ഇറാനെതിരായ സൈനിക നീക്കമായ ‘ഓപ്പറേഷൻ എപ്പിക് ഫ്യൂറി’യിൽ (Operation Epic Fury) കാലാവധി കഴിഞ്ഞ ആയുധങ്ങളും മിസൈലുകളും ഉപയോഗിച്ചതായി അമേരിക്കൻ നാവികസേനയുടെ ആക്ടിംഗ് സെക്രട്ടറി ഹങ് കാവോ (Hung Cao) സമ്മതിച്ചു. ചൊവ്വാഴ്ച യു.എസ് സെനറ്റ് സായുധ സേനാ സമിതിക്ക് മുൻപാകെ നടന്ന സ്ഥിരീകരണ ഹിയറിംഗിലാണ് അദ്ദേഹം ഈ നിർണ്ണായക വെളിപ്പെടുത്തൽ നടത്തിയത്. കാലാവധി കഴിഞ്ഞതായി രേഖപ്പെടുത്തിയിരുന്ന ‘കോഡ് എക്കോ’, ‘കോഡ് ഫോക്‌സ്ട്രോട്ട്’ വിഭാഗങ്ങളിൽപ്പെട്ട ആയുധങ്ങൾ സാങ്കേതികമായി പുനഃക്രമീകരിച്ച് (Recode) ഉപയോഗയോഗ്യമാക്കിയാണ് ഇറാനെതിരെ പ്രയോഗിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി. പഴകിയ ബ്രെഡിൽ അല്പം വെള്ളം തളിച്ച് 15 സെക്കൻഡ് മൈക്രോവേവിൽ ചൂടാക്കിയാൽ വീണ്ടും കഴിക്കാൻ സാധിക്കുന്നത് പോലെയാണ് കാലാവധി കഴിഞ്ഞ മിസൈലുകൾ വീണ്ടും ഉപയോഗിച്ചതെന്ന അദ്ദേഹത്തിന്റെ വിചിത്രമായ ഉപമ വലിയ ചർച്ചയായിട്ടുണ്ട്.
ഇറാൻ യുദ്ധത്തിൽ ടോമാഹോക്ക് ക്രൂയിസ് മിസൈലുകൾ ഉൾപ്പെടെയുള്ള അത്യാധുനിക ആയുധങ്ങൾ വൻതോതിൽ പ്രയോഗിച്ചതോടെ അമേരിക്കയുടെ ആയുധശേഖരത്തിൽ കടുത്ത ക്ഷാമം നേരിടുന്നതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. യുദ്ധത്തിന്റെ ആദ്യ നാല് ആഴ്ചകൾക്കുള്ളിൽ തന്നെ 850-ലധികം ടോമാഹോക്ക് മിസൈലുകളും, പിന്നീട് ആകെ ആയിരത്തിലധികം മിസൈലുകളും അമേരിക്കൻ സൈന്യം വിക്ഷേപിച്ചതായാണ് അന്താരാഷ്ട്ര പഠനങ്ങൾ സൂചിപ്പിക്കുന്നത്. ഒരു ടോമാഹോക്ക് മിസൈൽ നിർമ്മിക്കാൻ ഏകദേശം 36 ലക്ഷം ഡോളർ ചെലവും രണ്ട് വർഷത്തോളം സമയവും എടുക്കുന്നതിനാൽ ആയുധശേഖരം വേഗത്തിൽ നിറയ്ക്കാൻ വ്യവസായ മേഖലയ്ക്ക് സാധിക്കുന്നില്ല. നേരത്തെ പ്രതിവർഷം 125 ടോമാഹോക്ക് മിസൈലുകൾ നിർമ്മിച്ചിരുന്നിടത്ത് ഇപ്പോൾ പ്രതിമാസം 60-ലധികം മിസൈലുകൾ നിർമ്മിക്കാൻ നടപടിയെടുത്തതായും ഹങ് കാവോ സെനറ്റിനെ അറിയിച്ചു.
എന്നാൽ, കാലാവധി കഴിഞ്ഞ മിസൈലുകൾ ഉപയോഗിക്കുന്നത് വലിയ സുരക്ഷാ ഭീഷണിയാണെന്ന് പ്രതിരോധ വിദഗ്ധരും ഐക്യരാഷ്ട്രസഭയുടെ മാനദണ്ഡങ്ങളും മുന്നറിയിപ്പ് നൽകുന്നു. പഴക്കമുള്ള ആയുധങ്ങളിലെ രാസവസ്തുക്കൾക്കും ഇലക്ട്രോണിക് ഉപകരണങ്ങൾക്കും സംഭവിക്കുന്ന തകരാറുകൾ കാരണം മിസൈലുകൾ ലക്ഷ്യം തെറ്റാനോ, വിക്ഷേപണ സമയത്ത് തന്നെ പൊട്ടിത്തെറിക്കാനോ സാധ്യതയുണ്ടെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഇറാൻ യുദ്ധത്തിലെ അമിതമായ ആയുധ ഉപയോഗം അമേരിക്കയുടെ തന്ത്രപ്രധാനമായ ആയുധശേഖരത്തിൽ വലിയ കുറവുണ്ടാക്കിയതായി പെന്റഗൺ ഇൻസ്പെക്ടർ ജനറലിന്റെ റിപ്പോർട്ടിലും നേരത്തെ വ്യക്തമാക്കിയിരുന്നു. എത്ര എണ്ണം കാലാവധി കഴിഞ്ഞ മിസൈലുകളാണ് യുദ്ധത്തിൽ ഉപയോഗിച്ചതെന്ന കൃത്യമായ കണക്കുകൾ വെളിപ്പെടുത്താൻ നാവികസേനാ മേധാവി തയ്യാറായില്ല.











