ടോക്കിയോ: അതിർത്തി കടന്നുള്ള ഭീകരവാദത്തിനും പാകിസ്താൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഭീകരസംഘടനകൾക്കുമെതിരെ ശക്തമായ സംയുക്ത നീക്കവുമായി ഇന്ത്യയും ജപ്പാനും. ടോക്കിയോയിൽ നടന്ന നാലാമത് ഇന്ത്യ-ജപ്പാൻ ‘ടു പ്ലസ് ടു’ (2+2) പ്രതിരോധ-വിദേശകാര്യ മന്ത്രിതല ഉച്ചകോടിയിലാണ് നിർണ്ണായക തീരുമാനങ്ങൾ ഉണ്ടായത്. ചരിത്രത്തിലാദ്യമായി ജപ്പാന്റെ മിസൈൽ പരീക്ഷണങ്ങൾക്കും സൈനിക അഭ്യാസങ്ങൾക്കുമായി ഇന്ത്യൻ ഫയറിങ് റേഞ്ചുകൾ വിട്ടുനൽകാനും ഇരുരാജ്യങ്ങളും തമ്മിൽ ധാരണയായി.
ഇന്ത്യൻ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ എന്നിവരും ജപ്പാന്റെ പ്രതിരോധ മന്ത്രി ഷിൻജിറോ കൊയ്‌സുമി, വിദേശകാര്യ മന്ത്രി തോഷിമിത്സു മൊട്ടേഗി എന്നിവരുമാണ് ഉച്ചകോടിയിൽ പങ്കെടുത്തത്.പാകിസ്താന്റെ പിന്തുണയോടെ പ്രവർത്തിക്കുന്ന ലഷ്‌കർ-ഇ-തൊയ്ബ (LeT), ജയ്‌ഷെ മുഹമ്മദ് (JeM), അൽ ഖ്വയ്ദ, ഐസിസ് തുടങ്ങിയ ഭീകരസംഘടനകൾക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിക്കണമെന്ന് ഉച്ചകോടിക്ക് ശേഷം പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിൽ ഇരുരാജ്യങ്ങളും ആവശ്യപ്പെട്ടു. ഭീകരരുടെ സുരക്ഷിത താവളങ്ങൾ തകർക്കാനും, ഭീകരപ്രവർത്തനങ്ങൾക്കുള്ള സാമ്പത്തിക സ്രോതസ്സുകൾ ഇല്ലാതാക്കാനും, അതിർത്തി കടന്നുള്ള നുഴഞ്ഞുകയറ്റം തടയാനും സംയുക്തമായി പ്രവർത്തിക്കും.
പ്രതിരോധ രംഗത്ത് ഇരുരാജ്യങ്ങളും തമ്മിലുള്ള വിശ്വാസം ഊട്ടിയുറപ്പിക്കുന്ന സുപ്രധാന കരാറാണ് മിസൈൽ പരീക്ഷണങ്ങളുമായി ബന്ധപ്പെട്ട് ഒപ്പുവെച്ചത്. ഇത് സംബന്ധിച്ച സമ്മതപത്രത്തിൽ (Letter of Intent) ഇരുരാജ്യങ്ങളും ഒപ്പുവെച്ചു. അടുത്ത വർഷം മുതൽ ജപ്പാൻ സെൽഫ് ഡിഫൻസ് ഫോഴ്‌സ് (JSDF) ഇന്ത്യയിലെ ഫയറിങ് റേഞ്ചുകളിൽ തത്സമയ മിസൈൽ പരീക്ഷണങ്ങൾ (Live-fire drills) നടത്തും. ദീർഘദൂര മിസൈലുകൾ പരീക്ഷിക്കാൻ സ്വന്തം രാജ്യത്ത് ആവശ്യത്തിന് സ്ഥലസൗകര്യമില്ലാത്തതാണ് ജപ്പാനെ ഇന്ത്യയുടെ സഹായം തേടാൻ പ്രേരിപ്പിച്ചത്. ഒഡീഷ തീരത്തെ ചാന്ദിപ്പൂരിലുള്ള ഡിആർഡിഒയുടെ ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ച് (ITR) ഇതിനായി ഉപയോഗിക്കാനാണ് സാധ്യത.ആദ്യമായാണ് ജപ്പാൻ സൈന്യം ഇന്ത്യൻ മണ്ണിൽ മിസൈൽ പരീക്ഷണം നടത്തുന്നത്.
ഇൻഡോ-പസഫിക് മേഖലയിൽ ചൈനയുടെ വർദ്ധിച്ചുവരുന്ന കടന്നുകയറ്റങ്ങൾക്കിടെയാണ് ഇന്ത്യയും ജപ്പാനും പ്രതിരോധ സഹകരണം ശക്തമാക്കുന്നത് എന്നത് ശ്രദ്ധേയമാണ്. ‘ഡിസൈൻ വിത്ത് ജപ്പാൻ, മേക്ക് ഇൻ ഇന്ത്യ’ എന്ന പദ്ധതിയിലൂടെ പ്രതിരോധ ഉപകരണങ്ങളുടെ സംയുക്ത നിർമ്മാണവും സാങ്കേതികവിദ്യാ കൈമാറ്റവും വേഗത്തിലാക്കാനും ഉച്ചകോടിയിൽ തീരുമാനമായി. ഇന്ത്യൻ നാവികസേനയുടെ യുദ്ധക്കപ്പലുകൾക്കായി സ്റ്റെൽത്ത് ആന്റിന മാസ്റ്റുകൾ നിർമ്മിക്കുന്ന ‘യൂണിക്കോൺ’ (UNICORN) പദ്ധതിക്ക് ഉടൻ അന്തിമരൂപം നൽകാനും ധാരണയായിട്ടുണ്ട്. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ 75-ാം വാർഷികം ആഘോഷിക്കുന്ന 2027-ൽ അടുത്ത ‘ടു പ്ലസ് ടു’ ഉച്ചകോടി ഇന്ത്യയിൽ വെച്ച് നടത്താനും തീരുമാനിച്ചു.







