ജമ്മു കശ്മീരിലെ കുൽഗാവിൽ സിആർപിഎഫ് (CRPF) ജവാന്മാർക്ക് നേരെ നടന്ന ഭീകരാക്രമണത്തിന് പിന്നിൽ പ്രവർത്തിച്ച മുഖ്യപ്രതിയും കുപ്രസിദ്ധനുമായ പ്രാദേശിക ഭീകരൻ ലത്തീസിനായുള്ള തെരച്ചിൽ സുരക്ഷാ സേന ഊർജിതമാക്കി. ദക്ഷിണ കശ്മീരിൽ സൈന്യവും ജമ്മു കശ്മീർ പൊലീസും അർദ്ധസൈനിക വിഭാഗവും സംയുക്തമായി വൻതോതിലുള്ള തെരച്ചിൽ തുടരുകയാണ്.
മിർ ബസാർ മേഖലയിലെ നൗപോറ അഖ്രാൻ പ്രദേശത്ത് ജമ്മു-ശ്രീനഗർ ദേശീയപാതയ്ക്ക് സമീപമുള്ള സിആർപിഎഫ് 46-ാം ബറ്റാലിയൻ ചെക്ക്‌പോസ്റ്റിന് നേരെയാണ് ഭീകരർ വെടിയുതിർത്തത്. പരിക്കേറ്റെങ്കിലും നമ്മുടെ ധീരരായ ജവാന്മാർ ഒട്ടും പതറാതെ ശക്തമായി തിരിച്ചടിച്ചു. ഇതോടെ ഭീകരർ അടുത്തുള്ള കാടുകളിലേക്ക് പിൻവാങ്ങാൻ നിർബന്ധിതരായി.
എകെ-47 തോക്കുകളുമായി ഒറ്റയ്ക്കോ ചെറിയ സംഘങ്ങളായോ പെട്ടെന്ന് ആക്രമണം നടത്തി ജനക്കൂട്ടത്തിനിടയിലേക്ക് ഒളിച്ചോടുന്ന രീതിയാണ് ലത്തീസിന്റേത്. പ്രാദേശികമായ പിന്തുണയും പ്രദേശത്തെ ഭൂപ്രകൃതിയെക്കുറിച്ചുള്ള അറിവുമാണ് ഇയാൾക്ക് ഒളിവിൽ കഴിയാൻ സഹായകരമാകുന്നത്. എന്നാൽ ഇയാളെക്കുറിച്ച് കൃത്യമായ വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നും സേന ശക്തമായ തിരിച്ചടിക്ക് ഒരുങ്ങിക്കഴിഞ്ഞതായും ഉന്നത സുരക്ഷാ വൃത്തങ്ങൾ വ്യക്തമാക്കി.
അതിർത്തിക്കപ്പുറത്ത് നിന്ന് പാകിസ്ഥാൻ കേന്ദ്രീകരിച്ച് നുഴഞ്ഞുകയറ്റ ശ്രമങ്ങൾ നടക്കുന്നുണ്ടെങ്കിലും സൈന്യത്തിന്റെ ശക്തമായ ജാഗ്രത കാരണം അവ ഫലം കാണുന്നില്ല.
പീർ പഞ്ചാൽ മേഖലയുടെ ഇരുവശങ്ങളിലുമായി പിഓകെ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഭീകരരുടെ എണ്ണം കുറഞ്ഞുവരികയാണെന്നും, സൈന്യത്തിന്റെ ശക്തമായ നടപടികളിലൂടെ ഭീകരത്താവളങ്ങൾ തകർക്കപ്പെടുകയാണെന്നും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.









