അനധികൃതമായി താമസിക്കുന്ന വിദേശ പൗരന്മാരെ കണ്ടെത്തുന്നതിനായി ഗുരുഗ്രാം പോലീസും തീവ്രവാദ വിരുദ്ധ സ്ക്വാഡും (എ.ടി.എസ്) സംയുക്തമായി നടത്തിയ പരിശോധനയിൽ 29 ബംഗ്ലാദേശ് പൗരന്മാരെ അറസ്റ്റ് ചെയ്തു. കേന്ദ്ര സർക്കാരിന്റെ നിർദ്ദേശപ്രകാരവും ദേശീയ സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായും നഗരത്തിന്റെ വിവിധ മേഖലകളിലാണ് സുരക്ഷാ സേന തിരച്ചിൽ നടത്തിയത്. പ്രാഥമിക അന്വേഷണത്തിൽ പിടിയിലായ ഒരാളുടെ പക്കൽ പോലും ഇന്ത്യയിൽ താമസിക്കുന്നതിനുള്ള സാധുവായ പാസ്‌പോർട്ടോ വിസയോ മറ്റ് ഔദ്യോഗിക രേഖകളോ ഇല്ലെന്ന് പോലീസ് സ്ഥിരീകരിച്ചു.
നൂഹ്, റോഹ്തക് എന്നിവിടങ്ങളിൽ നിന്നുള്ള സ്പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പ് (എസ്.ഒ.ജി) സംഘങ്ങളുടെ സഹായത്തോടെയും രഹസ്യാന്വേഷണ വിവരങ്ങളുടെ അടിസ്ഥാനത്തിലുമാണ് സംയുക്ത റെയ്ഡ് ആസൂത്രണം ചെയ്തത്. നഗരത്തിലെ ബജ്ഘേര ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ കൂലിപ്പണിക്കാരായി വ്യാജ മേൽവിലാസത്തിൽ ഒളിച്ചുതാമസിക്കുകയായിരുന്നു ഇവരെന്ന് അധികൃതർ വ്യക്തമാക്കി. പരിശോധനയിൽ ഇവരുടെ പക്കൽ നിന്നും ബംഗ്ലാദേശ് തിരിച്ചറിയൽ കാർഡുകളും പ്രാദേശിക രേഖകളും സുരക്ഷാ ഉദ്യോഗസ്ഥർ പിടിച്ചെടുത്തിട്ടുണ്ട്.
അറസ്റ്റിലായ 29 പേരെയും നിലവിൽ മനേസറിലെ തടങ്കൽ കേന്ദ്രത്തിലേക്ക് (ഡിറ്റൻഷൻ സെന്റർ) മാറ്റിയിരിക്കുകയാണ്. ഇവരുടെ പൗരത്വവും രേഖകളും ഔദ്യോഗികമായി പരിശോധിക്കുന്നതിനായി ബംഗ്ലാദേശ് ഹൈക്കമ്മീഷനുമായി ബന്ധപ്പെടുമെന്നും, നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം അതിർത്തി സുരക്ഷാ സേനയ്ക്ക് (ബി.എസ്.എഫ്) കൈമാറി ഇവരെ സ്വന്തം രാജ്യത്തേക്ക് തിരിച്ചയക്കുമെന്നും എ.ടി.എസ് ഉദ്യോഗസ്ഥർ അറിയിച്ചു. കൂടാതെ, വിദേശ പൗരന്മാർക്ക് വീടുകളോ മുറികളോ വാടകയ്ക്ക് നൽകുന്നതിന് മുൻപ് നിർബന്ധമായും പോലീസ് വെരിഫിക്കേഷൻ നടത്തണമെന്ന് കെട്ടിട ഉടമകൾക്ക് ഗുരുഗ്രാം പോലീസ് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.











