കോഴഞ്ചേരി പുതിയ പാലത്തിന്റെ നിർമ്മാണ അവകാശവാദവുമായി ബന്ധപ്പെട്ട തർക്കത്തിൽ മുൻ മന്ത്രി വീണാ ജോർജിനെ രൂക്ഷമായി പരിഹസിച്ച് അബിൻ വർക്കി എം.എൽ.എ. പാലത്തിന്റെ നിർമ്മാണത്തിനായി തീരുമാനമെടുക്കുകയും ആദ്യമായി ഫണ്ട് അനുവദിക്കുകയും ചെയ്തത് ഉമ്മൻ ചാണ്ടി സർക്കാരാണെന്ന് വ്യക്തമാക്കി, സർക്കാർ ഉത്തരവിന്റെ പകർപ്പ് സഹിതം പങ്കുവെച്ച ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് അബിൻ വർക്കിയുടെ കടന്നാക്രമണം. ഇനിയെങ്കിലും ഈ നാടകം അവസാനിപ്പിച്ച് ഫോൺ എടുക്കണമെന്ന് അഭ്യർത്ഥിക്കുന്നതായും, ‘സത്യം നമ്മെ സ്വതന്ത്രരാക്കും, നുണ നമ്മെ വീട്ടിലിരുത്തും’ എന്നും അദ്ദേഹം പരിഹസിച്ചു.
കോഴഞ്ചേരി പുതിയ പാലത്തിന്റെ ഉദ്ഘാടന ചടങ്ങിൽ യാതൊരുവിധ രാഷ്ട്രീയവും കലർത്തരുതെന്നായിരുന്നു തന്റെ വ്യക്തിപരമായ ആഗ്രഹമെന്ന് അബിൻ വർക്കി വ്യക്തമാക്കി. ഈ രാഷ്ട്രീയ മാന്യത മുൻനിർത്തിയാണ് പാലത്തിന് ആദ്യം ഫണ്ട് അനുവദിച്ച സമയത്തെ എം.എൽ.എയായിരുന്ന കെ. ശിവദാസൻ നായരെയും, നിർമ്മാണ ഘട്ടത്തിലെ എം.എൽ.എയായിരുന്ന വീണാ ജോർജിനെയും ഉദ്ഘാടനത്തിന് ക്ഷണിക്കാൻ തീരുമാനിച്ചത്. എന്നാൽ, എതിർപക്ഷത്ത് നിന്ന് ഇത്തരമൊരു മാന്യത മുൻകാലങ്ങളിൽ ഉണ്ടായിട്ടില്ലെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
2016-ൽ ആഞ്ഞിലമൂട്ടിൽ കടവ് പാലത്തിന്റെ ഉദ്ഘാടനം അന്നത്തെ എൽ.ഡി.എഫ് സർക്കാരും എം.എൽ.എയും ചേർന്ന് നടത്തിയപ്പോൾ, ആ പാലത്തിന്റെ പണി പൂർത്തീകരിച്ച സമയത്തെ എം.എൽ.എയായിരുന്ന കെ. ശിവദാസൻ നായരെ ചടങ്ങിലേക്ക് ക്ഷണിക്കാൻ പോലും ഇവർ തയ്യാറായിരുന്നില്ല. കൊച്ചി മെട്രോ ഉൾപ്പെടെ കേരളത്തിലെ മറ്റ് പ്രമുഖ പദ്ധതികളുടെ ഉദ്ഘാടന വേളകളിലും ഇവർ ഈ രാഷ്ട്രീയ മാന്യത കാണിച്ചിട്ടില്ല എന്നത് സാന്ദർഭികവശാൽ ഓർമ്മിപ്പിക്കുകയാണെന്നും അബിൻ വർക്കി കുറിച്ചു.
പാലത്തിന്റെ പിതൃത്വം ഏറ്റെടുക്കാൻ ഇടതുപക്ഷം ശ്രമിക്കുന്നതിനിടെയാണ് ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്തെ ഭരണാനുമതി ഉത്തരവുകൾ പുറത്തുവിട്ട് അബിൻ വർക്കി രംഗത്തെത്തിയിരിക്കുന്നത്. ഉദ്ഘാടന ചടങ്ങുമായി ബന്ധപ്പെട്ട് വീണാ ജോർജിനെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിട്ടും ലഭിക്കാത്ത സാഹചര്യത്തെയാണ് ‘നാടകം അവസാനിപ്പിച്ച് ഫോൺ എടുക്കണം’ എന്ന വാക്കുകളിലൂടെ എം.എൽ.എ പരിഹസിച്ചിരിക്കുന്നത്. പോസ്റ്റ് പുറത്തുവന്നതോടെ പത്തനംതിട്ടയിലെ രാഷ്ട്രീയ കേന്ദ്രങ്ങളിലും സമൂഹമാധ്യമങ്ങളിലും വാദപ്രതിവാദങ്ങൾ വീണ്ടും കടുത്തിരിക്കുകയാണ്.










