വടക്കുകിഴക്കൻ ഡൽഹിയിലെ സോണിയ വിഹാറിൽ ഡൽഹി നിയമമന്ത്രി കപിൽ മിശ്രയുടെ ക്യാമ്പ് ഓഫീസിന് സമീപമുണ്ടായ വെടിവയ്പ്പിൽ യുവാവ് കൊല്ലപ്പെട്ടു. തിങ്കളാഴ്ച വൈകുന്നേരത്തോടെ ബൈക്കിലെത്തിയ രണ്ട് അക്രമികൾ സമീർ എന്ന യുവാവിന് നേരെ 18 മുതൽ 20 റൗണ്ട് വരെ വെടിയുതിർക്കുകയായിരുന്നു. വെടിയേറ്റ് ഗുരുതരമായി പരിക്കേറ്റ യുവാവ് സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. വെടിവയ്പ്പിന് ശേഷം അക്രമികൾ സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു.
രണ്ട് ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള കുടിപ്പകയാണ് കൊലപാതകത്തിന് പിന്നിലെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതായി മന്ത്രി കപിൽ മിശ്ര പ്രതികരിച്ചു. സംഭവത്തിൽ പ്രദേശവാസികൾ ആർക്കും പരിക്കേറ്റിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ദയാൽപൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ റാഷിദ് എന്നയാളുടെ കൊലപാതകക്കേസിൽ ജയിലിൽ കഴിയുന്ന ഹാരൂൺ എന്ന പ്രതിക്ക് വേണ്ടി സമീർ ഇടപെട്ടിരുന്നതായും, ഇതിന്റെ വൈരാഗ്യത്തിൽ നസീം ദുറാനി സംഘമാണ് ആക്രമണം നടത്തിയതെന്നുമാണ് പോലീസിന് ലഭിച്ചിരിക്കുന്ന പ്രാഥമിക വിവരം.
വിവരമറിഞ്ഞ ഉടൻ തന്നെ മുതിർന്ന പോലീസ് ഉദ്യോഗസ്ഥരും ഫോറൻസിക് സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി. പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. അക്രമികളെ തിരിച്ചറിയുന്നതിനും ഉടൻ പിടികൂടുന്നതിനുമായി പ്രത്യേക പോലീസ് സംഘങ്ങളെ നിയോഗിച്ചിട്ടുണ്ടെന്നും പ്രദേശത്ത് സുരക്ഷ ശക്തമാക്കിയതായും ഡൽഹി പോലീസ് അറിയിച്ചു.









