അമേരിക്കൻ തലസ്ഥാനമായ വാഷിംഗ്ടൺ ഡി.സിയിൽ വൈറ്റ് ഹൗസിന് സമീപമുള്ള ലോഗൻ സർക്കിൾ (Logan Circle) മേഖലയിൽ നടന്ന വെടിവെപ്പിൽ അഞ്ച് പേർക്ക് വെടിയേറ്റു. പ്രാദേശിക സമയം വ്യാഴാഴ്ച രാവിലെ എട്ട് മണിയോടെ 15th and P സ്ട്രീറ്റുകൾ ചേരുന്ന ഭാഗത്താണ് ഒന്നിലധികം സ്ഥലങ്ങളിലായി വെടിവെപ്പുണ്ടായത്. അഞ്ച് തവണ ഉച്ചത്തിലുള്ള വെടിയൊച്ചകൾ കേട്ടതായും തുടർന്ന് പ്രദേശമാകെ പോലീസ് വളഞ്ഞതായും സമീപത്തെ അപ്പാർട്ട്മെന്റുകളിലെ താമസക്കാർ വ്യക്തമാക്കി. പരിക്കേറ്റ അഞ്ച് പേരുടെയും ആരോഗ്യനിലയോ മറ്റ് വിവരങ്ങളോ പോലീസ് ഇതുവരെ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.
വെടിവെപ്പ് നടത്തിയ അക്രമിയെ ഇതുവരെ പിടികൂടാനായിട്ടില്ലെന്നും പ്രതി ഒളിവിലാണെന്നും വാഷിംഗ്ടൺ മെട്രോപൊളിറ്റൻ പോലീസ് വക്താവ് നിക്കോൾ ഡീനർ അറിയിച്ചു. അക്രമിയെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങളോ രൂപരേഖയോ ലഭ്യമായിട്ടില്ലെന്നും സംഭവം ഒരു ‘ആക്ടീവ് ഷൂട്ടർ’ സാഹചര്യമാണെന്നും പോലീസ് ഉദ്യോഗസ്ഥനായ ലീ ലെപെ വ്യക്തമാക്കി. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി സമീപത്തെ റോഡുകൾ പൂർണ്ണമായും അടച്ചിരിക്കുകയാണ്. ജനങ്ങളും സന്ദർശകരും ഈ മേഖലയിലേക്ക് വരുന്നത് ഒഴിവാക്കണമെന്നും അപ്പാർട്ട്മെന്റുകളിലുള്ളവർ സുരക്ഷിതരായി അകത്തുതന്നെ കഴിയണമെന്നും അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്.
സംഭവത്തെ തുടർന്ന് പ്രാദേശിക പോലീസിനെ സഹായിക്കുന്നതിനായി ഫെഡറൽ ഏജൻസിയായ ബ്യൂറോ ഓഫ് ആൽക്കഹോൾ, ടൊബാക്കോ, ഫയർ ആംസ് ആൻഡ് എക്സ്പ്ലോസീവ്സ് (ATF) ഉദ്യോഗസ്ഥരും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വെടിവെപ്പിന് പിന്നിലെ കാരണമോ പ്രതിയുടെ ലക്ഷ്യമോ എന്താണെന്ന് വ്യക്തമായിട്ടില്ല. വൈറ്റ് ഹൗസിന് തൊട്ടടുത്തുള്ള അതീവ സുരക്ഷാ മേഖലയിൽ ഉണ്ടായ ഈ അപ്രതീക്ഷിത ആക്രമണം വാഷിംഗ്ടണിൽ വലിയ പരിഭ്രാന്തിയാണ് സൃഷ്ടിച്ചിരിക്കുന്നത്. ഒളിവിൽ പോയ പ്രതിക്കായി സുരക്ഷാ സേന പ്രദേശത്ത് വ്യാപകമായ തിരച്ചിൽ തുടരുകയാണ്.












