രാജ്യത്തെ ജനങ്ങൾക്കിടയിൽ സമ്പാദ്യശീലവും സാമ്പത്തിക അച്ചടക്കവും പ്രോത്സാഹിപ്പിക്കണമെന്ന് കേന്ദ്ര മന്ത്രിസഭാംഗങ്ങളോടും മുതിർന്ന ഉദ്യോഗസ്ഥരോടും പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘തിന്നുക, കുടിക്കുക, ആഘോഷിക്കുക’ (ഖാവോ, പിയോ, മൗജ് കരോ) എന്ന ഉപഭോഗ സംസ്കാരമല്ല ഇന്ത്യയുടേതെന്നും, മറിച്ച് ഭാവിയിലേക്കായി കരുതിവെക്കുന്ന സമ്പാദ്യശീലമാണ് നമ്മുടെ പാരമ്പര്യമെന്നും അദ്ദേഹം വ്യക്തമാക്കി. വ്യാഴാഴ്ച ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് പ്രധാനമന്ത്രി ഇക്കാര്യം ഓർമ്മിപ്പിച്ചത്. ദാരിദ്ര്യത്തിൽ നിന്ന് കരകയറിയ കോടിക്കണക്കിന് ജനങ്ങൾ വീണ്ടും ദാരിദ്ര്യത്തിലേക്ക് വഴുതിവീഴാതിരിക്കാൻ സാമ്പത്തിക അച്ചടക്കവും സമ്പാദ്യവും അത്യന്താപേക്ഷിതമാണെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
2011-നും 2023-നും ഇടയിലുള്ള കാലയളവിൽ രാജ്യത്തെ ഏകദേശം 50 കോടി ജനങ്ങളെ ദാരിദ്ര്യത്തിൽ നിന്ന് കരകയറ്റാൻ സാധിച്ചുവെന്നത് ഒരു ‘ദേശീയ ആഘോഷമായി’ തന്നെ കാണേണ്ട വലിയ നേട്ടമാണെന്ന് പ്രധാനമന്ത്രി യോഗത്തിൽ ചൂണ്ടിക്കാട്ടി. എന്നാൽ, ജനങ്ങളെ ദാരിദ്ര്യരേഖയ്ക്ക് മുകളിൽ എത്തിക്കുന്നത് വെല്ലുവിളിയുടെ ഒരു ഭാഗം മാത്രമാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. പുതുതായി മധ്യവർഗ്ഗത്തിലേക്കും സാമ്പത്തിക സുരക്ഷിതത്വത്തിലേക്കും എത്തിയ ഈ വിഭാഗം, അനാവശ്യ ചെലവുകളിലൂടെയും കടക്കെണിയിലൂടെയും വീണ്ടും പഴയ അവസ്ഥയിലേക്ക് മടങ്ങിപ്പോകാതിരിക്കാൻ സർക്കാരിന്റെ ഭാഗത്തുനിന്ന് കൃത്യമായ ബോധവൽക്കരണവും ഇടപെടലുകളും ഉണ്ടാകണം.
പാശ്ചാത്യ രാജ്യങ്ങളിലേതുപോലെ കൈയിലുള്ളതെല്ലാം ചെലവഴിച്ച് ആഘോഷിക്കുന്ന രീതി ഇന്ത്യൻ സംസ്കാരത്തിന്റെ ഭാഗമല്ലെന്ന് പ്രധാനമന്ത്രി മന്ത്രിമാരോട് പറഞ്ഞു. കുടുംബങ്ങളുടെ സാമ്പത്തിക ഭദ്രത ഉറപ്പാക്കുന്നതിൽ സമ്പാദ്യത്തിന് വലിയ പങ്കുണ്ട്. ഇതിനായി കേന്ദ്ര സർക്കാരിന്റെ വിവിധ ചെറുകിട സമ്പാദ്യ പദ്ധതികളും ഇൻഷുറൻസ്-പെൻഷൻ പദ്ധതികളും സാധാരണക്കാരിലേക്ക് കൂടുതൽ ഫലപ്രദമായി എത്തിക്കണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു. ഉദ്യോഗസ്ഥതലത്തിലും ഭരണതലത്തിലും അനാവശ്യ ചെലവുകൾ ഒഴിവാക്കി സാമ്പത്തിക അച്ചടക്കം പാലിക്കാൻ മന്ത്രിമാർ മാതൃകയാകണമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.










