ധാക്ക: കാഴ്ചപരിമിതരുടെ പുരുഷ ഏഷ്യാ കപ്പ് ക്രിക്കറ്റ് ഫൈനൽ മഴമൂലം ഉപേക്ഷിച്ചതിന് പിന്നാലെ പാക്കിസ്ഥാനെ ഏകപക്ഷീയമായി വിജയികളായി പ്രഖ്യാപിച്ച നടപടിയിൽ പ്രതിഷേധിച്ച് ഇന്ത്യൻ ടീം സമ്മാനദാനച്ചടങ്ങ് ബഹിഷ്കരിച്ചു. ധാക്കയിലെ എബിജി സ്പോർട്സ് സിറ്റി ഗ്രൗണ്ടിൽ വെള്ളിയാഴ്ച നടക്കേണ്ടിയിരുന്ന ഇന്ത്യ–പാക്കിസ്ഥാൻ കലാശപ്പോരാട്ടം കനത്ത മഴയെത്തുടർന്ന് ടോസ് പോലുമിടാതെ ഉപേക്ഷിക്കുകയായിരുന്നു. ഇതോടെ ലീഗ് ഘട്ടത്തിലെ മികച്ച നെറ്റ് റൺറേറ്റിന്റെ അടിസ്ഥാനത്തിൽ പാക്കിസ്ഥാനെ ചാംപ്യന്മാരായി പ്രഖ്യാപിക്കാൻ മാച്ച് റഫറി തീരുമാനിച്ചതാണ് വൻ വിവാദത്തിന് തിരികൊളുത്തിയത്.
വേൾഡ് ബ്ലൈൻഡ് ക്രിക്കറ്റ് കൗൺസിൽ (ഡബ്ല്യുബിസിസി) പ്രസിഡന്റും പാക്കിസ്ഥാൻ ബ്ലൈൻഡ് ക്രിക്കറ്റ് കൗൺസിൽ തലവനുമായ സുൽത്താൻ ഷായുടെ ഇടപെടലാണ് ഈ അട്ടിമറിക്ക് പിന്നിലെന്ന് ക്രിക്കറ്റ് അസോസിയേഷൻ ഫോർ ദ് ബ്ലൈൻഡ് ഇൻ ഇന്ത്യ (സിഎബിഐ) ആരോപിച്ചു. രാവിലെ 11.30-ന് ആരംഭിക്കേണ്ടിയിരുന്ന മത്സരം ചുഴലിക്കാറ്റിനെത്തുടർന്നുള്ള തുടർച്ചയായ മഴകാരണം വൈകിട്ട് 4.15-ഓടെയാണ് ഉപേക്ഷിച്ചതായി പ്രഖ്യാപിച്ചത്. ഫൈനൽ ഉപേക്ഷിച്ച സാഹചര്യത്തിൽ ഇന്ത്യയെയും പാക്കിസ്ഥാനെയും സംയുക്ത വിജയികളായി പ്രഖ്യാപിക്കണമെന്നായിരുന്നു ഇന്ത്യയുടെ ആവശ്യം. ടൂർണമെന്റ് ചട്ടങ്ങളുടെ 27-ാം വകുപ്പ് പ്രകാരം ഇത്തരം സാഹചര്യങ്ങളിൽ സംയുക്ത വിജയികളെ പ്രഖ്യാപിക്കാമെന്ന ഇന്ത്യയുടെ വാദം ഡബ്ല്യുബിസിസി ടെക്നിക്കൽ കമ്മിറ്റി തുടക്കത്തിൽ അംഗീകരിച്ചിരുന്നതായും സിഎബിഐ വ്യക്തമാക്കി.
എന്നാൽ, സുൽത്താൻ ഷായും ടെക്നിക്കൽ കമ്മിറ്റി ഡയറക്ടറും ചേർന്ന് മാച്ച് റഫറിയെയും അംപയർമാരെയും സ്വാധീനിച്ച് ഈ തീരുമാനം അട്ടിമറിക്കുകയായിരുന്നുവെന്ന് സിഎബിഐ പ്രസ്താവനയിൽ കുറ്റപ്പെടുത്തി. ലീഗ് ഘട്ടത്തിൽ പാക്കിസ്ഥാൻ അവസാന പന്തിൽ ഇന്ത്യയെ തോൽപ്പിച്ചിരുന്നതിനാൽ, ആ മത്സരത്തിലെ നെറ്റ് റൺറേറ്റ് മുൻനിർത്തി പാക്കിസ്ഥാനെ ജേതാക്കളാക്കാൻ അവസാന നിമിഷം പുതിയ നിയമമുണ്ടാക്കുകയായിരുന്നുവെന്ന് സിഎബിഐ പ്രസിഡന്റ് മഹന്തേഷ് ജി.കെ. ആരോപിച്ചു. ഇതൊരു കറുത്ത ദിനമാണെന്നും അർഹിക്കാത്ത കിരീടം ഏറ്റുവാങ്ങാൻ പാക്കിസ്ഥാൻ ലജ്ജിക്കണമെന്നും അദ്ദേഹം തുറന്നടിച്ചു. ഭാവിയിൽ രാജ്യാന്തര ടൂർണമെന്റുകളിൽ പാക്കിസ്ഥാനെതിരെ കളിക്കുന്നത് ബഹിഷ്കരിക്കുന്ന കാര്യം പോലും ആലോചിക്കേണ്ടി വരുമെന്നും ഇന്ത്യൻ അസോസിയേഷൻ മുന്നറിയിപ്പ് നൽകി.
ഫൈനൽ പോരാട്ടം ഒരു പന്തുപോലും എറിയാതെ മുടങ്ങിയ സാഹചര്യത്തിൽ നെറ്റ് റൺറേറ്റ് അടിസ്ഥാനമാക്കി വിജയികളെ തീരുമാനിക്കുന്നത് ക്രിക്കറ്റ് ചട്ടങ്ങൾക്ക് വിരുദ്ധമാണെന്ന് ഇന്ത്യൻ ക്യാപ്റ്റൻ ടി. ദുർഗ റാവുവും സിഎബിഐ ജനറൽ സെക്രട്ടറി ശൈലേന്ദ്ര യാദവും വ്യക്തമാക്കി. നിലവിലെ ചാംപ്യന്മാരായി ടൂർണമെന്റിനെത്തിയ ഇന്ത്യ, തങ്ങൾക്ക് നീതി ലഭിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ട്രോഫി വിതരണ ചടങ്ങിൽ നിന്ന് വിട്ടുനിന്നത്.









