ഇന്ത്യക്കെതിരായ ഭീകരാക്രമണങ്ങളുടെ സൂത്രധാരന്മാരായ ലഷ്കറെ തൊയ്ബ തലവൻ ഹാഫിസ് സയീദ്, ജെയ്ഷെ മുഹമ്മദ് തലവൻ മസൂദ് അസ്ഹർ എന്നിവരെ പാകിസ്താൻ രഹസ്യാന്വേഷണ ഏജൻസിയായ ഐ.എസ്.ഐ (ISI) അതീവ സുരക്ഷയുള്ള പുതിയ രഹസ്യ കേന്ദ്രങ്ങളിലേക്ക് മാറ്റിയതായി റിപ്പോർട്ട്. ഇന്ത്യയിൽ നിന്ന് വീണ്ടും സൈനിക ആക്രമണങ്ങൾ ഉണ്ടായേക്കാമെന്ന ഭീതിയിലാണ് പാകിസ്താന്റെ ഈ അടിയന്തര നീക്കം. കൂടാതെ, സമീപകാലത്തായി പാകിസ്താനിൽ ഇന്ത്യക്കെതിരെ പ്രവർത്തിച്ചിരുന്ന നിരവധി കൊടുംഭീകരരെ വധിച്ച ‘അജ്ഞാത തോക്കുധാരികളെ’ക്കുറിച്ചുള്ള കടുത്ത ഭയവും പാക് ചാരസംഘടനയെ ഇതിന് പ്രേരിപ്പിച്ചതായി ഇന്ത്യൻ രഹസ്യാന്വേഷണ വൃത്തങ്ങൾ വ്യക്തമാക്കുന്നു.
കഴിഞ്ഞ ആഴ്ചയാണ് ഇരുവരെയും അതീവ രഹസ്യമായി പുതിയ ഒളിത്താവളങ്ങളിലേക്ക് മാറ്റിയത്. ഹാഫിസ് സയീദിനെ ലാഹോറിലെ ജോഹർ ടൗണിൽ നിന്നാണ് റാവൽപിണ്ടിയിലുള്ള ഗാരിസൺ ഗ്രൗണ്ട് മേഖലയിലേക്ക് മാറ്റിയത്. പാകിസ്താൻ സൈനിക ആസ്ഥാനത്തിന് തൊട്ടടുത്താണ് അതീവ സുരക്ഷാ മേഖലയായ ഈ പ്രദേശം സ്ഥിതിചെയ്യുന്നത്. ഇയാളുടെ സുരക്ഷാ വലയം വർദ്ധിപ്പിക്കുകയും സഞ്ചാരത്തിന് കർശന നിയന്ത്രണം ഏർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. നിലവിൽ സംഘടനയിലെ അംഗങ്ങളുമായി നേരിട്ട് കൂടിക്കാഴ്ച നടത്തുന്നത് സയീദ് പൂർണ്ണമായും നിർത്തിവെച്ചിരിക്കുകയാണ്. മുൻകൂട്ടി റെക്കോർഡ് ചെയ്ത ഓഡിയോ സന്ദേശങ്ങൾ വഴി മാത്രമാണ് ഇപ്പോൾ ഇയാൾ അനുയായികൾക്ക് നിർദ്ദേശങ്ങൾ നൽകുന്നത്.
അതേസമയം, ജെയ്ഷെ മുഹമ്മദ് തലവൻ മസൂദ് അസ്ഹറിനെ സിന്ധ് പ്രവിശ്യയിലെ നവാബ്ഷായിലുള്ള രഹസ്യ കേന്ദ്രത്തിലാണ് ഐ.എസ്.ഐ താമസിപ്പിച്ചിരിക്കുന്നതെന്നാണ് പുറത്തുവരുന്ന വിവരം. ഇന്ത്യ നടത്തിയ ‘ഓപ്പറേഷൻ സിന്ദൂർ’ ആക്രമണത്തിൽ ബഹാവൽപൂരിലെ ജെയ്ഷെ ആസ്ഥാനത്തിന് കനത്ത നാശനഷ്ടം സംഭവിച്ചിരുന്നു. ഇതിനുശേഷം സംഘടനയെ പുനഃസംഘടിപ്പിക്കാൻ ജെയ്ഷെ മുഹമ്മദ് ഏറെ പ്രയാസപ്പെടുകയാണ്. അസ്ഹറും അനുയായികളുമായുള്ള നേരിട്ടുള്ള സമ്പർക്കം പൂർണ്ണമായും ഒഴിവാക്കിയിട്ടുണ്ട്. മുതിർന്ന ചില കമാൻഡർമാർ ഉൾപ്പെടുന്ന വളരെ ചെറിയൊരു സംഘവുമായി മാത്രമാണ് ഇയാൾ നിലവിൽ ആശയവിനിമയം നടത്തുന്നത്.
ഭീകരവാദത്തിന് സാമ്പത്തിക സഹായം നൽകിയ കേസുകളിൽ ഹാഫിസ് സയീദ് ലാഹോറിലെ കോട് ലഖ്പത് ജയിലിൽ ശിക്ഷ അനുഭവിക്കുകയാണെന്നാണ് പാകിസ്താൻ ഔദ്യോഗികമായി അവകാശപ്പെടുന്നത്. എന്നാൽ, ഇത് അന്താരാഷ്ട്ര സമൂഹത്തിന്റെ കണ്ണിൽ പൊടിയിടാനുള്ള പാകിസ്താന്റെ നാടകം മാത്രമാണെന്നും, ഇരുവരും നിലവിൽ ജയിലിലല്ലെന്നും ഐ.എസ്.ഐയുടെ നേരിട്ടുള്ള സുരക്ഷാ കവചത്തിൽ സുഖവാസത്തിലാണെന്നുമാണ് രഹസ്യാന്വേഷണ ഏജൻസികൾ വ്യക്തമാക്കുന്നത്.
26/11 മുംബൈ ഭീകരാക്രമണം ഉൾപ്പെടെ ഇന്ത്യയിലെ നിരവധി ആക്രമണങ്ങളിൽ പങ്കുള്ള ഹാഫിസ് സയീദിനെയും, പുൽവാമ, പത്താൻകോട്ട്, ഇന്ത്യൻ പാർലമെന്റ് ആക്രമണം എന്നിവയുടെ പ്രധാന സൂത്രധാരനായ മസൂദ് അസ്ഹറിനെയും ഐക്യരാഷ്ട്രസഭ ആഗോള ഭീകരരായി പ്രഖ്യാപിച്ചിട്ടുള്ളതാണ്. പാകിസ്താനകത്ത് ഭീകരർ ഒന്നിനുപുറകെ ഒന്നായി ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെടുന്ന സാഹചര്യത്തിൽ, തങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട രണ്ട് ആസ്തികളെ സംരക്ഷിക്കാനുള്ള തീവ്രശ്രമത്തിലാണ് പാക് സൈന്യവും ഐ.എസ്.ഐയും.









