രണ്ട് വർഷത്തിലേറെയായി ഇന്ത്യയിൽ അഭയം തേടിക്കഴിയുന്ന ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ സ്വന്തം രാജ്യത്തേക്ക് മടക്കി അയക്കുന്നതിനുള്ള നീക്കങ്ങൾ സജീവമാക്കി ഇന്ത്യ. എന്നാൽ, ഹസീനയുടെ മടക്കയാത്രയ്ക്ക് ബംഗ്ലാദേശിലെ താരിഖ് റഹ്മാൻ സർക്കാരിന് മുന്നിൽ ഇന്ത്യ രണ്ട് പ്രധാന ഉപാധികൾ വെച്ചതായി പ്രമുഖ അന്താരാഷ്ട്ര മാധ്യമമായ ബി.ബി.സി ബംഗ്ലാ (BBC Bangla) റിപ്പോർട്ട് ചെയ്തു. 2024 ജൂലൈയിലെ പ്രക്ഷോഭത്തിനിടെ പ്രതിഷേധക്കാരെ ക്രൂരമായി അടിച്ചമർത്തിയതുമായി ബന്ധപ്പെട്ട കേസിൽ ബംഗ്ലാദേശ് കോടതി ഹസീനയ്ക്ക് വധശിക്ഷ വിധിച്ചിരുന്നു. ഈ പശ്ചാത്തലത്തിൽ അവരുടെ ജീവനും സുരക്ഷയും ഉറപ്പുവരുത്തുന്നതിനാണ് കർശന വ്യവസ്ഥകളോടെയുള്ള ഇന്ത്യയുടെ ഈ നയതന്ത്ര നീക്കം.
ബംഗ്ലാദേശിനെ ഏറ്റവും കൂടുതൽ കാലം ഭരിച്ച നേതാവായ ഷെയ്ഖ് ഹസീനയെ ന്യൂഡൽഹിയിൽ നിന്ന് തിരികെ കൊണ്ടുപോകുന്നതിന്റെ പൂർണ്ണ ഉത്തരവാദിത്തം ബംഗ്ലാദേശ് സൈന്യം ഏറ്റെടുക്കണമെന്നതാണ് ഇന്ത്യ മുന്നോട്ടുവെച്ച ഒന്നാമത്തെ ഉപാധി. ഇതിനായി ബംഗ്ലാദേശ് സൈനിക വിമാനം ന്യൂഡൽഹിയിലേക്ക് അയക്കുകയോ, അല്ലെങ്കിൽ അതിർത്തിയിലെ പ്രത്യേക കേന്ദ്രത്തിൽ വെച്ച് സൈന്യം നേരിട്ട് അവരെ ഏറ്റെടുക്കുകയോ വേണം. 2024 ഓഗസ്റ്റ് അഞ്ചിന് ജനകീയ പ്രക്ഷോഭത്തെത്തുടർന്ന് ബംഗ്ലാദേശിൽ നിന്ന് പലായനം ചെയ്ത ഹസീന സൈനിക വിമാനത്തിലായിരുന്നു ഇന്ത്യയിലെത്തിയത്. സമാനമായ സുരക്ഷാ ക്രമീകരണങ്ങളോടെ വേണം മടക്കയാത്രയും എന്നാണ് ഇന്ത്യയുടെ നിലപാട്.
2024 ജൂലൈയിലെ കൊലപാതകങ്ങളുമായി ബന്ധപ്പെട്ട് ബംഗ്ലാദേശ് കോടതി വിധിച്ച വധശിക്ഷയ്ക്കെതിരെ അപ്പീൽ നൽകാനും, പുതിയൊരു നിഷ്പക്ഷ വിചാരണ നേരിടാനും ഹസീനയ്ക്ക് അവസരം നൽകുമെന്ന് ബംഗ്ലാദേശ് സർക്കാർ ഉറപ്പുനൽകണമെന്നതാണ് ഇന്ത്യയുടെ രണ്ടാമത്തെ പ്രധാന ആവശ്യം. അന്താരാഷ്ട്ര സമൂഹത്തിന്റെയും ആഗോള മാധ്യമങ്ങളുടെയും നിരീക്ഷണത്തിലായിരിക്കണം ഈ നിയമനടപടികൾ നടക്കേണ്ടതെന്നും, ഹസീനയെ അറിഞ്ഞുകൊണ്ട് തൂക്കിലേറ്റാൻ വിട്ടുകൊടുക്കില്ലെന്നും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ട് വ്യക്തമാക്കുന്നു.
ഹസീനയുടെ നീണ്ടകാലത്തെ ഇന്ത്യയിലെ താമസം ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തിൽ വലിയ വിള്ളലുകൾ വീഴ്ത്തിയിരുന്നു. കൂടാതെ, സ്വന്തം രാജ്യത്തെ കോടതി വധശിക്ഷയ്ക്ക് വിധിച്ച ഒരു നേതാവിന് അഭയം നൽകുന്നതിനെതിരെ അന്താരാഷ്ട്ര തലത്തിലും ഇന്ത്യയ്ക്ക് വിമർശനങ്ങൾ നേരിടേണ്ടി വന്നു. ഹസീനയെ മറ്റൊരു മൂന്നാം രാജ്യത്തേക്ക് മാറ്റാൻ ഇന്ത്യ പലവട്ടം ശ്രമിച്ചെങ്കിലും അതെല്ലാം പരാജയപ്പെട്ടതോടെയാണ് ബംഗ്ലാദേശുമായി നേരിട്ട് ചർച്ചകൾക്ക് വഴിതുറന്നത്.
അതേസമയം, ഡിസംബറോടെ ബംഗ്ലാദേശിലേക്ക് മടങ്ങാൻ തയ്യാറാണെന്ന് ഷെയ്ഖ് ഹസീന നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിന്റെ ഭാഗമായി പുതിയ പാസ്‌പോർട്ടിനും ദേശീയ തിരിച്ചറിയൽ കാർഡിനുമായി നവംബർ 9-ന് അവർ ന്യൂഡൽഹിയിലെ ബംഗ്ലാദേശ് ഹൈക്കമ്മീഷനിൽ ഔദ്യോഗികമായി അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. അറസ്റ്റും ജയിൽവാസവും വധഭീഷണിയും ഉൾപ്പെടെയുള്ള അപകടസാധ്യതകൾ തനിക്കറിയാമെന്നും, എന്നാൽ ഭയം തന്നെ ഒരിക്കലും പിന്തിരിപ്പിച്ചിട്ടില്ലെന്നും ഹസീന അടുത്തിടെ പുറത്തുവിട്ട ശബ്ദസന്ദേശത്തിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ, ഇന്ത്യ മുന്നോട്ടുവെച്ച ഈ ഉപാധികളോട് താരിഖ് റഹ്മാൻ സർക്കാർ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.










