ലോകത്തെ ഏറ്റവും മൂല്യമുള്ള കമ്പനിയും ആഗോള നിർമ്മിത ബുദ്ധി (AI) ചിപ് നിർമ്മാണ രംഗത്തെ അതികായരുമായ എൻവിഡിയയുടെ (NVIDIA) പുതിയ സി.ഇ.ഒ സ്ഥാനത്തേക്കുള്ള പരിഗണനാ പട്ടികയിൽ മലയാളിയായ തോമസ് കുര്യനും ഇടംപിടിച്ചു. കോട്ടയം പാമ്പാടി സ്വദേശിയായ ഇദ്ദേഹം 2018 മുതൽ ഗൂഗിൾ ക്ലൗഡിന്റെ സി.ഇ.ഒ ആയി സേവനമനുഷ്ഠിച്ചു വരികയാണ്. എൻവിഡിയ സഹസ്ഥാപകനും ദീർഘകാലം സി.ഇ.ഒയുമായിരുന്ന ജെൻസൻ ഹുവാങ് വിവാദങ്ങളെത്തുടർന്ന് അപ്രതീക്ഷിതമായി രാജിവെച്ചതോടെയാണ് പുതിയ മേധാവിക്കായുള്ള തിരച്ചിൽ കമ്പനി ഊർജ്ജിതമാക്കിയത്.
ചൈനീസ് ചാരവനിതയെന്ന് സംശയിക്കുന്ന ആലീസ് ഹുവാങ്, കമ്പനിയിലെ മുതിർന്ന ഉദ്യോഗസ്ഥർ എന്നിവരുമായുള്ള വഴിവിട്ട ബന്ധങ്ങൾ പുറത്തുവന്നതിന് പിന്നാലെയാണ് 33 വർഷത്തെ സേവനത്തിന് ശേഷം ജെൻസൻ ഹുവാങ് നാണംകെട്ട് പടിയിറങ്ങിയത്. നിലവിൽ കമ്പനിയുടെ ചീഫ് ഫിനാൻഷ്യൽ ഓഫീസറും (CFO) എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റുമായ കൊലെറ്റ് ക്രെസ്സിനെ ഇടക്കാല സി.ഇ.ഒയായി നിയമിച്ചിട്ടുണ്ട്. മുഴുവൻ സമയ സി.ഇ.ഒയെ കണ്ടെത്താനായി കമ്പനിക്കുള്ളിലുള്ളവർക്ക് പുറമെ ആഗോള ടെക് രംഗത്തെ പ്രമുഖരെയും എൻവിഡിയ ബോർഡ് പരിഗണിക്കുന്നുണ്ട്.
തോമസ് കുര്യന് പുറമെ മറ്റ് മൂന്ന് ഇന്ത്യൻ വംശജരും സാധ്യതാ പട്ടികയിലുണ്ട്. എൻവിഡിയയുടെ വേൾഡ് വൈഡ് ഫീൽഡ് ഓപ്പറേഷൻസ് എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ജയ് പുരി, പ്രമുഖ ചിപ് നിർമ്മാതാക്കളായ മൈക്രോൺ ടെക്നോളജിയുടെ സി.ഇ.ഒ സഞ്ജയ് മെഹ്റോത്ര, സൈബർ സുരക്ഷാ ഭീമനായ പാലോ ഓൾട്ടോ നെറ്റ്‌വർക്ക്സിന്റെ മേധാവി നികേഷ് അറോറ എന്നിവരാണ് പട്ടികയിലുള്ള മറ്റ് ഇന്ത്യക്കാർ. ഇവർക്കൊപ്പം ആപ്പിൾ സി.ഇ.ഒ ടിം കുക്ക്, ഇടക്കാല സി.ഇ.ഒ കൊലെറ്റ് ക്രെസ്, എൻവിഡിയ ഹൈപെർഫോമൻസ് വിഭാഗം വൈസ് പ്രസിഡന്റ് ഇയാൻ ബക്ക് എന്നിവരുടെ പേരുകളും സജീവ പരിഗണനയിലുണ്ട്. യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പിന്തുണ ടിം കുക്കിനാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
കോട്ടയം പാമ്പാടിയിൽ ജനിച്ച തോമസ് കുര്യൻ, തന്റെ ഇരട്ട സഹോദരനായ ജോർജ് കുര്യനൊപ്പം 1986-ലാണ് ഉപരിപഠനത്തിനായി അമേരിക്കയിലെ പ്രശസ്തമായ പ്രിൻസ്റ്റൺ യൂണിവേഴ്സിറ്റിയിലേക്ക് പോയത്. അവിടെ നിന്ന് ഇലക്ട്രിക്കൽ എൻജിനീയറിങ്ങിൽ ബിരുദവും പിന്നീട് സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റിയിൽ നിന്ന് എം.ബി.എയും നേടി. പ്രമുഖ കൺസൾട്ടിംഗ് സ്ഥാപനമായ മക്കൻസിയിൽ ഔദ്യോഗിക ജീവിതം ആരംഭിച്ച അദ്ദേഹം 1996-ൽ ഒറാക്കിളിൽ (Oracle) ചേർന്നു. 22 വർഷത്തോളം ഒറാക്കിളിൽ വിവിധ ഉന്നത പദവികൾ വഹിച്ച കുര്യൻ, കമ്പനിയുടെ പ്രൊഡക്ട് ഡെവലപ്‌മെന്റ് പ്രസിഡന്റ് സ്ഥാനം വരെയെത്തി. ഒറാക്കിൾ സ്ഥാപകൻ ലാറി എലിസണിന്റെ ഏറ്റവും വിശ്വസ്തനായിരുന്ന അദ്ദേഹം ഏത് നിർണ്ണായക തീരുമാനമെടുക്കുന്നതിന് മുൻപും തോമസ് കുര്യന്റെ അഭിപ്രായം തേടിയിരുന്നുവെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
അതേസമയം, തോമസ് കുര്യന്റെ ഇരട്ട സഹോദരൻ ജോർജ് കുര്യനും സിലിക്കൺ വാലിയിലെ പ്രമുഖ ടെക് കമ്പനിയായ നെറ്റ്ആപ്പിന്റെ (NetApp) സി.ഇ.ഒ ആണ്. എ.ഐ വിപ്ലവത്തിന് നേതൃത്വം നൽകുന്ന എൻവിഡിയയുടെ അമരത്തേക്ക് ഒരു മലയാളി എത്തുമോ എന്ന ആകാംക്ഷയിലാണ് ലോകമെമ്പാടുമുള്ള ടെക് ലോകവും മലയാളികളും.








