ഐക്യരാഷ്ട്രസഭയിൽ പാകിസ്ഥാൻ സൈന്യത്തിന്റെ തനിനിറം തുറന്നുകാട്ടി ഇന്ത്യയുടെ രൂക്ഷമായ കടന്നാക്രമണം. പ്രകൃതിവിഭവങ്ങളുമായി ബന്ധപ്പെട്ട യു.എൻ രക്ഷാസമിതിയുടെ പ്രത്യേക യോഗത്തിൽ സംസാരിക്കവെ, പാകിസ്ഥാൻ സൈന്യം രാജ്യത്തിന്റെ ധാതുസമ്പത്ത് സ്വന്തം താൽപ്പര്യങ്ങൾക്കായി കൊള്ളയടിക്കുകയാണെന്ന് ഇന്ത്യൻ സ്ഥിരം പ്രതിനിധി പർവ്വതനേനി ഹരീഷ് തുറന്നടിച്ചു. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ വൈറ്റ് ഹൗസിൽ വെച്ച് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് മുന്നിൽ പാക് സൈനിക മേധാവി അസിം മുനീർ ധാതുക്കല്ലുകൾ നിറച്ച മരപ്പെട്ടി പ്രദർശിപ്പിച്ച സംഭവം പേരെടുത്തു പറയാതെ ചൂണ്ടിക്കാട്ടിയാണ് ഇന്ത്യ പാകിസ്ഥാനെ അന്താരാഷ്ട്ര വേദിയിൽ നാണംകെടുത്തിയത്.
പാകിസ്ഥാന്റെ പ്രകൃതിവിഭവങ്ങൾ ചൂഷണം ചെയ്യുന്നതിൽ സൈന്യത്തിനുള്ള നേരിട്ടുള്ള പങ്കാളിത്തത്തിന് ഏറ്റവും വലിയ തെളിവാണ് വിദേശ നേതാക്കൾക്ക് മുന്നിൽ ധാതുക്കല്ലുകൾ നിറച്ച പെട്ടി പ്രദർശിപ്പിച്ച സൈനിക മേധാവിയുടെ നടപടിയെന്ന് പി. ഹരീഷ് പറഞ്ഞു. പാകിസ്ഥാനിലെ ‘യഥാർത്ഥ ഭരണാധികാരികളായ’ സൈന്യം സ്വന്തം മേധാവിത്വത്തിനും സ്വാർത്ഥ താൽപ്പര്യങ്ങൾക്കും പകരം, രാജ്യത്തെ സാധാരണക്കാരുടെ ക്ഷേമത്തിനായി ഈ പ്രകൃതിവിഭവങ്ങൾ വിനിയോഗിച്ചിരുന്നെങ്കിൽ പാക് ജനതയ്ക്ക് അത് വലിയ ഗുണം ചെയ്യുമായിരുന്നുവെന്നും ഇന്ത്യൻ പ്രതിനിധി പരിഹസിച്ചു. സിന്ധു നദീജല കരാർ വിഷയം ഉയർത്തി ഇന്ത്യയ്ക്കെതിരെ കുപ്രചാരണം നടത്താൻ ശ്രമിച്ച പാക് പ്രതിനിധി ഉസ്മാൻ ജാദൂനിന് നൽകിയ കടുത്ത മറുപടിയിലായിരുന്നു ഇന്ത്യയുടെ ഈ പ്രഹരം.
2025 സെപ്റ്റംബറിൽ വൈറ്റ് ഹൗസിലെ ഓവൽ ഓഫീസിൽ ഡൊണാൾഡ് ട്രംപുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കിടെയാണ് പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിനെ നോക്കുകുത്തിയാക്കി അസിം മുനീർ അപൂർവ്വ ധാതുക്കല്ലുകൾ (Rare earth minerals) നിറച്ച പെട്ടി ട്രംപിന് മുന്നിൽ പ്രദർശിപ്പിച്ചത്. പ്രധാനമന്ത്രി അരികിൽ നോക്കിനിൽക്കെ സൈനിക മേധാവി നേരിട്ട് കച്ചവട ചർച്ചകൾക്ക് നേതൃത്വം നൽകുന്ന ഈ ചിത്രം അന്ന് പാകിസ്ഥാനകത്ത് തന്നെ വലിയ പരിഹാസത്തിന് വഴിവെച്ചിരുന്നു. ഒരു കടയുടമ ഉപഭോക്താവിന് മുന്നിൽ സാധനങ്ങൾ നിരത്തിവെച്ച് കാണിക്കുന്നതുപോലെയാണ് സൈനിക മേധാവി പെരുമാറിയതെന്ന് പാക് സെനറ്റർമാർ പോലും വിമർശിച്ചിരുന്നു. ‘ആർമി ചീഫ്’ എന്നതിൽ നിന്ന് അസിം മുനീർ ‘സെയിൽസ്മാൻ-ഇൻ-ചീഫ്’ ആയി മാറിയെന്നായിരുന്നു സമൂഹമാധ്യമങ്ങളിലെ ട്രോളുകൾ.
ഈ കൂടിക്കാഴ്ച നടന്ന അതേ മാസം തന്നെ പാക് സൈന്യത്തിന് കീഴിലുള്ള ഫ്രോണ്ടിയർ വർക്ക്സ് ഓർഗനൈസേഷൻ (FWO) അമേരിക്കൻ കമ്പനിയായ യു.എസ് സ്ട്രാറ്റജിക് മെറ്റൽസുമായി 500 ദശലക്ഷം ഡോളറിന്റെ ധാതു ഖനന കരാറിൽ ഒപ്പുവെക്കുകയും ഒക്ടോബറിൽ ആദ്യ ബാച്ച് ധാതുക്കൾ അമേരിക്കയിലേക്ക് കയറ്റുമതി ചെയ്യുകയും ചെയ്തിരുന്നു. ഇതിന് പുറമെ, സ്വർണ്ണമുൾപ്പെടെയുള്ള വൻ ധാതുനിക്ഷേപമുള്ള ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിൽ കഴിഞ്ഞ മാസം ഇമ്രാൻ ഖാന്റെ പാർട്ടി നേതൃത്വം നൽകുന്ന സർക്കാരിനെ പിരിച്ചുവിട്ട് ഗവർണർ ഭരണവും അടിയന്തരാവസ്ഥയും ഏർപ്പെടുത്തിയതിന് പിന്നിലും സൈന്യത്തിന്റെ ഈ ധാതുക്കൊള്ളയാണെന്ന് ഇന്ത്യൻ അംബാസഡർ യു.എന്നിൽ ആരോപിച്ചു. ഭീകരവാദം തടയാനെന്ന പേരിൽ ജനാധിപത്യ സർക്കാരുകളെ അട്ടിമറിച്ച് വിഭവസമൃദ്ധമായ മേഖലകളുടെ നിയന്ത്രണം സൈന്യം നേരിട്ട് ഏറ്റെടുക്കുകയാണെന്നും ഇന്ത്യ ലോകരാജ്യങ്ങൾക്ക് മുന്നിൽ തുറന്നുകാട്ടി.












