ന്യൂഡൽഹി : ലോകത്തെ എല്ലാ നാഗരികതകൾക്കും തുല്യമായ അംഗീകാരവും ശബ്ദവും നൽകണമെന്ന് ആഹ്വാനം ചെയ്ത് ഷാങ്ഹായ് സഹകരണ സംഘടനയുടെ (എസ് സി ഒ) ആദ്യ സിവിലൈസേഷണൽ ഡയലോഗ് ഫോറം സമാപിച്ചു. മൂന്ന് ദിവസം നീണ്ടുനിന്ന സമ്മേളനത്തിന്റെ സമാപനത്തിൽ ‘ഇന്ദ്രപ്രസ്ഥ കമ്മ്യൂണിക്ക്’ എന്ന പേരിൽ അന്തിമ പ്രഖ്യാപനം അംഗീകരിച്ചു. സാംസ്കാരിക പൈതൃകം സംരക്ഷിക്കുക, രാജ്യങ്ങൾ തമ്മിലുള്ള ചരിത്രപരമായ ബന്ധങ്ങൾ ശക്തിപ്പെടുത്തുക, അനധികൃതമായി കടത്തുന്ന പുരാവസ്തുക്കളെയും സാംസ്കാരിക വസ്തുക്കളെയും സംരക്ഷിക്കുക എന്നിവയാണ് പ്രഖ്യാപനത്തിലെ പ്രധാന ലക്ഷ്യങ്ങൾ. നവംബർ 20ന് ഡൽഹിയിലെ ചരിത്രപ്രസിദ്ധമായ പുരാന ഖിലയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് സമ്മേളനം ഉദ്ഘാടനം ചെയ്തത്. വിവിധ എസ്സിഒ അംഗരാജ്യങ്ങളിൽ നിന്നുള്ള മന്ത്രിമാരും നയതന്ത്ര പ്രതിനിധികളും ചരിത്രകാരന്മാരും ഗവേഷകരും സാംസ്കാരിക രംഗത്തെ പ്രമുഖരും സമ്മേളനത്തിൽ പങ്കെടുത്തു.
ഇന്ത്യയുടെ അധ്യക്ഷതയിൽ നടന്ന സമ്മേളനത്തിൽ സംഗീതം, നൃത്തം, കല, വാസ്തുവിദ്യ, സാഹിത്യം, ഭാഷകൾ, പരമ്പരാഗത വസ്ത്രനിർമാണം, ഭക്ഷണരീതികൾ, കായിക വിനോദങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ വിശദമായ ചർച്ചകൾ നടന്നു. ഇന്ത്യയും മധ്യേഷ്യയും ചൈനയും ഉൾപ്പെടെയുള്ള രാജ്യങ്ങൾ തമ്മിൽ നൂറ്റാണ്ടുകളായി നിലനിന്ന വ്യാപാര-സാംസ്കാരിക ബന്ധങ്ങളും ചർച്ചയായി. ബുദ്ധ സന്യാസിമാർ, വ്യാപാരികൾ, യാത്രികർ, പണ്ഡിതർ എന്നിവർ വിവിധ രാജ്യങ്ങൾക്കിടയിൽ അറിവും ആശയങ്ങളും കൈമാറിയ ചരിത്രവും സമ്മേളനത്തിൽ വിലയിരുത്തി. പുരാതന ഗ്രന്ഥങ്ങൾ ഡിജിറ്റൽ രൂപത്തിലാക്കുക, വിവിധ ഭാഷകളിലേക്ക് വിവർത്തനം ചെയ്യുക, മ്യൂസിയങ്ങളും സർവകലാശാലകളും തമ്മിൽ സഹകരണം വർധിപ്പിക്കുക, യുവജനങ്ങൾക്കും കലാകാരന്മാർക്കും രാജ്യാന്തര വിനിമയ അവസരങ്ങൾ ഒരുക്കുക തുടങ്ങിയ നിർദേശങ്ങളും ഉയർന്നു. സാംസ്കാരിക പൈതൃകം പഴയകാലത്തിന്റെ ഓർമ മാത്രമല്ലെന്നും ഇന്നത്തെ സമൂഹത്തെയും ഭാവി തലമുറകളെയും സ്വാധീനിക്കുന്ന ജീവിക്കുന്ന പാരമ്പര്യമാണെന്നും കേന്ദ്ര സാംസ്കാരിക മന്ത്രി ഗജേന്ദ്ര സിങ് ഷെഖാവത്ത് ചൂണ്ടിക്കാട്ടി.
സമ്മേളനത്തിലെ ശ്രദ്ധേയമായ സാന്നിധ്യങ്ങളിലൊന്ന് പാകിസ്താൻ ഫെഡറൽ മന്ത്രി മുസദ്ദിഖ് മാലിക്കിന്റേതായിരുന്നു. ഇന്ത്യയും പാകിസ്താനും തമ്മിൽ സമ്മേളനത്തിന്റെ ഭാഗമായി ഔദ്യോഗിക ഉഭയകക്ഷി ചർച്ചകൾ നടന്നിട്ടില്ലെന്ന് കേന്ദ്ര സാംസ്കാരിക സെക്രട്ടറി വിവേക് അഗർവാൾ വ്യക്തമാക്കി. എന്നാൽ വിരുന്നുകളിലും മറ്റ് പരിപാടികളിലും ഇരുരാജ്യങ്ങളിലെയും പ്രതിനിധികൾ തമ്മിൽ അനൗപചാരിക ആശയവിനിമയം നടന്നതായി അദ്ദേഹം പറഞ്ഞു. യുദ്ധങ്ങളും സംഘർഷങ്ങളും നിറഞ്ഞ ആഗോള സാഹചര്യത്തിൽ രാജ്യങ്ങൾക്കിടയിൽ വിശ്വാസവും സൗഹൃദവും വളർത്താൻ സാംസ്കാരിക സംവാദങ്ങൾക്ക് വലിയ പങ്കുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടന പ്രസംഗത്തിൽ വ്യക്തമാക്കിയിരുന്നു. ‘വസുധൈവ കുടുംബകം’ എന്ന ലോകം ഒരു കുടുംബമാണെന്ന ആശയവും സമ്മേളനത്തിന്റെ പ്രധാന സന്ദേശമായി ഉയർന്നു. സുരക്ഷാ-സാമ്പത്തിക സഹകരണങ്ങൾക്കപ്പുറം ജനങ്ങൾ തമ്മിലുള്ള ബന്ധവും സാംസ്കാരിക ഐക്യവും ശക്തിപ്പെടുത്താനുള്ള വേദിയായി എസ്സിഒയെ മാറ്റുന്നതിൽ ഇന്ദ്രപ്രസ്ഥ കമ്മ്യൂണിക്ക് പുതിയ ചുവടുവയ്പ്പാകുമെന്നാണ് വിലയിരുത്തൽ.











