തിരുവനന്തപുരം: നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ ഹൗസ് സർജൻസി ചെയ്യുന്ന യുവ ഡോക്ടർക്കെതിരെ ലൈംഗികാതിക്രമം നടത്തിയ സീനിയർ ഡോക്ടർ അറസ്റ്റിൽ. ഡെന്റൽ പി.ജി വിദ്യാർത്ഥിയായ ഡോ. വിനുവാണ് നെടുമങ്ങാട് പൊലീസിന്റെ പിടിയിലായത്. ആശുപത്രിയിലെ കൺസൾട്ടിങ് മുറിയിലേക്ക് വിളിച്ചുവരുത്തി യുവ ഡോക്ടറെ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് പരാതി. അതിക്രമത്തിനിടെ യുവ ഡോക്ടർ നിലവിളിച്ചുകൊണ്ട് പുറത്തേക്ക് ഓടിരക്ഷപ്പെടുകയായിരുന്നു.
വെള്ളിയാഴ്ച ഉച്ചയോടെയാണ് ആശുപത്രിയെ നടുക്കിയ സംഭവം നടന്നത്. കൺസൾട്ടിങ് മുറിയിൽ വെച്ചുണ്ടായ ദുരനുഭവത്തിന് പിന്നാലെ യുവ ഡോക്ടർ ഉടൻതന്നെ സഹപ്രവർത്തകരെ വിവരം അറിയിച്ചു. തുടർന്ന് സഹപ്രവർത്തകരുടെ പൂർണ്ണ പിന്തുണയോടെ നെടുമങ്ങാട് പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു. യുവ ഡോക്ടറുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് ഉടൻതന്നെ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. എന്നാൽ സംഭവത്തിന് പിന്നാലെ ഒളിവിൽ പോയ പ്രതിക്കായി പൊലീസ് ഊർജിതമായ തിരച്ചിലാണ് നടത്തിവന്നിരുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതിയെ അദ്ദേഹത്തിന്റെ വീട്ടിൽ നിന്നാണ് പിടുകൂടിയത്.
ആശുപത്രിയിൽ യുവ ഡോക്ടർക്ക് നേരെ നടന്ന അതിക്രമത്തിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ (DYFI) പ്രവർത്തകർ ഇന്നലെ രാത്രി തന്നെ നെടുമങ്ങാട് ആശുപത്രിക്ക് മുന്നിൽ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ആശുപത്രികളിൽ ജോലി ചെയ്യുന്ന വനിതാ ജീവനക്കാരുടെയും യുവ ഡോക്ടർമാരുടെയും സുരക്ഷിതത്വത്തെക്കുറിച്ചുള്ള വലിയ ആശങ്കകളാണ് ഈ സംഭവം വീണ്ടും ഉയർത്തിയിരിക്കുന്നത്. പ്രതിക്കെതിരെ കർശന നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്. കസ്റ്റഡിയിലെടുത്ത പ്രതിയെ കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.











