തിന് ദൃക്സാക്ഷിയായിരുന്ന മമത ബാനർജിയുടെ പ്രസ്താവന രേഖപ്പെടുത്തുന്നത്. നോട്ടീസ് മമതയുടെ വസതിയിൽ ഉദ്യോഗസ്ഥർ കൈപ്പറ്റിയതായി സ്ഥിരീകരിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ സാക്ഷിമൊഴി നൽകുന്നതുമായി ബന്ധപ്പെട്ട തീയതി മമത ബാനർജി തീരുമാനിക്കും.










