സംസ്ഥാന രാഷ്ട്രീയത്തിൽ വീണ്ടും അപ്രതീക്ഷിത നീക്കങ്ങൾക്ക് വഴിയൊരുക്കി, സി.പി.ഐയുടെ മുതിർന്ന നേതാവും രണ്ട് തവണ ലോക്സഭാ എം.പിയുമായിരുന്ന ചെങ്ങറ സുരേന്ദ്രൻ ബി.ജെ.പിയിലേക്ക് ചേക്കേറുന്നുവെന്ന സൂചനകൾ ശക്തമാകുന്നു. ഗുരുവായൂർ ദേവസ്വം ബോർഡ് അംഗമായിരിക്കെ സ്കൂളിൽ ജോലി വാഗ്ദാനം ചെയ്ത് സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന ആരോപണത്തെത്തുടർന്ന് പാർട്ടി നടപടി നേരിട്ട അദ്ദേഹം ഏറെക്കാലമായി സി.പി.ഐ നേതൃത്വവുമായി അകൽച്ചയിലായിരുന്നു. ബി.ജെ.പി സംസ്ഥാന നേതൃത്വവുമായി അദ്ദേഹം പലവട്ടം ചർച്ചകൾ നടത്തിയതായാണ് പുറത്തുവരുന്ന വിവരങ്ങൾ.
2025 മാർച്ചിലാണ് സാമ്പത്തിക തട്ടിപ്പ് ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ ചെങ്ങറ സുരേന്ദ്രനെ സി.പി.ഐ പ്രാഥമികാംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്തത്. മാസങ്ങൾ പിന്നിട്ടിട്ടും ഈ സസ്പെൻഷൻ പിൻവലിക്കാൻ പാർട്ടി നേതൃത്വം തയ്യാറാകാത്തതിൽ അദ്ദേഹം കടുത്ത അതൃപ്തിയിലായിരുന്നു. ഇതോടെയാണ് ബി.ജെ.പി നേതാക്കളുമായി അടുപ്പം സ്ഥാപിക്കാനും പാർട്ടി മാറ്റത്തിനുള്ള നീക്കങ്ങൾ സജീവമാക്കാനും അദ്ദേഹം തീരുമാനിച്ചതെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങളിൽ നിന്നുള്ള റിപ്പോർട്ടുകൾ.
സമൂഹമാധ്യമങ്ങളിൽ ബി.ജെ.പി അനുഭാവികളും ചെങ്ങറ സുരേന്ദ്രനെ അനുകൂലിക്കുന്നവരും പാർട്ടി മാറ്റത്തിന്റെ വ്യക്തമായ സൂചനകൾ നൽകി ഇതിനോടകം പോസ്റ്റുകൾ പങ്കുവെച്ചിട്ടുണ്ട്. എന്നാൽ, വാർത്തകളോട് ചെങ്ങറ സുരേന്ദ്രൻ ഇതുവരെ പരസ്യമായി പ്രതികരിക്കാൻ തയ്യാറായിട്ടില്ല.
കൊല്ലം, പത്തനംതിട്ട ജില്ലകളിൽ സി.പി.ഐയുടെ ഏറ്റവും അറിയപ്പെടുന്ന മുഖങ്ങളിൽ ഒരാളായിരുന്നു ചെങ്ങറ സുരേന്ദ്രൻ. 1998-ലും 2004-ലും അടൂർ സംവരണ മണ്ഡലത്തിൽ നിന്ന് കോൺഗ്രസിന്റെ കരുത്തനായ നേതാവ് കൊടിക്കുന്നിൽ സുരേഷിനെ പരാജയപ്പെടുത്തിയാണ് അദ്ദേഹം ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. 2014-ൽ മാവേലിക്കര മണ്ഡലത്തിൽ നിന്ന് ജനവിധി തേടിയെങ്കിലും കൊടിക്കുന്നിൽ സുരേഷിനോട് പരാജയപ്പെടുകയായിരുന്നു.
നേരത്തെ മുൻ സി.പി.ഐ എം.എൽ.എമാരായ കെ. അജിത്തും സി.സി. മുകുന്ദനും ബി.ജെ.പിയിൽ ചേർന്നത് ഇടതുപക്ഷത്തിന് വലിയ ക്ഷീണമുണ്ടാക്കിയിരുന്നു. തെക്കൻ കേരളത്തിൽ പാർട്ടിയുടെ പ്രധാന ദളിത് മുഖമായിരുന്ന ചെങ്ങറ സുരേന്ദ്രൻ കൂടി ബി.ജെ.പി പാളയത്തിലെത്തിയാൽ അത് സി.പി.ഐയ്ക്കും ഇടതുമുന്നണിക്കും വലിയ രാഷ്ട്രീയ തിരിച്ചടിയാകുമെന്നുറപ്പാണ്.











